fbwpx
'ദ സാത്താനിക് വേഴ്സസിന്റെ' ഇറക്കുമതി വിലക്കിനു പിന്നിലെ രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ 'പന്താട്ടം'
logo

എസ് ഷാനവാസ്

Last Updated : 09 Nov, 2024 07:43 PM

യഥാര്‍ത്ഥത്തില്‍ ദ സാത്താനിക് വേഴ്സസ് എന്ന പുസ്തകത്തിന് ഇന്ത്യയില്‍ വിലക്ക് ഉണ്ടായിരുന്നോ? അത്തരമൊരു തീരുമാനത്തിലേക്ക് അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാരിനെ നയിച്ച രാഷ്ട്രീയ സാഹചര്യം എന്തായിരുന്നു?

THE SATANIC VERSES

സല്‍മാന്‍ റുഷ്ദി



സമീപകാല സാഹിത്യ ചരിത്രത്തില്‍ ഏറ്റവും വിവാദം സൃഷ്ടിച്ച പുസ്തകങ്ങളിലൊന്നാണ് സല്‍മാന്‍ റുഷ്ദിയുടെ "ദ സാത്താനിക് വേഴ്സസ്". മാജിക്കല്‍ റിയലിസത്തിന്റെ മികച്ച ഉദാഹരണമായാണ് സാഹിത്യരംഗത്തെ പ്രമുഖര്‍ പുസ്തകത്തെ വിലയിരുത്തുന്നത്. എന്നാല്‍, മുസ്ലീം മതവിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന പ്രമേയം എന്ന ആരോപണമാണ് ദ സാത്താനിക് വേഴ്സിനെയും റുഷ്ദിയെയും വെറുക്കപ്പെട്ടവരാക്കിയത്. മതപരമായ തത്വങ്ങളെ റുഷ്ദി വെല്ലുവിളിക്കുകയോ, പരിഹസിക്കുകയോ, ചിലപ്പോഴൊക്കെ കടന്നാക്രമിക്കുകയോ ചെയ്യുന്നു എന്നതായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ ദ സാത്താനിക് വേഴ്സ് ഇസ്ലാമിനെക്കുറിച്ചുള്ള പുസ്തകമല്ലെന്നാണ് എഴുത്തുകാരന്റെ ഭാഷ്യം. കുടിയേറ്റം, വിഭജിക്കപ്പെട്ടവര്‍, സ്വഭാവ-പരിസ്ഥിതി മാറ്റം, പ്രണയം, മരണം, ലണ്ടന്‍, ബോംബെ എന്നിവയെക്കുറിച്ചാണ് നോവല്‍ പറയുന്നത്. പാശ്ചാത്യ ഭൗതികവാദത്തിന്റെ ശാസനകളെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും റുഷ്ദി പറയുന്നു. പക്ഷേ, ഭാവനയുടെയും സ്വപ്നത്തിന്റേയും ചിറകിലേറി റുഷ്ദി കൊളുത്തിവിട്ട പ്രമേയം മുസ്ലീം മതവിശ്വാസികളെ അത്രമേല്‍ അലോസരപ്പെടുത്തി. അത് പലയിടത്തും കലാപങ്ങള്‍ സൃഷ്ടിച്ചു. റുഷ്ദി മാത്രമല്ല, പുസ്തകം വിവര്‍ത്തനം ചെയ്തവരും, പ്രസിദ്ധീകരിച്ചവരുമൊക്കെ ആക്രമണങ്ങള്‍ക്ക് ഇരയായി. പല രാജ്യങ്ങളിലും പുസ്തകം നിരോധിക്കപ്പെട്ടു. അത്തരമൊരു തീരുമാനം ആദ്യമെടുത്തത് ഇന്ത്യയായിരുന്നു. മൂന്നര പതിറ്റാണ്ടിനൊടുവില്‍, കഴിഞ്ഞദിവസം പുസ്തകത്തിനുള്ള വിലക്ക് സുപ്രീംകോടതി നീക്കി. പുസ്തകത്തിന് വിലക്കേര്‍പ്പെടുത്തിയ വിജ്ഞാപനം ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയാതിരുന്ന സാഹചര്യത്തിലായിരുന്നു കോടതിയുടെ വിധി. യഥാര്‍ത്ഥത്തില്‍ ദ സാത്താനിക് വേഴ്സസ് എന്ന പുസ്തകത്തിന് ഇന്ത്യയില്‍ വിലക്ക് ഉണ്ടായിരുന്നോ? അത്തരമൊരു തീരുമാനത്തിലേക്ക് അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാരിനെ നയിച്ച രാഷ്ട്രീയ സാഹചര്യം എന്തായിരുന്നു?

