fbwpx
ബഷീര്‍ - എം.ടി; അപൂര്‍വമായൊരു ഗുരുശിഷ്യ ബന്ധം
logo

എസ് ഷാനവാസ്

Last Updated : 26 Dec, 2024 06:47 AM

എം.ടിയുടെ എഴുത്തുകളിലെവിടെയെങ്കിലും ബഷീറിയന്‍ ശൈലി കണ്ടെത്തുക പ്രയാസമാണ്

KERALA

വൈക്കം മുഹമ്മദ് ബഷീർ, എം.ടി. വാസുദേവൻ നായർ (Courtesy: Punalur Rajan)


എഴുത്തുവഴിയില്‍ എം.ടി. വാസുദേവന്‍ നായരുടെ ഗുരു ആരായിരിക്കും? സാഹിത്യമേഖലയില്‍ എം.ടിയെ സ്വാധീനിച്ചവരും പ്രചോദിപ്പിച്ചവരും ഏറെയുണ്ട്. അതില്‍ ഗുരുസ്ഥാനീയന്‍ വൈക്കം മുഹമ്മദ് ബഷീറാണെന്ന് പറഞ്ഞാലോ? അതെങ്ങനെ പൊരുത്തപ്പെടുമെന്ന മറ്റൊരു ആലോചന ഉണ്ടായെന്നു വരാം. എഴുത്തില്‍, ശൈലിയില്‍, പദസമ്പത്തില്‍, വിന്യാസത്തില്‍ എന്നുവേണ്ട കാഴ്ചപ്പാടില്‍ തന്നെ രണ്ടറ്റത്തുനില്‍ക്കുന്നവര്‍ തമ്മില്‍ എങ്ങനെയാണ് ഒരു ഗുരു-ശിഷ്യബന്ധം സാധ്യമാകുക? ശരിയാണ്, എം.ടിയുടെ എഴുത്തുകളിലെവിടെയെങ്കിലും ബഷീറിയന്‍ ശൈലി കണ്ടെത്തുക പ്രയാസമാണ്. ഒരു വാക്കിന്റെ നിഴല്‍ പോലും എംടിയുടെ എഴുത്തില്‍ പ്രതിഫലിച്ചിട്ടില്ല. പിന്നെങ്ങനെയാണ് ബഷീര്‍ എം.ടിയുടെ ഗുരു ആകുക? അതിന് എം.ടിയുടെ തന്നെ എഴുത്തും വാക്കുകളും പരിശോധിക്കേണ്ടിവരും.

ബഷീര്‍ എന്ന വെറും വെറും മനുഷ്യന്‍
"ഈ മനുഷ്യന്‍ എനിക്കാരാണ്? എന്റെ സാഹിത്യജീവിതത്തില്‍ എനിക്കദ്ദേഹം ഒരു താങ്ങോ, തണലോ ആയിട്ടില്ല. ബഷീറിയന്‍ സാഹിത്യത്തിന്റെ ചുവടുപിടിച്ച്  ഒന്നും ഞാന്‍ എഴുതാന്‍ ശ്രമിച്ചിട്ടില്ല. എന്നിട്ടും ഈ മനുഷ്യന്‍ എന്റെ ഹൃദയത്തില്‍ കാലപുരുഷനെപ്പോലെ വളര്‍ന്നു നിറഞ്ഞുനില്‍ക്കുന്നു. എന്തുകൊണ്ട്? ഈ ചോദ്യത്തിന് ഉത്തരം കാണാതെ വിഷമിക്കുമ്പോഴൊക്കെ 'മനുഷ്യനെ'പ്പറ്റിയുള്ള ഒരു ബഷീറിയന്‍ സങ്കല്പം മനസിലേക്ക് കടന്നുവരും. ഇത്തിരി പേജുകളില്‍ പറഞ്ഞ ചെറിയ, വലിയ കഥ" -ബഷീറിന്റെ അനുരാഗത്തിന്റെ ദിനങ്ങള്‍ എന്ന പുസ്തകത്തിനെഴുതിയ ആമുഖത്തില്‍ ബഷീറിനെക്കുറിച്ച് എം.ടി സ്വയം ഉയര്‍ത്തുന്ന ചോദ്യവും മറുപടിയും കാണാം. ബഷീര്‍ പറഞ്ഞ ആ കഥ എം.ടി ആവര്‍ത്തിക്കുന്നുണ്ട്.



