ബിസിസിഐ ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് ഹർഭജന്റെ ഈ പ്രതികരണം
ചാംപ്യൻസ് ട്രോഫി ടീമിൽ റിഷഭ് പന്തല്ല, സഞ്ജു സാംസണാണ് കളിക്കേണ്ടതെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ബിസിസിഐ ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് ഹർഭജന്റെ ഈ പ്രതികരണം.
സഞ്ജു സാംസൺ, റിഷഭ് പന്ത് എന്നിവരിൽ ഞാൻ സഞ്ജുവിനെ തെരഞ്ഞെടുക്കുമെന്നും, സൗത്ത് ആഫ്രിക്കയിൽ സഞ്ജു വളരെ നന്നായി കളിച്ചെന്നും ഹർഭജൻ സിംഗ് പറഞ്ഞു. സഞ്ജുവിന്റെ സമീപകാല ഫോമിൻ്റെ മികവിൽ അദ്ദേഹം ചാംപ്യൻസ് ട്രോഫി ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്. ടെസ്റ്റ് സീസണിന് ശേഷം പന്തിന് വിശ്രമം നൽകണമെന്നും ഹർഭജൻ കൂട്ടിച്ചേർത്തു.
അതേസമയം, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റര്‍ സഞ്ജു സാംസൺ സ്ഥാനം കണ്ടെത്തി. 15 അംഗ ടീമിനെ സൂര്യകുമാർ യാദവായിരിക്കും നയിക്കുക. അക്‌ഷർ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. 14 മാസത്തെ ഇടവേളയ്ക്ക് ശേഷം പേസർ മുഹമ്മദ് ഷമി ടീമിൽ തിരിച്ചെത്തിയത് ഇന്ത്യൻ പേസ് നിരയ്ക്ക് കൂടുതൽ കരുത്തേകും. ജനുവരി 22 ന് കൊൽക്കത്തയിലാണ് അഞ്ച് മത്സരങ്ങളുള്ള പരമ്പര ആരംഭിക്കുന്നത്.