റുഷ്ദിയുടെ മാജിക്കല്‍ റിയലിസം
1988 സെപ്റ്റംബര്‍ 26നാണ് റുഷ്ദിയുടെ നാലാമത്തെ പുസ്തകമായ ദ സാത്താനിക് വേഴ്സസ് ബ്രിട്ടനില്‍ പുറത്തിറക്കിയത്. ബോംബെയില്‍നിന്ന് ലണ്ടനിലേക്കുള്ള യാത്രക്കിടെ, സിഖ് തീവ്രവാദികള്‍ തട്ടിയെടുത്ത വിമാനം ബോംബ് സ്ഫോടനത്തില്‍ തകരുന്നു. അവശേഷിക്കുന്നത് ജിബ്രീല്‍ ഫരിഷ്തത, സലാദിന്‍ ചാംച എന്നിങ്ങനെ രണ്ടുപേര്‍ മാത്രം. ജിബ്രീല്‍ ഫരിഷ്തത മലാഖയായി മാറുന്നു. അവര്‍ക്ക് കൂട്ടായി സ്വപ്നങ്ങളുടെ വലിയൊരു സഞ്ചയമുണ്ട്. സലാദിന്‍ തിന്മയുടെ പ്രതീകവുമാകുന്നു. ഇവര്‍ തമ്മിലുള്ള പോരാട്ടം പറയുന്ന നോവലില്‍, സബ് പ്ലോട്ടില്‍ മറ്റൊരു കഥ സംഭവിക്കുന്നുണ്ട്. മഹൗണ്ട് എന്ന പേരുള്ള കഥാപാത്രം ജഹീലിയ എന്ന ബഹുദൈവാരാധനയുള്ള നഗരത്തിലെത്തി, ഏകദൈവ മതം കണ്ടെത്താനുള്ള ശ്രമം നടത്തുന്നു. എന്നാല്‍ മൂന്ന് ദൈവങ്ങളെ ആരാധിക്കാന്‍ അദ്ദേഹത്തിന് ദര്‍ശനം ലഭിക്കുന്നു. അത് പിശാചിനാല്‍ സംഭവിച്ച വെളിപ്പെടുത്തലാണെന്ന് പിന്നീട് മഹൗണ്ട് തിരിച്ചറിയുന്നതും ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളുമാണ് അവിടെ വിവരിക്കുന്നതാണ്. ഇതാണ് മുസ്ലീം മതവിശ്വാസികളെ അലോസരപ്പെടുത്തിയത്. മുഹമ്മദ് നബിയെയും ഖുര്‍ആനിന്റെ ദൈവികതയിലും സംശയം ജനിപ്പിക്കുന്ന തരത്തിലാണ് റുഷ്ദി കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കലാപം. ജിബ്രീല്‍ (ഗബ്രിയേല്‍) മാലാഖ പ്രവാചകന്‍ മുഹമ്മദ് നബിയെ സന്ദര്‍ശിച്ച്, 22 വര്‍ഷത്തോളം ദൈവവചനങ്ങള്‍ ഓതി. മുഹമ്മദ് നബി ഇവ തന്റെ അനുയായികളോട് ആവര്‍ത്തിച്ചു. ഇവ പിന്നീട് എഴുതപ്പെട്ടതാണ് ഖുര്‍ആനിലെ വാക്യങ്ങളും അധ്യായങ്ങളുമായി മാറിയതെന്നാണ് മുസ്ലീം വിശ്വാസം. ഈ സത്തയെ റുഷ്ദി നോവലിലേക്ക് മാറ്റി, മുഹമ്മദിന് പകരം പിശാചിനാല്‍ പ്രചോദിതനായ മഹൗണ്ടിനെ കൊണ്ടുവന്നു എന്നായിരുന്നു വിമര്‍ശനം. ബ്രിട്ടനു പുറത്തേക്ക് കലാപം വ്യാപിച്ചു. മുസ്ലീങ്ങളുടെ വിശ്വാസത്തെയും വികാരത്തെയും ഹനിക്കുന്ന പുസ്തകം ചുട്ടെരിക്കപ്പെട്ടു.