അതിര്‍ത്തി പ്രദേശത്തെവിടെയോ അലഞ്ഞു തിരിയുന്നതിനിടയില്‍ ബഷീര്‍ ഒരു കടയില്‍ ആഹാരം കഴിക്കാന്‍ കയറി. പോരുമ്പോള്‍ കൗണ്ടറിനടുത്തുനിന്ന് ബില്ല് കൊടുക്കാന്‍‍ പേഴ്സിനുവേണ്ടി കീശയില്‍ കൈയിട്ടപ്പോള്‍ പേഴ്സില്ല. ആരോ പോക്കറ്റടിച്ചിരിക്കുന്നു. ക്രൂരതയ്ക്ക് പേരുകേട്ട പത്താന്‍കാരുടെ പ്രദേശം. പീടിക ഉടമ കോട്ടൂരാന്‍ പറഞ്ഞു. ഊരി. ഷര്‍ട്ട് ഊരാന്‍ പറഞ്ഞു. ഊരി. ട്രൗസറഴിക്കാന്‍ പറഞ്ഞു. പൂര്‍ണനഗ്നനാക്കി കണ്ണും തുരന്ന് വിടാനാവും ഭാവമെന്ന് കരുതി നടുങ്ങി നില്‍ക്കുമ്പോഴാണ്, ഒരു പരുക്കന്‍ മനുഷ്യന്‍ വന്ന് ചോദിക്കുന്നു. ഇയാളുടെ ബില്ലെത്ര? പീടികക്കാരന്റെ കാശുകൊടുത്ത് അയാള്‍ ബഷീറിനോട് വസ്ത്രം ധരിക്കാന്‍ പറഞ്ഞു. പുറത്തേയ്ക്ക് വിളിച്ചു. ആരുമില്ലാത്ത ഒരിടത്തെത്തിയപ്പോള്‍, മടിയില്‍നിന്ന് പല പേഴ്സുകള്‍ എടുത്തുകാട്ടി. 'ഇതിലേതാണ് നിങ്ങളുടെ പേഴ്സ്? എടുത്തോളൂ' എന്ന് കല്പിച്ചു. പേഴ്സ് കിട്ടി. അയാളെ തൊഴുതുനിന്നപ്പോള്‍ അത് ശ്രദ്ധിക്കാതെ നടന്നകലുന്ന അപരിചിതനോട് ബഷീര്‍ പേര് ചോദിക്കുന്നു. പേരില്ലെന്ന് മറുപടി. 'ഒരു പക്ഷെ, ദയ എന്നായിരിക്കാം' ബഷീര്‍ മനസില്‍ പറയുന്നു.

