ഏപ്രില്‍ 27നകം പാക് പൗരന്മാര്‍ ഇന്ത്യ വിടണമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്
പാകിസ്ഥാന്‍ പൗരന്‍മാര്‍ക്കുള്ള വിസ റദ്ദാക്കിയതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയിലുള്ള പാക് പൗരന്മാരെ മടക്കി അയയ്ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിമാര്‍ക്ക് അമിത് ഷായുടെ നിര്‍ദേശം.
ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് നിര്‍ദേശം. ഏപ്രില്‍ 27നകം പാക് പൗരന്മാര്‍ ഇന്ത്യ വിടണമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യ നയതന്ത്ര തലത്തില്‍ കര്‍ശന നടപടി സ്വീകരിച്ചത്.
ALSO READ: ISRO മുന്‍ ചെയര്‍മാന്‍ ഡോ. കെ. കസ്തൂരിരംഗന്‍ അന്തരിച്ചു
കഴിഞ്ഞ ദിവസം ചേര്‍ന്ന കാബിനറ്റ് കമ്മിറ്റിയുടെ സുരക്ഷാ യോഗത്തിന് പിന്നാലെ കേന്ദ്രം പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചു. വാഗാ-അട്ടാരി അതിര്‍ത്തി അടയ്ക്കുകയും ചെയ്തിരുന്നു. ദശാബ്ദങ്ങള്‍ പഴക്കമുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കിയതാണ് അതില്‍ ഏറ്റവും നിര്‍ണായകമായ നീക്കം. കരാര്‍ റദ്ദാക്കിയതോടെ പാക് കിഴക്കന്‍ മേഖലയിലെ ജല ലഭ്യതയെ ഇത് പൂര്‍ണമായി ബാധിക്കും.
കരാറില്‍ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം പാകിസ്ഥാന് നല്‍കുക ദൂരവ്യാപക പ്രതിസന്ധിയാണ്. ഭീകരാക്രമണത്തിന് അതിര്‍ത്തി കടന്നുള്ള പിന്തുണ ലഭിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലും, സമീപകാലത്ത് പാക് പ്രകോപനം കൂടി വരുന്ന പശ്ചാത്തലത്തിലും കൂടിയാണ് ഈ കടുത്ത നീക്കം. കൂടാതെ പാകിസ്ഥാനികള്‍ക്ക് ഇനി വിസ നല്‍കില്ലെന്നും ഇന്ത്യ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെ പാകിസ്ഥാനും നടപടികളിലേക്ക് കടന്നു. ഇതില്‍ പ്രധാനം ഇന്ത്യ-പാക് സമാധാന കരാറായ ഷിംല കരാര്‍ റദ്ദാക്കിയതാണ്. സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെയാണ് പാകിസ്ഥാന്റെ നീക്കം. ഇതിന് പിന്നാലെ പാകിസ്ഥാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ അനുവദിക്കില്ലെന്നും രാജ്യത്തുള്ള ഇന്ത്യന്‍ പൗരന്മാര്‍ 72 മണിക്കൂറിനകം പോകണമെന്നും നിര്‍ദേശിച്ചിരുന്നു. ഇന്ത്യയിലെ പാക് എംബസി അവസാനിപ്പിക്കാനും തീരുമാനമായി.