വ്യാഴാഴ്ച മൊണോക്കോയില്‍ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പ് ചടങ്ങിലാണ് താരത്തെ യുവേഫ ആദരിച്ചത്
ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോററായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദരിച്ച് യുവേഫ. യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ റൊണാൾഡോയുടെ ശ്രദ്ധേയമായ നേട്ടങ്ങൾ പരിഗണിച്ചാണ് ആദരം.
വ്യാഴാഴ്ച മൊണോക്കോയില്‍ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പ് ചടങ്ങിലാണ് താരത്തെ യുവേഫ ആദരിച്ചത്. ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പിനിടെ യുവേഫ പ്രസിഡൻ്റ് അലക്സാണ്ടർ സെഫെറിൻ റൊണാൾഡോയ്ക്ക് പ്രത്യേക പുരസ്കാരം കൈമാറി.
ALSO READ: ഇന്ത്യയിലെ ഫുട്ബോൾ മത്സരങ്ങൾ നിയന്ത്രിക്കാൻ ഇനി ചെർപ്പുളശ്ശേരിക്കാരനും
മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവൻ്റസ് എന്നീ ക്ലബ്ബുകളിലായി 183 മത്സരങ്ങളിൽ 140 ഗോളുകളാണ് താരം സ്കോർ ചെയ്തത്. മൂന്ന് ചാമ്പ്യന്‍സ് ലീഗ് ഫൈനലുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡും റോണോയുടെ പേരില്‍ തന്നെ. തുടര്‍ച്ചയായ 11 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ഗോള്‍ സ്‌കോര്‍ ചെയ്ത താരത്തിന്റെ റെക്കോഡ് ഇതുവരെ തകര്‍ക്കപ്പെട്ടിട്ടില്ല. കരിയറില്‍ അഞ്ചു തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ റൊണാള്‍ഡോ 2008-ല്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനൊപ്പമാണ് ആദ്യമായി കിരീടമുയര്‍ത്തുന്നത്.
അതേസമയം സൗദി പ്രോലീഗിൽ അൽ നസ്സറിനായി ഗോൾ നേടിക്കൊണ്ട് കരിയറിൽ 900 ഗോൾ എന്ന സ്വപ്ന നേട്ടത്തിനരികെ എത്തിയിരിക്കുകയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.549 മത്സരങ്ങളിൽ നിന്നാണ് താരം ഈ നാഴികകല്ലിനടുത്തെത്തിയിരിക്കുന്നത്. 838 കരിയർ ഗോളുകളുമായി അർജൻ്റീനയുടെ ലയണൽ മെസ്സിയാണ് ഗോൾവേട്ടയിൽ റൊണാൾഡോയ്ക്ക് പിന്നിൽ. സെപ്തംബർ 13 ന് അൽ-അഹ്‌ലിയെയ്ക്കെതിരെയാണ് അൽ നസ്സറിൻ്റെ അടുത്ത മത്സരം. കരിയറിൽ 900-ാം ഗോൾ എന്ന അപൂർവ്വ നേട്ടത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ പ്രശസ്തമായ 'SIUU' ആഘോഷം നടത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.