ഈ കഥ വിവരിച്ചശേഷം എം.ടി പറയുന്നു; ഈ നടന്ന കഥയില്‍ വിധിവൈപരീത്യം കൊണ്ട് ബഷീറായിരുന്നു പോക്കറ്റടിക്കാരന്‍ എങ്കിലും താന്‍ അത്ഭുതപ്പെടില്ല. കാരണം ബഷീര്‍ പുതിയ പരിവേഷങ്ങളും പഴയ ഇതിഹാസങ്ങളും ലെജന്‍ഡ് എന്നു പറഞ്ഞാലും ശരി, വെറും വെറും മനുഷ്യനാണ്. ബഷീര്‍ സാഹിത്യംപോലെ ആ മനുഷ്യനും എനിക്കും പ്രിയപ്പെട്ടതാണ്. ജീവിതത്തിന്റെ ഓടകളിലും മേടകളിലും സഞ്ചരിച്ച ബഷീര്‍ എന്നും വെറും മനുഷ്യനായിട്ടേ നിന്നിട്ടുള്ളു; തന്നെതന്നെ തിരിച്ചറിഞ്ഞിട്ടുള്ളു. അധികൃതമായും അനധികൃതമായും ആരൊക്കെയോ വെച്ചുകെട്ടിയ അലങ്കാരങ്ങളും അണിയിച്ച മേലങ്കികളും അദ്ദേഹത്തിന്റെ തനിമയെ ബാധിച്ചിട്ടില്ലെന്ന് വിവരിക്കുന്ന എം.ടി സാഹിത്യംകൊണ്ടും ജീവിതംകൊണ്ടും ആരാധന തോന്നിപ്പിച്ചിട്ടുള്ള അപൂര്‍വം എഴുത്തുകാരുടെ പട്ടികയില്‍ ഒന്നാം പന്തിയിലുള്ള ബഷീറിനെക്കൂടി വരച്ചിടുന്നു. ആരാധനയോടെ അടുത്ത്, സൂക്ഷ്മതയോടെ സമീപവീക്ഷണം നടത്തുമ്പോള്‍ വിഗ്രഹങ്ങള്‍ മണ്‍കോലങ്ങളായിരുന്നു എന്ന് കണ്ട് പിന്‍വലിയേണ്ടി വരുന്നത് ജീവിതത്തിലെ മഹാദുരന്തങ്ങളിലൊന്നാണ്. ബഷീര്‍ ഇക്കാര്യത്തില്‍ എന്നെ ദുഃഖിപ്പിച്ചിട്ടില്ല. കാലുകള്‍ ശാപകഥകളിലെ രാജകുമാരന്മാര്‍ക്ക് സംഭവിച്ചപോലെ കളിമണ്ണായി മാറിത്തുടങ്ങുന്നുവോ എന്ന് ഞാന്‍ വൃഥാ സംശയിച്ച നിമിഷങ്ങളിലൊക്കെയായിരിക്കണം താന്‍ ബഷീറുമായി വഴക്കിട്ടതെന്നും എം.ടി പറയുന്നു.

ബഷീര്‍ എന്നാല്‍ ഭയം
വിദ്യാര്‍ഥിയായിരിക്കെ ലഭിച്ച സ്കോളര്‍ഷിപ്പിന് വാങ്ങിയ പുസ്തകങ്ങളിലൂടെയാണ് ബഷീര്‍ എം.ടിയിലേക്ക് എത്തുന്നത്. വില കണക്കുക്കൂട്ടി തയ്യാറാക്കിയ ബജറ്റനുസരിച്ച് എഴുതിവരുത്തിയ പുസ്തകങ്ങളില്‍ തകഴി, കേശവദേവ്, പൊറ്റെക്കാട്ട്, കാരൂര്‍, വര്‍ക്കി, നാഗവള്ളി, റാഫി, സരസ്വതിയമ്മ എന്നിവര്‍ക്കൊപ്പമാണ് ബഷീര്‍ എം.ടിയുടെയും സഹോദരന്റെയും കൈകളിലെത്തുന്നത്. വീതംവെച്ചപ്പോള്‍ എം.ടിക്ക് കിട്ടിയത് ബഷീറിന്റെ ജന്മദിനവും അനര്‍ഘനിമിഷവും. അവ വീണ്ടും വീണ്ടും വായിച്ചു. പുസ്തകങ്ങളെല്ലാം വായിച്ചുതീര്‍ത്തശേഷവും എം.ടി അനര്‍ഘനിമിഷത്തില്‍ കറങ്ങിത്തിരിഞ്ഞു. ചില വാചകങ്ങള്‍ മനഃപാഠമാക്കി. ആരും കേള്‍ക്കില്ലെന്ന ഉറപ്പില്‍, കുന്നിന്‍ചെരുവിലെ ഏകാന്തതിയിലിരുന്ന് അവ ഉച്ചത്തില്‍ പറയുന്നത് ശീലമാക്കി. "നീയും ഞാനും എന്നുള്ള യാഥാര്‍ത്ഥ്യത്തില്‍നിന്ന് നീ മാത്രമായി അവശേഷിക്കുവാന്‍ പോകയാണ്, യാത്രക്കുള്ള സമയം അടുത്തുകഴിഞ്ഞു", അനന്തതയിലേക്കുള്ള യാത്രയാണ് ജീവിതം", "യുവാക്കളെ, ധീരമോഹനമായ ഒരു നവ്യപ്രവഞ്ചത്തിലേക്കുള്ള അരുണോദയത്തിലൂടെയാവട്ടെ നിങ്ങളുടെ ജൈത്രയാത്ര"... എന്നിങ്ങനെ വരികള്‍ എം.ടിയുടെ മനസില്‍ നിറഞ്ഞുനിന്നു. 'ഇതൊന്നും കഥകളല്ല, ഗദ്യകവിതകളാണ്, അത് സാഹിത്യത്തിലെ പുതിയ പ്രസ്ഥാനമാണെന്ന' മുതിര്‍ന്നവരുടെ അഭിപ്രായങ്ങളും എം.ടി സ്വീകരിച്ചു. എന്നിട്ട് മനസില്‍ കുറിച്ചു, 'ഞാനും എഴുതാന്‍ പോകുന്നത് ഗദ്യകവിതകള്‍ തന്നെ. വൃത്തത്തിന്റെ ശല്യവും ഇല്ലല്ലോ'.