ആദ്യ നടപടി- ഇന്ത്യയില്‍നിന്ന്
ഇസ്ലാമിക രാജ്യങ്ങളില്‍നിന്നായിരുന്നു സാത്താനിക് വേഴ്സസിനും റുഷ്ദിക്കുമെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നത്. എന്നാല്‍, പുസ്തകത്തിനെതിരെ ആദ്യം നടപടിയെടുത്തത് ഇന്ത്യയായിരുന്നു. പുസ്തകം പുറത്തിറങ്ങി, രണ്ടാഴ്ച തികയുംമുന്‍പേയായിരുന്നു രാജീവ് ഗാന്ധി സര്‍ക്കാരിന്റെ നടപടി. 1988 ഒക്ടോബര്‍ അഞ്ചിന് കേന്ദ്ര ധനമന്ത്രാലയം കസ്റ്റംസ് ആക്ട് പ്രകാരം, പുസ്തകം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു. പ്രത്യക്ഷത്തില്‍ പുസ്തകത്തിന് വിലക്ക് ഇല്ലായിരുന്നെങ്കിലും, ഫലത്തില്‍ ഇറക്കുമതി നിരോധനം അതിന് കാരണമായി. പ്രതിപക്ഷ നിരയിലെ ജനതാ പാര്‍ട്ടി എംപിയായിരുന്ന മുസ്ലീം പണ്ഡിതന്‍ സയീദ് ഷഹാബുദ്ദീന്‍, സല്‍മാന്‍ ഖുര്‍ഷിദിന്റെ പിതാവും കോണ്‍ഗ്രസ് എംപിയുമായിരുന്ന ഖുര്‍ഷീദ് ആലം ഖാന്‍ തുടങ്ങിയ മുസ്ലീം ജനപ്രതിനിധികളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയായിരുന്നു രാജീവ് ഗാന്ധിയുടെ തീരുമാനം. പുസ്തകം മുസ്ലീം മതവിശ്വാസത്തെ അവഹേളിക്കുന്നതാണെന്നായിരുന്നു ഷഹാബുദ്ദീന്റെ വാദം. പുസ്തകം ഇന്ത്യയിലെത്തുന്നത് വലിയ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ നിരോധിക്കണമെന്നായിരുന്നു മുസ്ലീം സമുദായത്തെ കൂട്ടുപിടിച്ച് ഷഹാബുദ്ദീന്‍ ആവശ്യപ്പെട്ടത്. രാജ്യത്തെ ക്രമസമാധാനത്തെ ബാധിക്കുമെന്ന അഭിപ്രായത്തെ ഖുര്‍ഷീദ് ആലം ഖാന്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളും ശരിവച്ചതോടെയാണ് രാജീവ് ഗാന്ധി സര്‍ക്കാര്‍ പുസ്തകത്തിന്റെ ഇറക്കുമതി നിരോധിക്കുന്നത്. മാത്രമല്ല, കേന്ദ്ര ആഭ്യന്തര മന്ത്രാലയം റുഷ്ദിക്ക് ഇന്ത്യയിലേക്ക് വരുന്നതിന് വിലക്കും ഏര്‍പ്പെടുത്തി. 11 വര്‍ഷങ്ങള്‍ക്കിപ്പുറം അടല്‍ ബിഹാരി വാജ്പേയ് സര്‍ക്കാരിന്റെ കാലത്താണ് റുഷ്ദിയുടെ യാത്രാവിലക്ക് എടുത്തുമാറ്റിയത്. അപ്പോഴും, പുസ്തകത്തിനുള്ള ഇറക്കുമതി വിലക്ക് തുടര്‍ന്നു.

