തുമ്പിക്കൈക്കും വായയ്ക്കും ഇടയിൽ പരിക്ക് പറ്റിയ ആന അക്രമവാസന കാണിച്ചിരുന്നു. ആനയെ ചികിത്സയ്ക്കായി വയനാട്ടിലേക്ക് കൊണ്ടുപോകും
കണ്ണൂർ കരിക്കോട്ടക്കരി ടൗണിന് സമീപം ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയക്ക് ഗുരുതര പരിക്ക്. ആനയെ മയക്കുവെടി വെയ്ക്കാൻ തീരുമാനമായി. ഇതിനായി വയനാട്ടിൽ നിന്നുള്ള പ്രത്യേക ആർആർടി സംഘം സ്ഥലത്തെത്തും. തുമ്പിക്കൈക്കും വായയ്ക്കും ഇടയിൽ പരിക്ക് പറ്റിയ ആന അക്രമവാസന കാണിച്ചിരുന്നു. ആനയെ ചികിത്സയ്ക്കായി വയനാട്ടിലേക്ക് കൊണ്ടുപോകും. വനം വകുപ്പിന്റെ ജീപ്പും ആന ആക്രമിക്കാൻ ശ്രമിച്ചിരുന്നു.
ആനയുടെ ജീവൻ രക്ഷിക്കുകയെന്നത് ശ്രമകരമാണെന്നാണ് എസിഎഫ് വ്യക്തമാക്കുന്നത്. ആനയുടെ താടിയെല്ല് പൊട്ടിയ നിലയിലാണ്. നിലവിൽ ആനയെ വനത്തിലേക്ക് തുരത്തുകയെന്നത് പ്രായോഗികമല്ല. ചികിത്സ നൽകുകയെന്നതിനാണ് പ്രാഥമിക പരിഗണനയെന്നും എസിഎഫ് വി. രതീശൻ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് കരിക്കോട്ടക്കരി പൊലീസ് സ്‌റ്റേഷനു സമീപം കാട്ടാനകളെ ആദ്യം കണ്ടത്. എടപ്പുഴ റോഡില്‍ വെന്തചാപ്പയിലെ ജോഷിയുടെ വീടിന്റെ സമീപം നിലയുറപ്പിച്ചിരിക്കുകയാണ് ആന. തുടർന്ന് അയ്യങ്കുന്ന് പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. കൂമന്തോട്, എടപ്പുഴ, ഈന്തുംകരി വാർഡുകളിലാണ് നിരോധനാജ്ഞയുള്ളത്. എടപ്പുഴ റോഡില്‍ ആന ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
കരിക്കോട്ടക്കരിയില്‍ എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ വാഹനത്തെ ആക്രമിക്കാനും ആന ശ്രമിച്ചു. ഈ സാഹചര്യത്തിൽ പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കരിക്കോട്ടക്കരി പൊലീസും സ്ഥലത്തുണ്ട്. കഴിഞ്ഞദിവസം കീഴ്പ്പള്ളി വട്ടപ്പറമ്പ് മേഖലയിലും കാട്ടാനയെത്തിയിരുന്നു. തുടർന്ന് നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആനയെ പുഴ കടത്തിവിട്ടു.