ALSO READ: കവിത എഴുതിയിരുന്ന എം.ടിയെ അറിയുമോ? ഒരു എഴുത്തുകാരന്‍റെ ജനനം


ഇതൊക്കെയാണെങ്കിലും എം.ടിക്ക് ബഷീറിനോട് തോന്നിയ വികാരം ഭയം ആയിരുന്നു. ഭയമെന്ന് പറഞ്ഞാല്‍ സന്യാസിമാരെ കാണുമ്പോള്‍ ഉണ്ടാകുന്ന ബഹുമാനം കലര്‍ന്ന ഭയം -എന്നാണ് എംടി അതിനെക്കുറിച്ച് എഴുതിയിരിക്കുന്നത്. ഒരു സാഹിത്യ സമ്മേളനത്തിലും പോകാത്ത ഭയങ്കരന്‍, സദാ മദ്യപാനം, അടുക്കുന്നവരെ തെറി പറഞ്ഞോടിക്കും, സ്വാതന്ത്ര്യസമരത്തില്‍പെട്ട് ജയിലില്‍ പോയിട്ടുണ്ട് എന്നു തുടങ്ങി കൈനോട്ടം, മാജിക്, മഷിമായ്ക്കല്‍, ഗുസ്തി വരെ അറിയാവുന്നയാള്‍, ബുക്ക് സ്റ്റാള്‍ നടത്തുന്നയാള്‍ എന്നിങ്ങനെ കേട്ടറിവുകളും ഏറെയായിരുന്നു. അതുകൊണ്ടാണ് ബഷീറിനെ അടുത്തു കാണാന്‍ കിട്ടിയ ആദ്യ അവസരം എം.ടി പാഴാക്കിയത്. ഹൈസ്കൂള്‍ പഠനം കഴിഞ്ഞിരിക്കുമ്പോഴായിരുന്നു അത്. ഒരു വര്‍ഷം വെറുതെ ഇരിക്കുന്നതിനിടെ എറണാകുളത്ത് പോകാന്‍ എം.ടിക്ക് അവസരം കിട്ടി. എഴുത്തുകാരെയൊക്കെ നേരിട്ടു കാണാന്‍ കഴിഞ്ഞാലോ എന്ന ചിന്ത യാത്രയുടെ ആവേശം കൂട്ടി. അങ്ങനെ ടാറ്റാപുരം ഓയില്‍ മില്‍സിലെത്തി ടാറ്റാപുരം സുകുമാരന്‍ എന്ന എഴുത്തുകാരനെ കണ്ടു. കത്തുമുഖേനയുള്ള അടുപ്പമായിരുന്നു അത് സാധ്യമാക്കിയത്. ടാറ്റാപുരത്തെയും നിര്‍ബന്ധിപ്പിച്ച് കറങ്ങാനിറങ്ങിയപ്പോഴാണ് ബഷീറിന്റെ ബുക്ക് സ്റ്റാളിനെക്കുറിച്ച് അന്വേഷിക്കുന്നതും, കാണുന്നതും. കറങ്ങുന്ന ടേബിള്‍ ഫാനിന്റെ പിന്നിലായി ഇരിക്കുന്ന ബഷീറിനെ ദൂരെനിന്ന് കണ്ടു. ടാറ്റാപുരത്തെ കണ്ട ബഷീര്‍ അഭിവാദ്യം ചെയ്തു. 'കയറാം, പരിചയപ്പെടുത്താം' എന്ന് അങ്ങോട്ടു നടക്കുന്നതിനിടെ, ടാറ്റാപുരം പറഞ്ഞെങ്കിലും ഭയം കാരണം എം.ടി പോയില്ല, അവിടെ തന്നെ നിന്നു. ടാറ്റാപുരം പരിചയപ്പെടുത്തുമ്പോള്‍, 'നിനക്കൊന്നും വേറെ പണിയില്ലേ? പോയി നാലക്ഷരം പഠിക്കാന്‍ നോക്ക്' എന്നെങ്ങാനും ബഷീര്‍ പറഞ്ഞാലോ എന്നായിരുന്നു എം.ടിയുടെ മനസിലെ അങ്കലാപ്പ്.  

