മന്ത്രിമാർ അവരവരുടെ ധാർമികത ഒന്നുകൂടി പരിശോധിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു
മന്ത്രി സജി ചെറിയനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മങ്കൂട്ടത്തിൽ. ഉളുപ്പും ധാർമികതയുമുണ്ടെങ്കിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സ്ഥാനം സജി ചെറിയാൻ രാജി വെക്കണം. മന്ത്രിമാർ അവരവരുടെ ധാർമികത ഒന്നുകൂടി പരിശോധിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
സർക്കാർ വേട്ടക്കാർക്ക് ഒപ്പമാണ്. അവർക്ക് ബ്രീതിങ് ടൈം കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഗുരുതര ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട ഒരു റിപ്പോർട്ടന്റെ മുകളിൽ അടയിരുന്ന സർക്കാരാണ് പിണറായി സർക്കാർ എന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ALSO READ: ലൈംഗികാരോപണം; സിദ്ദീഖിനെതിരെയും പൊലീസ് പ്രാഥമിക അന്വേഷണം നടത്തും
AMMA-യിലെ ആളുകളുടെ രാഷ്ട്രീയം എന്ത് ആയാലും നടപടി എടുക്കണം. കോൺഗ്രസ് ആയാലും കമ്മ്യൂണിസ്റ്റ് ആയാലും ബിജെപി ആയാലും ശിക്ഷിക്കപ്പെടണം. ആരോപണങ്ങളിൽ നടപടി ഉണ്ടാകുന്നതുവരെ സമരങ്ങളും പ്രക്ഷോഭങ്ങളുമായി യൂത്ത് കോൺഗ്രസ് മുന്നോട്ട് പോകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ മുന്നറിയിപ്പ് നൽകി.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തും AMMA ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദീഖും രാജിവച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു. രണ്ടുപേരുടെയും രാജി സ്വാഗതാർഹമാണ്. ഇതിൽ എല്ലാം അവസാനിക്കുമെന്ന് സർക്കാർ കരുതരുത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവയ്ക്കുകയും പുറത്തുവിട്ട റിപ്പോർട്ടിൽ കൃത്രിമം കാട്ടുകയും വേട്ടക്കാരെ സംരക്ഷിക്കാൻ ഇരകളെ തള്ളിപ്പറയുകയും ചെയ്ത സജി ചെറിയാനും മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.