ഇറക്കുമതി വിലക്കിന്റെ രാഷ്ട്രീയം
ദ സാത്താനിക് വേഴ്സസ് പുറത്തിറങ്ങി പത്ത് ദിവസങ്ങള്‍ക്കിപ്പുറം ഇന്ത്യ കൈക്കൊണ്ട തീരുമാനം അമ്പരപ്പിക്കുന്നതായിരുന്നു. പുസ്തകത്തിന്റെ ഇറക്കുമതി നിരോധനത്തിന് സമ്മര്‍ദം ചെലുത്തിയവരും തീരുമാനമെടുത്തവരുമൊന്നും നോവല്‍ അപ്പോള്‍ വായിച്ചിരുന്നില്ല. പുസ്തകത്തിലെ ചില ഭാഗങ്ങളും, മാധ്യമങ്ങളില്‍ വന്ന റുഷ്ദിയുടെ അഭിമുഖവും മാത്രം കണക്കിലെടുത്തായിരുന്നു അത്തരമൊരു തീരുമാനം. ഖുശ്വന്ത് സിങ് ഇല്ലസ്ട്രേറ്റഡ് വീക്കിലിയില്‍ എഴുതിയ നിരൂപണമായിരുന്നു എല്ലാവരുടെയും പ്രധാന ആയുധം. നോവല്‍ അപകടകാരിയാണെന്നും ഇന്ത്യയില്‍ നിരോധിക്കുന്നതാകും ഉചിതമെന്നുമായിരുന്നു ഖുശ്വന്തിന്റെ വിലയിരുത്തല്‍. അതിന്റെ ചുവടുപിടിച്ചാണ് ഷഹാബുദ്ദീന്‍ രാജീവ് ഗാന്ധിക്കുമേല്‍ സമ്മര്‍ദം ചെലുത്തിയത്. ഇതോടെ, നോവലിലെ ഭാഗങ്ങള്‍ വളച്ചൊടിക്കാനും ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ പുസ്തകത്തിന്റെ ഇറക്കുമതി നിരോധിച്ചു. എന്നാല്‍ ഇതിനെല്ലാം അപ്പുറം ചില സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ കൂടിയുണ്ടായിരുന്നു രാജീവ് ഗാന്ധിയുടെ തീരുമാനത്തിന്. അന്നത്തെ രാഷ്ട്രീയ-സാമുഹിക സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ അത് മനസിലാകും.

1984ലെ സിഖ് കലാപത്തിനുശേഷം മത-വിശ്വാസ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. 1985ലെ ഷാ ബാനോ കേസില്‍ സുപ്രീംകോടതി വിധിയെ മറികടക്കാന്‍ നിമയനിര്‍മാണം വരുന്നതും അങ്ങനെയാണ്. മുസ്ലീം സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനുശേഷം ജീവനാംശം നല്‍കണമെന്ന കോടതി വിധി മുസ്ലീം വ്യക്തിനിയമത്തിന് എതിരാണെന്ന യാഥാസ്ഥിതികരുടെ കടുത്ത എതിര്‍പ്പിനും പ്രതിഷേധത്തിനും വഴങ്ങിയായിരുന്നു സര്‍ക്കാരിന്റെ നിയമനിര്‍മാണം. അതിനിടെ, സര്‍ക്കാര്‍ മുസ്ലീം പ്രീണനം തുടരുന്നുവെന്ന ആരോപണവുമായി ഹൈന്ദവ സംഘടനകളും നേതാക്കളും രംഗത്തെത്തി. ഇതിനു പിന്നാലെയാണ് 1986ല്‍, ബാബറി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്കുള്ള നിയന്ത്രണം നീക്കണമെന്ന ഹര്‍ജിയില്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്നത്. അതുവരെ ഹിന്ദു പുരോഹിതന് വാര്‍ഷിക പൂജ ചെയ്യുന്നതിന് മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. നിയന്ത്രണം നീക്കിയതോടെ, ഹിന്ദുക്കളായ എല്ലാവര്‍ക്കുമായി മസ്ജിദ് തുറന്നുനല്‍കി.



