ഫിസിക്സ് വാലയുടെ സ്ഥാപകനും സിഇഒയുമായ അലാഖ് പാണ്ഡെ ഇൻസ്റ്റഗ്രാമിലൂടെയാണ് കുമാറിന്റെ പ്രചോദനാത്മകമായ കഥ ലോകത്തെ അറിയിച്ചത്
ഒന്നുമില്ലായ്മയിൽ നിന്ന് വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച നിരവധി പ്രതിഭകളുടെ കഥകൾ നാം ഒരുപാട് കേട്ടിട്ടുണ്ട്. പാനിപുരി വിറ്റ് ജീവിതമാർഗം കണ്ടെത്തിയിരുന്ന യശസ്വി ജയ്സ്വാൾ ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സ്ഥിര സാന്നിധ്യമായത് ഇത്തരം ഇൻസ്പിരേഷണല്‍ സ്റ്റോറി സാഗയിലെ ഒന്ന് മാത്രമാണ്. അത്തരമൊരു കഥയാണ് ഇപ്പോൾ നോയിഡയിൽ നിന്നും പുറത്ത് വന്നിരിക്കുന്നത്. നോയിഡയിൽ സമൂസ വിറ്റ് ജീവിത മാർഗം കണ്ടെത്തുന്ന കുമാർ ഇന്ന് ഡോക്ടറാകാനുള്ള നീറ്റ് യൂജി പരീക്ഷയിൽ മികച്ച സ്കോർ നേടി വിജയിച്ചിരിക്കുകയാണ്. 700ൽ 644 മാർക്കും
ഫിസിക്സ് വാലയുടെ സ്ഥാപകനും സിഇഒയുമായ അലാഖ് പാണ്ഡെ ഇൻസ്റ്റഗ്രാമിലൂടെയാണ് കുമാറിന്റെ പ്രചോദനാത്മകമായ കഥ ലോകത്തെ അറിയിച്ചത്. പതിനെട്ടുകാരനായ കുമാറിന്റെ ഒരു ദിവസത്തെ ജീവിതചര്യകൾ തന്നെ വളരെ തിരക്കേറിയതാണ്. ഉച്ചയ്ക്ക് 2 മണി വരെ സ്കൂളിൽ ചെലവഴിക്കും. അതിന് ശേഷം സമൂസ വിൽക്കാനായി പോകും. ശേഷം രാത്രി മുഴുവൻ അവൻ തന്റെ എൻട്രൻസ് പരീക്ഷയ്ക്കായി പഠിക്കും. രാത്രി മുഴുവൻ ഞാൻ എൻട്രൻസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരിക്കും. പല ദിവസങ്ങളിലും രാവിലെ എന്റെ കണ്ണുകൾക്ക് വേദന അനുഭവപ്പെടാറുണ്ട്. കുമാർ പറയുന്നു.
ഡോക്ടറാകണം എന്നാണ് ചെറുപ്പം മുതലേ കുമാറിന്റെ ആഗ്രഹം. മരുന്നുകൾ കഴിച്ചാൽ രോഗം മാറും, എന്നാൽ അത് എങ്ങനെ സംഭവിക്കുന്നു എന്നറിയാനുള്ള ആകാംഷയാണ് കുമാറിനെ നീറ്റ് യുജി പരീക്ഷക്കായി തയ്യാറെടുക്കാൻ പ്രേരിപ്പിച്ചത്. "സമൂസ വിൽക്കുന്നത് ഒരിക്കലും എന്റെ ഭാവിയെ നിർവചിക്കുന്നില്ല." കുമാർ പറഞ്ഞു.
11-ാം ക്ലാസ് മുതൽ കുമാർ ഫിസിക്സ് വാലെയിൽ പഠിക്കുന്നുണ്ടെന്നും അലാഖ് പാണ്ഡെ അവന് ആറ് ലക്ഷം രൂപ സ്കോളർഷിപ്പ് വാഗ്ദാനം ചെയ്തിരുന്നെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മെഡിക്കൽ കോളേജിലെ കുമാറിന്റെ ട്യൂഷൻ ഫീസും അലാഖ് സ്പോൺസർ ചെയ്തതായും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫിസിക്സ് വാല പുറത്തുവിട്ട ഒരു വീഡിയോയിൽ, കുമാറിന്റെ മുറി നമുക്ക് കാണാൻ സാധിക്കും. അവിടെ ചുവരിൽ മുഴുവൻ പേപ്പറുകൾ ഒട്ടിച്ചുവച്ചിട്ടുണ്ട്. അവസാനവട്ട ക്വിക്ക് റിവിഷന് വേണ്ടി പോയിന്റുകൾ എഴുതിയാണ് കുമാർ ആ സ്റ്റിക്കി നോട്ടുകൾ ചുമരിൽ ഒട്ടിച്ച് തുടങ്ങിയത്. പിന്നീട് അവന് പഠിക്കാനുള്ള എല്ലാ കാര്യങ്ങളും അവൻ അതിൽ രേഖപ്പെടുത്താൻ തുടങ്ങി.
ബിരുദ മെഡിക്കൽ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന രാജ്യവ്യാപക പ്രവേശന പരീക്ഷയാണ് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (അണ്ടർ ഗ്രാജുവേറ്റ്) അല്ലെങ്കിൽ NEET-UG പരീക്ഷ. അപേക്ഷകരുടെ എണ്ണം കണക്കിലെടുത്താൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ പരീക്ഷയാണിത്. 2024-ൽ 23 ലക്ഷത്തിലധികം വിദ്യാർഥികളാണ് NEET-UG പരീക്ഷയെഴുതിയത്.