ഗുരു-ശിഷ്യബന്ധത്തിന്റെ തുടക്കം
പഠനം കഴിഞ്ഞ് എം.ടി പത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. അതിനിടെ, ബഷീറിന്റെ പുസ്തകങ്ങളെല്ലാം വായിച്ചുകഴിഞ്ഞിരുന്നു. അതിലോലവും സാധാരണവുമായ ജീവിതസന്ധികളില്‍നിന്ന് മനുഷ്യന്റെ അഗാധസങ്കീര്‍ണതകളെ, ഒന്നുമറിയാത്ത നിഷ്കളങ്ക ഭാവത്തില്‍ അനാവരണം ചെയ്യുന്ന, കഥ പറയാനറിയുന്ന കാഥികനെ എം.ടി അത്രത്തോളം ഇഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. കഥ പറയാന്‍ പലരും പാടുപെടുമ്പോഴായിരുന്നു, ബഷീര്‍ അനായാസമായി കഥ പറഞ്ഞിരുന്നത്. ബഷീറിന്റെ കഥാപാത്രങ്ങളെല്ലാം എം.ടിക്ക് സ്വകാര്യലോകത്തില്‍ കൈതൊടാനാവുന്ന പാകത്തില്‍ ആയിക്കഴിഞ്ഞിരുന്നു. ബഷീര്‍ ബുക്ക് സ്റ്റാളൊക്കെ നിര്‍ത്തി കോഴിക്കോട് വരുന്നതും ഇക്കാലത്താണ്. പൊറ്റെക്കാടിന്റെ ചന്ദ്രകാന്തം വീട്ടിലായിരുന്നു ബഷീറിന്റെ താമസം. ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് നാടകമാക്കി എഴുതുകയായിരുന്നു ബഷീര്‍. അവിടേക്ക് എന്‍.പി മുഹമ്മദിനൊപ്പമാണ് എം.ടി എത്തുന്നത്. എന്‍.പി മുഹമ്മദ് പരിചയപ്പെടുത്തുമ്പോള്‍, 'ഈ പയ്യനാണോ, അറിയാം. പക്ഷേ ആളൊരു നൂലനാണല്ലോ. ഞാന്‍ വിചാരിച്ചു. ഏതോ ഒരു ഡണ്ടന്‍ ഗഡാഗഡിയന്‍ നായരാണെന്ന്' എന്നായിരുന്നു ആദ്യ പ്രതികരണം. പിന്നെ തുടര്‍ന്നു: "എടേയ്, നിങ്ങള് രണ്ടാളും ഇവിടെ നില്‍ക്ക്. കഷ്ണം മുറിക്കണം. അരയ്ക്കണം. ലൊട്ടുലൊഡുക്ക് പണികളൊക്കെ ചെയ്യണം. നല്ല ആഹാരം ഫ്രീ". പിന്നീട് മെലിഞ്ഞുണങ്ങിയ എം.ടിയിലേക്ക് തിരിഞ്ഞു. കഴുത്തിനിരുവശവും എഴുന്നുനില്‍ക്കുന്ന എല്ലില്‍ വിരല്‍ക്കൊണ്ട് ഞേടിക്കൊണ്ട് പറഞ്ഞു: "ഇവന്റെ തടി നന്നാക്കുന്ന കാര്യം ഞാനേറ്റു". വലിയൊരു ആത്മബന്ധത്തിന് അവിടെ തുടക്കമാകുകയായിരുന്നു.



