സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രശ്നങ്ങളിലൊന്നായി ഇത്തവണത്തെ തൃശൂർ പൂരം മാറിയിരിക്കുകയാണ്
പൂരം വിവാദം കത്തി നിൽക്കെ പ്രതീകാത്മക പ്രതിഷേധ പൂരം സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്. മുഖ്യമന്ത്രിയുടെ ഒത്താശയോടെ പൂരം കലക്കിയെന്ന് ആരോപിച്ചാണ് തൃപ്രയാറിൽ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. ആനയും മേളവും കുടമാറ്റവും നിറഞ്ഞ് നിന്ന പ്രതിഷേധ പൂരം കാഴ്ച്ക്കാർക്കും കൗതുകമായി.
പൂരം നടന്ന് അഞ്ച് മാസം പിന്നിട്ടിട്ടും വിവാദങ്ങളും തർക്കങ്ങളും അവസാനിക്കുന്നില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രശ്നങ്ങളിലൊന്നായി ഇത്തവണത്തെ തൃശൂർ പൂരം മാറി. അതിൻ്റെ ചുവട് പിടിച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധ പൂരം നടത്തിയത്. ആനയും ചെണ്ടയും ഇലത്താളവും, കൊമ്പും, അണി നിരന്ന പ്രതിഷേധ പൂരത്തിൽ കുടമാറ്റമായിരുന്നു ഏറെ വ്യത്യസ്തം . പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും വരെ കുടകളുടെ രൂപത്തിലെത്തിയ ചിത്രങ്ങളായി. എ.ഡി.ജി.പി അജിത്ത് കുമാറിൻ്റെയും പ്രകാശ് ജാവേദ്കറിൻ്റെയിം ഇ.പി.ജയരാജൻ്റെയും ആംബുലൻസിൻ്റെയുമൊക്കെ കുടകൾ പിന്നെയുമെത്തി.
ALSO READ: ചാടിപ്പോയ ഹനുമാൻ കുരങ്ങുകൾ തിരികെയെത്തിയില്ല; തിരുവനന്തപുരം മൃഗശാലക്ക് ഇന്ന് അവധി
യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് വേറിട്ട പ്രതിഷേധം നടത്തിയത്. തൃപ്രയാർ ബസ്സ്റ്റാൻ്റ് പരിസരത്ത് നടന്ന പ്രതിഷേധ പൂരം ഡി.സി.സി ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. പൂരം വിവാദം അവസാനിക്കാതെ തുടരുമ്പോൾ അതിനെ രാഷ്ട്രീയ പ്രശ്നമായി ഉയർത്തി പ്രചാരണം നടത്താനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ചേലക്കര ഉപതെരഞ്ഞെടുപ്പ് കൂടി മുന്നിൽ നിൽക്കെ ജില്ല ശക്തമായ പ്രതിഷേധങ്ങൾക്ക് വേദിയാകുമെന്നാണ് നേതാക്കൾ പങ്കുവെയ്ക്കുന്ന വിവരം.