fbwpx
എം.ടിയെന്ന എഴുത്തുകാരനോളം തിളക്കമുള്ള പത്രാധിപർ; വിടവാങ്ങിയത് പത്രം അച്ചടിക്കാത്ത ദിനം
logo

ന്യൂസ് ഡെസ്ക്

Posted : 26 Dec, 2024 07:08 AM

സ്വയം ശാസനയാൽ മൂർച്ച വരുത്തിയ രചനാസൂക്ഷ്മത എം.ടിക്ക് എല്ലാ കാലത്തുമുണ്ടായിരുന്നു

KERALA


മലയാളം കണ്ട നിരവധി മികച്ച എഴുത്തുകാരെ സാഹിത്യത്തിലേയ്ക്ക് കൈപിടിച്ചു കയറ്റി എം.ടിയിലെ പത്രാധിപർ. സ്വയം ശാസനയാൽ മൂർച്ച വരുത്തിയ രചനാസൂക്ഷ്മത എം.ടിക്ക് എല്ലാ കാലത്തുമുണ്ടായിരുന്നു. അയച്ചുകിട്ടുന്ന നൂറുകണക്കിന് രചനകളെ വിലയിരുത്താൻ ആ വൈഭവം ഗുണമായി. എം.ടിയെന്ന എഴുത്തുകാരനോളം തിളക്കം എം.ടിയിലെ പത്രാധിപർക്കുമുണ്ട്. കേരളം കണ്ട എക്കാലത്തെയും മികച്ച പത്രാധിപർ വിടവാങ്ങുന്നത് പത്രം അച്ചടിക്കാത്ത ഒരു ​ദിവസത്തിന്റെ തലേ​ദിവസമാണ്. കാലവും എം.ടിയും ചേർന്ന് ഒരുക്കിവെച്ച യാദൃശ്ചികതയാകാമത്.


ALSO READ: തോറ്റുപോയവരും മാറ്റി നിര്‍ത്തപ്പെട്ടവരും; ജീവിതമാകുന്ന ദുരിതപ്പുഴയിലെ നീന്തല്‍ക്കാര്‍


ഒ.വി. വിജയൻ്റെ ഖസാക്കിന്റെ ഇതിഹാസവും എംടിയുടെ കാലവും പ്രസിദ്ധീകരിക്കപ്പെടുന്നത് ഒരേ സമയത്താണ്. കാലം പ്രസിദ്ധീകരിക്കപ്പെട്ടത് കേരളശബ്ദം എന്ന വാരികയിൽ. ഖസാക്ക് മാതൃഭൂമി ആഴ്ചപ്പതിപ്പിലും. അന്ന് മാതൃഭൂമിയിൽ പത്രാധിപരാണ് എം.ടി. ഇരു നോവലുകൾക്കും കെ.പി. നിർമൽ കുമാർ എഴുതിയ നിരൂപണം മാതൃഭൂമി ആഴ്ചപതിപ്പിൽ ഒരേ ലക്കത്തിൽ പ്രസിദ്ധീകരിച്ചു. ഖസാക്കിനെക്കുറിച്ച് ഭംഗിയായി പറഞ്ഞ അദ്ദേഹം, കാലത്തെക്കുറിച്ചെഴുതിയത് - എന്തുകൊണ്ടാണ് നോവൽ തന്നെ അസ്വസ്ഥപ്പെടുത്താതെ പോയത് എന്ന വിമർശനാത്മക കുറിപ്പാണ്. ഈ ഉദാഹരണം മതി എം.ടി. എന്ന പത്രാധിപരുടെ വലിപ്പം കാണാൻ.

