ദുരിതബാധിതപ്രദേശത്ത് നേരിട്ടെത്തി അമ്മമാരുമായി കൂടിക്കാഴ്ച നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്
കാസർഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങി വനിതാ കമ്മീഷന്‍. ദുരിതബാധിതരുടെ അമ്മമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ തുടർച്ചയായി ഉയർത്തിയിട്ടും നടപടി ഉണ്ടാവുന്നില്ലെന്ന പരാതിക്കിടയിലാണ് വനിതാ കമ്മീഷൻ്റെ ഇടപെടൽ. എൻഡോസൾഫാൻ ഇരകളായ കുട്ടികളുടെ പ്രശ്നങ്ങൾ പലപ്പോഴും ചർച്ചയാകാറുണ്ടെങ്കിലും ഏറ്റവുംകൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത് കുട്ടികളുടെ അമ്മമാരാണ്. അമ്മമാരുടെ പരാതികൾ പരിഹരിക്കുന്നതിനായി ആദ്യഘട്ടത്തിൽ വിശദമായ പഠനം നടത്തുകയാണ് വനിതാ കമ്മീഷൻ.
ദുരിതബാധിതപ്രദേശത്ത് നേരിട്ടെത്തി അമ്മമാരുമായി കൂടിക്കാഴ്ച നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. ദുരിത ബാധിത മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ പദ്ധതികളുടെ നിലവിലെ സാഹചര്യവും പരിശോധിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുടെ അമ്മമാര്‍ക്ക് വൈദ്യ പരിശോധനാ ക്യാമ്പുകള്‍, ആഴ്ചയില്‍ വീടുകളില്‍ വന്നുപോകുന്ന കൗണ്‍സിലര്‍മാരുടെ സേവനം, ബഡ്‌സ് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി കാര്യക്ഷമമാക്കല്‍ തുടങ്ങി വിവിധ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാറിന് നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും.
ALSO READ: തെരച്ചിൽ തുടരണം; അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രിയെ കാണും
സെന്‍ട്രലൈസ്ഡ് പാലിയേറ്റീവ് കെയര്‍ ഹോസ്പിറ്റല്‍, പുനരധിവാസ കേന്ദ്രം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുടെ രക്ഷിതാക്കളുടെ കടം എഴുതി തള്ളുക, മരുന്ന് വിതരണം കാര്യക്ഷമമാക്കുക, ദുരിതബാധിതരുടെ കുടുംബത്തിലെ ഒരു അംഗത്തിന് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് സര്‍ക്കാര്‍ ജോലി നൽകുക, ബഡ്‌സ് സ്‌കൂളുകളില്‍ തെറാപിസ്റ്റുകളുടെ സേവനം ഉറപ്പാക്കുക, പെന്‍ഷന്‍ വിതരണം സുഗമമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് ദുരിത ബാധിതമേഖലയിലെ സ്ത്രീകളുടെ പ്രതിനിധികള്‍ കമ്മീഷനെ നിലവിൽ അറിയിച്ചത്. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പരിഹാരനിർദേശം കൂടി ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് വനിതാ കമ്മീഷൻ സർക്കാരിന് ഉടൻ കൈമാറും.