കുറേനാള്‍ എം.ടി ചന്ദ്രകാന്തത്തിലായിരുന്നു. അടുക്കളപ്പണിയും ഊണും ഉറക്കവും ആഹ്ളാദവും ചിരികളുമായി ദിവസങ്ങള്‍ കഴിഞ്ഞുപോയി. അതിനിടെ പല എഴുത്തുകാരും നാടകക്കാരുമൊക്കെ വന്നുപോയി. എന്തിനും ഏതിനുമായി എം.ടി ഓടിനടന്നു. ഒരു ഗുരുശിഷ്യബന്ധത്തിന് ചന്ദ്രകാന്തത്തിലെ സഹവാസം അടിത്തറയിട്ടെങ്കിലും, ഒരിക്കല്‍പോലും എഴുത്തിനെക്കുറിച്ച് ബഷീര്‍ എം.ടിയോട് സംസാരിച്ചിട്ടില്ല. എന്നാല്‍ ഉപദേശമല്ലാത്ത മട്ടില്‍ ചില നിര്‍ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. 'വാസു, ജീന്‍ ക്രിസ്റ്റോഫ് വായിക്കണം, സ്റ്റോറി ഓഫ് സാന്‍ മി ഷെയ്ല്‍ വായിക്കണം' എന്നിങ്ങനെ ചിലത്. അതിനിടെ, ജീവിതത്തെക്കുറിച്ചും ചോദിച്ചു. ജീവിതത്തിലെ ഏറ്റവും നിര്‍ണായക ഘട്ടങ്ങളില്‍ രണ്ടു തവണയെന്നാണ് എം.ടി അതിനെക്കുറിച്ച് പറയുന്നത്. ഇരുവരും മാത്രമായിരുന്നപ്പോഴാണ് അത് സംഭവിച്ചത്. മനസ് വായിച്ചിട്ടെന്നോണം ബഷീര്‍ ചിലത് ചോദിച്ചുകൊണ്ടിരുന്നു. എല്ലാത്തിനുമൊടുവില്‍ ഗൗരവത്തോടെ ചില സംസാരങ്ങളും. എഴുത്തിനപ്പുറം ഒരുവേള എം.ടിയുടെ ജീവിതത്തെയും ബഷീര്‍ വാക്കുകള്‍കൊണ്ട് തൊട്ടു. എം.ടി ഏറ്റവും ആശ്വാസം കൊണ്ട നിമിഷങ്ങളായിരുന്നു അത്. 'ഞാനെന്ന കിരാതന്റെ അകത്തെ മനുഷ്യനെ ബഷീര്‍ കണ്ടിരിക്കുന്നു. മനസ് ശാന്തമാകുന്നു' എന്നാണ് എം.ടി അതിനെ ഓര്‍ക്കുന്നത്.