ലിറ്റററി ജേണലിസം എന്ന വാക്ക് വലിയ പ്രചാരത്തിലില്ലാത്ത അറുപതുകളിലാണ് മുൻഗാമിയായ എൻ.വി. കൃഷ്ണവാരിയരുടെ വഴിയേ എം.ടി. ആ രംഗത്തെത്തുന്നത്. മലയാള സാഹിത്യത്തിൽ പിന്നീട് പ്രശസ്തരായ ഒരുപാടുപേരെ കണ്ടെടുത്ത് വളർത്തിയത് എം.ടിയിലെ പത്രാധിപരാണ്. സാഹിത്യരംഗത്തുള്ളവരെ അതേ രംഗത്തിന്റെ പത്രാധിപരായി പാശ്ചാത്യമാധ്യമങ്ങൾ നിയമിക്കാതിരുന്ന കാലത്താണ് എം.ടി. മാതൃഭൂമിൽ ആ പദവിയിലിരിക്കുന്നത്. പയറ്റിത്തെളിഞ്ഞ അനുഭവ സമ്പത്തുമായി എഡിറ്റർ പദവിലെത്തിയ എംടിക്ക് സാഹിത്യ സൃഷ്ടി വിലയിരുത്തി പ്രസിദ്ധീകരിക്കാനുമായി.

കയ്യെഴുത്ത് പ്രതികൾ വായിച്ചാണ് എം.ടിയുടെ സാഹിത്യ പത്രപ്രവർത്തനം തുടങ്ങുന്നത്. 56ൽ എൻ.വി. കൃഷ്ണവാര്യരുടെ കീഴിൽ സഹപത്രാധിപർ, അറുപത്തിയെട്ടാകുമ്പോൾ പത്രാധിപ സ്ഥാനത്ത്. ഓരോ ഘട്ടത്തിലും പുതിയ എഴുത്തുകാരെ കണ്ടെടുക്കാൻ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തി. ഓണം - വിഷു പതിപ്പിനും വാർഷിക പതിപ്പിനും പുറമെ വ്യക്തികളുടെ നേട്ടത്തിനും നിര്യാണത്തിനുമൊപ്പം പ്രത്യേക പതിപ്പുകളിറക്കി. വിവർത്തന സാഹിത്യത്തിന് ഊന്നൽ, ചിത്രകാരന്മാർക്ക് നൽകിയ സ്വാതന്ത്ര്യം, സിനിമയ്ക്കും സ്പോർട്സിനും നാടകത്തിനും സംഗീതത്തിനും ആരോഗ്യത്തിനുമെല്ലാം പ്രാധാന്യം കല്പിച്ച് സ്ഥാനം. എം.ടി. കാലം അക്ഷരാർഥത്തിൽ സാഹിത്യത്തിന് സുവർണ്ണ കാലമാണ്.


ALSO READ: സ്‌ക്രീനിലെ എംടിയുടെ പെണ്ണുങ്ങള്‍


പുതിയ എഴുത്തുകാരെ കണ്ടെത്തി. നവീനമായ ചിന്തകൾക്കും എഴുത്ത് ശൈലികൾക്കും രൂപം നൽകാൻ തലമുറകളെ പ്രാപ്തരാക്കി. എം.ടി. മാതൃഭൂമിക്കാലം എന്ന കൃതിയിൽ എം ജയരാജ് ജി. എൻ പിള്ളയെ ഉദ്ധരിച്ചുകൊണ്ട് പറയുന്നുണ്ട്. ഭാരതപ്പുഴയ്ക്ക് തെക്കും സാഹിത്യമുണ്ടെന്ന് അംഗീകരിച്ച ആദ്യത്തെ പത്രാധിപരാണ് എം.ടിയെന്ന്. മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിന്റെ അക്ഷരമുദ്ര. എം.ടിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

KERALA
എം.ടിയുടെ ലോകം വളരെ വിശാലമാണ്, എന്‍റേത് ഒരു ചെറിയ ലോകവും; വികാരാധീനനായി ടി. പത്മനാഭന്‍
Also Read
user
Share This

Popular

KERALA
KERALA
മലയാളത്തിന്റെ മഞ്ഞ് കാലം മാഞ്ഞു; എംടിയെ യാത്രയാക്കി കേരളം