1987ല്‍ ബൊഫോഴ്സ് അഴിമതി ആരോപണമാണ് രാജീവ് ഗാന്ധി സര്‍ക്കാരിനെ വലച്ചത്. പ്രതിരോധമന്ത്രിയായിരുന്ന വി.പി. സിങ്ങിനെ കാബിനറ്റില്‍നിന്ന് നീക്കേണ്ടിവന്നു. പിന്നാലെ, വി.പി. സിങ് കോണ്‍ഗ്രസും വിട്ടു. സര്‍ക്കാരിനെതിരായ വിവാദങ്ങളും ആരോപണങ്ങളുമൊക്കെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന കാലത്താണ്, രാജീവ് ഗാന്ധി സര്‍ക്കാര്‍ മാനനഷ്ട വിരുദ്ധ ബില്‍ (Defamation Bill 1988) കൊണ്ടുവരുന്നത്. 1988 ഓഗസ്റ്റ് 29ന് രാജീവ് ഗാന്ധി അവതരിപ്പിച്ച ബില്‍ തൊട്ടടുത്ത ദിവസം തന്നെ ലോക്സഭ പാസാക്കി. എന്നാല്‍, ഭരണകൂട വിമര്‍ശനങ്ങളില്‍നിന്ന് മാധ്യങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള നിയമം, അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ ശ്രമം എന്നിങ്ങനെ വിമര്‍ശനങ്ങള്‍ കടുത്തതോടെ, സെപ്റ്റംബറില്‍ തന്നെ ബില്‍ പിന്‍വലിക്കേണ്ടിവന്നു. തൊട്ടുപിന്നാലെയാണ് ദ സാത്താനിക് വേഴ്സസ് സംബന്ധിച്ച വിവാദങ്ങള്‍ ഉയര്‍ന്നുവന്നത്. അധികം സമയം കളയാതെ, പുസ്തകത്തിന്റെ ഇറക്കുമതി നിരോധിച്ച് രാജീവ് ഗാന്ധി സര്‍ക്കാര്‍ വേഗത്തില്‍ തടിതപ്പുകയായിരുന്നു. ഇന്ത്യക്കുപിന്നാലെ, സുഡാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും പുസ്തകത്തിന് വിലക്കേര്‍പ്പെടുത്തി. പിന്നെയും മാസങ്ങള്‍ കഴിഞ്ഞ്, 1989 ഫെബ്രുവരി 14നാണ് ഇറാന്റെ പരമാധികാരി ആയത്തൊല്ല റൂഹൊല്ല ഖൊമേനി റുഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിച്ചതെന്നതും ശ്രദ്ധേയം. 1998ല്‍ റുഷ്ദിക്കെതിരായ കൊലപാതക പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യില്ലെന്ന് ഇറാന്‍ നിലപാട് പുതുക്കി. അതേസമയം, 1989ല്‍ പുറപ്പെടുവിച്ച ഫത്വ ഔദ്യോഗികമായി പിന്‍വലിച്ചിരുന്നില്ല.

രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പന്താട്ടം
പുസ്തകം ഒരിക്കല്‍പ്പോലും വായിക്കാതെ, മുസ്ലീം എംപിമാരുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് രാജീവ് ഗാന്ധി അത്തരമൊരു തീരുമാനമെടുത്തതെന്ന അഭിപ്രായമായിരുന്നു റുഷ്ദിക്കും. ഇതുസംബന്ധിച്ച റുഷ്ദിയുടെ കുറിപ്പ്, പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കൊരു തുറന്ന കത്ത് എന്ന പേരില്‍ 1988 ഒക്ടോബര്‍ 19ന് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചിരുന്നു. 'ഇന്ത്യ അവരുടെ നന്മയ്ക്കുവേണ്ടി ഒരു പുസ്തകം നിരോധിച്ചു' (India Bans a Book For Its Own Good) എന്ന തലക്കെട്ടിലായിരുന്നു ലേഖനം. പാര്‍ലമെന്റ് അംഗങ്ങളായ സയീദ് ഷഹാബുദ്ദീന്‍, ഖുര്‍ഷിദ് ആലം ഖാന്‍ എന്നിവരുള്‍പ്പെടെ, രണ്ടോ മൂന്നോ മുസ്ലീം രാഷ്ട്രീയക്കാരുടെ പരാതിയുടെയോ സമ്മര്‍ദത്തിന്റെയോ പേരില്‍ പുസ്തകത്തിന് ഇറക്കുമതി വിലക്ക് ഏര്‍പ്പെടുത്തിയ രാജീവ് ഗാന്ധി സര്‍ക്കാര്‍ തീരുമാനത്തെയാണ് റുഷ്ദി ലേഖനത്തില്‍ ചോദ്യം ചെയ്തത്. "തീവ്രവാദികളെന്നും മതമൗലികവാദികളെന്നും വിളിക്കാൻ എനിക്കൊരു മടിയുമില്ലാത്ത ഈ വ്യക്തികള്‍, ഈ നോവല്‍ വായിക്കേണ്ട ആവശ്യമില്ലെന്ന് പ്രസ്താവിച്ചുകൊണ്ട് എന്നെയും എന്റെ നോവലിനെയും ആക്രമിച്ചിരിക്കുന്നു. അവര്‍ക്ക് സര്‍ക്കാര്‍ വഴങ്ങിയെന്നത് വളരെ അസ്വസ്ഥതയുണ്ടാക്കുന്നു" -റുഷ്ദി വ്യക്തമാക്കി.




നോവലിലെ ചില ഭാഗങ്ങള്‍ വളച്ചൊടിക്കുന്നതിനും ദുരുപയോഗം ചെയ്യുന്നതിനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനമെന്ന പ്രസ്താവനയെയും റുഷ്ദി കണക്കറ്റ് പരിഹസിച്ചു. "ഇത് ശരിക്കും അതിശയിപ്പിക്കുന്നതാണ്. മോഷ്ടാക്കളുടെയോ ബലാത്സംഗക്കാരുടെയോ ആക്രമണം നേരിടാന്‍ സാധ്യതയുള്ള ഒരു നിരപരാധിയെ തിരിച്ചറിഞ്ഞാല്‍, സംരക്ഷത്തിനായി അയാളെ ജയിലില്‍ അടയ്ക്കുന്നതുപോലെയാണിത്. മിസ്റ്റര്‍ ഗാന്ധി, ഒരു സ്വതന്ത്ര സമൂഹം പെരുമാറേണ്ട മാര്‍ഗം ഇതല്ല. നിങ്ങളുടെ സര്‍ക്കാരിന് ഒട്ടും ലജ്ജ തോന്നുന്നില്ലെന്ന് വ്യക്തം. സര്‍, അതില്‍ ലജ്ജിക്കേണ്ട കാര്യമുണ്ട്. ഇന്ത്യയിലെ വായനക്കാർ എന്ത് വായിക്കണം, വായിക്കരുത് എന്ന് തീരുമാനിക്കേണ്ടത് ധനമന്ത്രാലയമാണ് എന്നത് ലോകമെമ്പാടുമുള്ള പലരും വിചിത്രമായി കാണും. അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം ഏതൊരു ജനാധിപത്യ സമൂഹത്തിൻ്റെയും അടിത്തറയാണ്. ഇപ്പോൾ, ലോകമെങ്ങും ഇന്ത്യൻ ജനാധിപത്യം ഒരു തമാശയായി മാറിക്കൊണ്ടിരിക്കുകയാണ്. ഏതെങ്കിലും തീവ്ര മത സംഘടനകളിൽ നിന്നുള്ള സമ്മർദ്ദത്തെ ചെറുക്കാൻ നിങ്ങളുടെ സര്‍ക്കാരിന് കഴിയുന്നില്ല അല്ലെങ്കിൽ തയ്യാറല്ലെന്ന് തോന്നുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ഇപ്പോൾ രാഷ്ട്രീയ അജണ്ട നിയന്ത്രിക്കുന്നത് മതമൗലികവാദികളാണ്. എൻ്റെ പുസ്തകത്തെ രാഷ്ട്രീയ പന്താട്ടത്തിനായി ഉപയോഗിച്ചതിൽ എനിക്ക് അതിയായ നീരസമുണ്ട്. ഇത് ജനാധിപത്യ വിരുദ്ധം മാത്രമല്ല, അവസരവാദമാണ്"- എന്നും റുഷ്ദി കൂട്ടിച്ചേര്‍ത്തിരുന്നു.


