ആക്രമണം നടക്കുന്നതിന്റെ എത്രയോ മുമ്പാണ് താരത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചതെന്നാണ് നീരജ് പറയുന്നത്
പാക് ഒളിമ്പ്യന്‍ അര്‍ഷദ് നദീമിനെ എന്‍സി ക്ലാസിക് ഇവന്റിലേക്ക് ക്ഷണിച്ചതിന് പിന്നാലെയുണ്ടായ വിവാദത്തില്‍ മറുപടിയുമായി ജാവലിന്‍ അത്‌ലറ്റ് നീരജ് ചോപ്ര. മെയ് 24ന് ബെംഗളൂരുവില്‍ വെച്ച് നടക്കാനിരുന്ന പരിപാടിയിലേക്ക് ലോക താരങ്ങളെ ക്ഷണിക്കുന്നതിനിടെയാണ് പാക് ഒളിമ്പ്യനെയും ക്ഷണിച്ചത്. എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അര്‍ഷദ് നദീമിനെ ക്ഷണിച്ചത് വിവാദമാവുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി നീരജ് ചോപ്ര തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ആക്രമണം നടക്കുന്നതിന്റെ മുമ്പാണ് താരത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചതെന്നാണ് നീരജ് പറയുന്നത്. മാത്രമല്ല അര്‍ഷദ് ക്ഷണം നിരസിക്കുകയും ചെയ്തു. എക്‌സ് പോസ്റ്റിലൂടെയാണ് നീരജ് ചോപ്ര മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ALSO READ: കടുത്ത നടപടിയുമായി കശ്മീർ പൊലീസ്; ഭീകരരുടെ വീടുകൾ ബോംബിട്ട് തകർത്തു
'സാധാരണ ഞാന്‍ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന വ്യക്തിയാണ്. പക്ഷെ അതിനര്‍ഥം തെറ്റാണെന്ന് കരുതുന്ന ഒന്നിനുമെതിരെ ഞാന്‍ പ്രതികരിക്കില്ലെന്നല്ല. പ്രത്യേകിച്ചും എന്റെ കുടുംബത്തോടുള്ള ബഹുമാനവും ആദരവും എന്റെ രാജ്യസ്‌നേഹവും ചോദ്യം ചെയപ്പെടുമ്പോള്‍. നീരജ് ചോപ്ര ക്ലാസിക് ഇവന്റിലേക്ക് മത്സരിക്കാന്‍ അര്‍ഷദ് നദീമിനെ ക്ഷണിച്ചതില്‍ നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതില്‍ പലതും വിദ്വേഷവും അസഭ്യങ്ങളുമാണ്. എന്റെ കുടുംബത്തെ പോലും അവര്‍ അതില്‍ നിന്ന് മാറ്റി നിര്‍ത്തിയില്ല. അര്‍ഷദിനെ ക്ഷണിച്ചത് ഒരു അത്‌ലറ്റ് മറ്റൊരു അത്‌ലറ്റിനെ ക്ഷണിക്കുന്നതാണ്. അതിലപ്പുറം ഒന്നുമില്ല. മികച്ച അത്‌ലറ്റുകളെ ഇന്ത്യയിലെത്തിച്ച് രാജ്യത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌പോര്‍ട്ട്‌സ് പരിപാടികള്‍ നടക്കുന്ന കേന്ദ്രമാക്കുക എന്നതായിരുന്നു ലക്ഷ്യം. എല്ലാവരെയും ക്ഷണിച്ചത് തിങ്കളാഴ്ചയാണ്. പഹല്‍ഗാമില്‍ ആക്രമണം നടക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ്,' നീരജ് ചോപ്ര പറഞ്ഞു.
അടുത്ത 48 മണിക്കൂറില്‍ എല്ലാം തകിടം മറിഞ്ഞാലും എന്‍സി ക്ലാസിക്കിലെ അര്‍ഷദിന്റെ പ്രാതിനിധ്യം ചര്‍ച്ചയ്‌ക്കെടുക്കേണ്ടതിന്റെ ആവശ്യം ഒട്ടുമില്ല. എന്റെ രാജ്യവും രാജ്യ താത്പര്യവും തന്നെയാണ് എപ്പോഴും മുന്നില്‍ നില്‍ക്കുക. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്നവര്‍ക്കൊപ്പം തന്നെയാണ് ഞാന്‍ നില്‍ക്കുന്നത്. എന്റെ പ്രാര്‍ഥന എപ്പോഴും അവര്‍ക്കൊപ്പമുണ്ട്. ആക്രമണം നടന്നതില്‍ അതിയായ ദേഷ്യവും വേദനയുമുണ്ടെന്നും നീരജ് ചോപ്ര പറഞ്ഞു.
ALSO READ: തിരിച്ചടിച്ച് ഇന്ത്യ; ലഷ്‌കർ ഇ ത്വയ്ബ കമാന്‍ഡറെ വധിച്ചു
'ഒരു രാജ്യമെന്ന നിലയ്ക്ക് ഇതിന് നമ്മള്‍ തിരിച്ചടി നല്‍കും. നീതി ഉറപ്പാക്കും. ഞാന്‍ എന്റെ രാജ്യത്തെ അത്രയേറെ അഭിമാനത്തോടെയാണ് കൊണ്ടു നടക്കുന്നത്. അതുകൊണ്ട് തന്നെ എന്റെ സത്യസന്ധത ചോദ്യം ചെയ്യുന്നത് എന്നെ വേദനിപ്പിക്കും. എന്നെയും എന്റെ കുടുംബത്തെയും ലക്ഷ്യം വെക്കുന്നവരോട് ഇങ്ങനെ ഒരാവശ്യവുമില്ലാതെ കാര്യങ്ങള്‍ വശദീകരിക്കേണ്ടി വരുന്നതില്‍ വിഷമമുണ്ട്. ഞങ്ങള്‍ വളരെ സാധാരണക്കാരാണ്. ഞങ്ങളെ മറ്റെന്തെങ്കിലുമാക്കി മാറ്റാന്‍ ശ്രമിക്കരുത്,' നീരജ് ചോപ്ര പറഞ്ഞു.
ചില മാധ്യമങ്ങള്‍ തന്നെക്കുറിച്ച് ചില മോശം കഥകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഞാന്‍ ഒന്നും സംസാരിക്കാതിരിക്കുന്നത് കൊണ്ട് മാത്രം അതൊന്നും സത്യമാകില്ല. ആളുകള്‍ എങ്ങനെയാണ് പെട്ടെന്ന് അഭിപ്രായങ്ങള്‍ മാറ്റുന്നത് എന്ന് മനിസലാക്കാനാവുന്നില്ല. ഒരു വര്‍ഷം മുമ്പ് തന്റെ അമ്മ, അവര്‍ വളരെ സാധാരണമായി, ഒന്നും ചിന്തിക്കാതെ ഒരു കാര്യം പറഞ്ഞപ്പോള്‍ അതിന് അഭിനന്ദന പ്രവാഹമായിരുന്നു. ഇന്ന് അതേ ആളുകള്‍ അതേ പ്രസ്താവനയ്ക്ക് അവരെ മോശമാക്കി സംസാരിക്കുന്നു. ഇങ്ങനെ ഒക്കെ സംഭവിക്കുമ്പോഴും ലോകം ഇന്ത്യയെ ഓര്‍ക്കും എന്ന് ഉറപ്പിക്കുന്നതിനായി കഠിനാധ്വാനം ചെയ്യും എന്ന് ഓര്‍മിപ്പിക്കുന്നതായും നീരജ് ചോപ്ര പറഞ്ഞു.