പരസ്പരം കലഹിക്കുന്ന സ്നേഹം
ബഷീര്‍ ബേപ്പൂരില്‍ താമസം തുടങ്ങിയതോടെ, ഒഴിവുദിവസങ്ങളിലെല്ലാം ഇരുവരും കണ്ടു, സംസാരിച്ചു. അപ്പോഴേക്കും ഇരുവരും തമ്മിലുള്ള സ്നേഹത്തിന്റെ ഇഴയടുപ്പം ദൃഢമായിരുന്നു. പതിവ് തര്‍ക്കങ്ങളും, പരിഹാസങ്ങളുമൊക്കെ ആ നിമിഷങ്ങളെ കൂടുതല്‍ ആര്‍ദ്രമാക്കി. ചെറിയ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് കലഹിക്കുന്നതായിരുന്നു എം.ടിയുടെ ശീലം. അതിനെ പരിഹസിച്ച്, കളിയാക്കുന്ന തരത്തിലായിരുന്നു ബഷീറിന്റെ മറുപടി. "എന്തിന് തെങ്ങിന്മേല്‍ കയറി ഫോട്ടോ എടുക്കാന്‍ നിന്നുകൊടുത്തു? എന്താ സര്‍ക്കസ്സുകാരനാണോ?" എന്നു എം.ടി ചൊടിക്കുമ്പോള്‍, "അവമ്മാര് പറഞ്ഞു. എടേന്നു ഞാനൊന്നു കയറിയിരുന്നു കൊടുത്തു. അതിന് നീയെന്ന കൊല്ലാന്‍ വരുന്നോ നൂലാ?" എന്നേ ബഷീറിന് മറുപടി വരുമായിരുന്നൂള്ളൂ. സ്നേഹം പൂഴ്‌ത്തിവെച്ച്, രോഷം എടുത്തുകാട്ടി കലഹിക്കുന്നതായിരുന്നു രണ്ട് മഹാരഥന്മാരുടെയും കൂടിക്കാഴ്ചകള്‍.  


ALSO READ:  സിനിമയും സാഹിത്യവും രണ്ടല്ലാത്ത എം.ടി


ഭ്രാന്തും ആശുപത്രി വാസവും ചികിത്സയും തുടങ്ങി ബഷീറിന്റെ ജീവിതത്തെക്കുറിച്ചും എം.ടി ഏറെ മനസിലാക്കി കഴിഞ്ഞിരുന്നു. ഭ്രാന്തമായ അവസ്ഥയില്‍ കൈയില്‍ കഠാരയുമായി, എല്ലാവരെയും വെല്ലുവിളിച്ചുനിന്ന ബഷീറിനെ ശാന്തനാക്കി തലയോലപ്പറമ്പിലേക്ക് കൊണ്ടുപോയതിനെക്കുറിച്ചും അനുരാഗത്തിന്റെ ദിനങ്ങള്‍ എന്ന പുസ്തകത്തിനെഴുതിയ ആമുഖത്തില്‍ എം.ടി വിവരിക്കുന്നുണ്ട്. താളംതെറ്റിയ മനസുമായി എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുന്ന ബഷീറിനോട്, "ഗുരു എന്താ ഈ കാട്ടുന്നത്? പാതിരായ്ക്ക് മനുഷ്യനെ പേടിപ്പിക്കാനാണോ കത്തിയും കഠാരയുമായി നില്‍ക്കുന്നത്?" എന്ന് ശകാരസ്വരത്തില്‍ ചോദിക്കുമ്പോള്‍, ശാന്തനാകാന്‍ ബഷീറിന് കഴിഞ്ഞതും അതുകൊണ്ടാണ്. ഭ്രാന്താശുപത്രിയുടെ ദുസ്സഹതയില്‍നിന്ന് പുറത്തുകടക്കണമെന്ന ബഷീറിന്റെ ആവശ്യത്തോട് ഡോക്ടര്‍ അനിഷ്ടം പ്രകടിപ്പിക്കുമ്പോള്‍, 'നമുക്കൊക്കെ ഉണ്ടല്ലോ അല്പം ഭ്രാന്ത്. പക്ഷേ, ഈ ഭ്രാന്തന്‍ ഞങ്ങള്‍ക്ക് ആവശ്യമാണ്, അഭിമാനമാണ്, ചിലപ്പോള്‍ അലങ്കാരവുമാണെന്ന്' പറഞ്ഞ് കൂട്ടിക്കൊണ്ടുപോകാന്‍ എം.ടി തയ്യാറാകുന്നതും ഇരുവരുടെയും ആത്മബന്ധത്തിന്റെ ആഴം പ്രകടമാക്കുന്നു. ഉന്മാദം പൂണ്ട്, കഠാരയുമായി നിന്ന ബഷീറിനെ ശന്തമാക്കാന്‍ പോന്ന, ഇരുവരുടെയും സ്നേഹത്തിന്റെ ഇഴയടുപ്പത്തെക്കുറിച്ച്  മാതൃഭൂമി നവതി സ്നേഹോപഹാരമായി പ്രസിദ്ധീകരിച്ച എം.ടി: അനുഭവം, അഭിമുഖം, അന്വേഷണം എന്ന പുസ്തകത്തില്‍ മകള്‍ ഷാഹിന ബഷീറും ആവര്‍ത്തിക്കുന്നുണ്ട്.