ALSO READ:  നിരോധനം ഏര്‍പ്പെടുത്തിയ വിജ്ഞാപനം ഹാജരാക്കാനായില്ല; മൂന്ന് പതിറ്റാണ്ടിനു ശേഷം ' ദ സാത്താനിക് വേഴ്‌സസ്' നോവലിന്റെ വിലക്ക് നീക്കി


വിവാദങ്ങള്‍ക്കപ്പുറം സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ ഭാഗമായി വന്നൊരു നിരോധനമാണ് സുപ്രീംകോടതി ഇപ്പോള്‍ നീക്കിയിരിക്കുന്നത്. പുസ്തകത്തിന് നിരോധനം ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെ മറുപടി പറയേണ്ടിവരും. കാരണം, നിരോധിച്ചത് പുസ്തകമായിരുന്നില്ല, അതിന്റെ ഇറക്കുമതി ആയിരുന്നു. അത്തരത്തിലാണ് പുസ്തകം ഇന്ത്യയിലേക്ക് എത്തുന്നതിന് ഔദ്യോഗികമായി തടയിട്ടത്. എന്നിരുന്നാലും, വിദേശയാത്ര പോയി വരുന്നവരിലൂടെയും, വിദേശത്തുള്ളവര്‍ നാട്ടിലെത്തുമ്പോഴുമൊക്കെ പുസ്തകം ഇന്ത്യയില്‍ എത്തിയിരുന്നു. ഇറക്കുമതി നിരോധനം ഇല്ലാതായതോടെ, ഇനിയത് വേണ്ടിവരില്ല. സാത്താനിക് വേഴ്സസിന്റെ പതിപ്പുകള്‍ ഇന്ത്യയിലെത്താനുള്ള സാഹചര്യം ഒരുങ്ങിക്കഴിഞ്ഞു. അപ്പോഴും ചില ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. 36 വര്‍ഷത്തിനിടെയുണ്ടായ അക്രമങ്ങള്‍, പുസ്തകത്തിന്റെ പ്രസാധകര്‍ക്കും വിവര്‍ത്തകര്‍ക്കുമെതിരെ പലകാലങ്ങളിലുണ്ടായ വധശ്രമങ്ങള്‍, ജപ്പാനീസ് വിവര്‍ത്തകന്‍ ഹിതോഷി ഇഗരാഷിയുടെ കൊലപാതകം തുടങ്ങി റുഷ്ദിയുടെ വലതുകണ്ണിന്റെ കാഴ്ചയെടുത്ത 2022ലെ വധശ്രമം വരെയുള്ള സംഭവങ്ങള്‍ എതിര്‍പ്പുകളും പ്രതിഷേധങ്ങള്‍ക്കുമൊക്കെ ഇനിയും കാരണമായേക്കാം.

Also Read
user
Share This

Popular

KERALA
KERALA
മലയാളത്തിന്റെ മഞ്ഞ് കാലം മാഞ്ഞു; എംടിയെ യാത്രയാക്കി കേരളം