കാലദേശങ്ങള്‍ക്കതീതമായി വായിക്കപ്പെടുന്ന ബഷീറിന്റെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമാണെന്ന് എം.ടി പലവുരു പറഞ്ഞിട്ടുണ്ട്. കാലത്തിനും മരണത്തിനും മായ്ക്കാനാവാത്തവിധം ഈശ്വരന്‍ അനുഗ്രഹിച്ച വലിയ സാഹിത്യപ്രതിഭയാണ് ബഷീര്‍. പുതിയതലമുറ ശ്രദ്ധയോടെയാണ് അദ്ദേഹത്തെ വായിക്കുന്നത്. വരും തലമുറയുടെ മനസിലും അദ്ദേഹമുണ്ടാകും. അടിമുടി മനുഷ്യനായ കഥാകാരന്‍. മാനവികതയായിരുന്നു ആ എഴുത്തുകളിലെ അടയാളം. ആ ജ്യേഷ്ഠസഹോദരന്റെ സാന്നിധ്യവും സഹവാസവും ജീവിതത്തില്‍ ലഭിച്ചത് പുണ്യമായി കരുതുന്നതായും എം.ടി പറഞ്ഞിട്ടുണ്ട്. ആര്‍ക്കും അത്രയെളുപ്പം മനസിലാകണമെന്നില്ലാത്ത ഒരു ഗുരു-ശിഷ്യബന്ധത്തിന്റെ ആഴവും പരപ്പുമൊക്കെയുണ്ട് എം.ടിയുടെ ഇത്തരം സാക്ഷ്യപ്പെടുത്തലുകളില്‍.


Reference:
അനുരാഗത്തിന്റെ ദിനങ്ങള്‍, വൈക്കം മുഹമ്മദ് ബഷീര്‍, ഡിസി ബുക്സ്
സ്നേഹാദരങ്ങളോടെ, എം.ടി. വാസുദേവന്‍ നായര്‍, കറന്‍റ് ബുക്സ്
എം.ടി. അനുഭവം, അഭിമുഖം, അന്വേഷണം, ശ്രീഷ്മ എറിയാട്ട്, മാതൃഭൂമി ബുക്സ്

ഫോട്ടോ: പുനലൂര്‍ രാജന്‍

KERALA
എം.ടി, സാഹിത്യത്തിനും സംസ്കാരത്തിനും അമൂല്യ സംഭാവന നൽകിയ ജീനിയസ്: സാറാ ജോസഫ്
Also Read
user
Share This

Popular

KERALA
KERALA
മലയാളത്തിന്റെ മഞ്ഞ് കാലം മാഞ്ഞു; എംടിയെ യാത്രയാക്കി കേരളം