അതുകൊണ്ടുതന്നെ ചിട്ടയില്ലാത്ത ഭക്ഷണക്രമവും മുഖക്കുരു വരാനുള്ള സാധ്യതയെ കൂട്ടും. മുഖക്കുരുവിനെ തടയാൻ ഒഴിവാക്കാവുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
നിരവധിപ്പേരെ അലട്ടുന്ന ഒരു ചർമ്മപ്രശ്നമാണ് മുഖക്കുരു. പലരേയും മാനസികമായി തളർത്തുന്നവിധത്തിൽവരെ മുഖക്കുരു ജീവിതത്തിൽ വില്ലനായിത്തീരാറുണ്ട്.നാം കഴിക്കുന്ന ഭക്ഷണങ്ങളും നമ്മുടെ ചര്‍മ്മത്തിന്‍റെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ചിട്ടയില്ലാത്ത ഭക്ഷണക്രമവും മുഖക്കുരു വരാനുള്ള സാധ്യതയെ കൂട്ടും. മുഖക്കുരുവിനെ തടയാൻ ഒഴിവാക്കാവുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
1. പഞ്ചസാര
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുമ്പോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർധിക്കും. ഇത് ഇൻസുലിൻ ഉൽപാദനം വർധിക്കാന്‍ കാരണമാവുന്നു. ഇതുമൂലം ചർമ്മത്തിലെ ഗ്രന്ഥികളില്‍ എണ്ണ അമിതമായി ഉൽപാദിപ്പിക്കാം. അതുവഴി സുഷിരങ്ങൾ അടയുകയും മുഖക്കുരു രൂപപ്പെടാൻ ഇടയാക്കുകയും ചെയ്യും. മുഖക്കുരുവിന് കാരണമാകുന്ന ചർമ്മത്തിലെ ബാക്ടീരിയകളുടെ വളർച്ചയെയും പഞ്ചസാര പ്രോത്സാഹിപ്പിക്കുന്നു. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
2. പാലുല്‍പ്പന്നങ്ങള്‍
ഇൻസുലിൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നവയാണ് പാലും പാലുല്‍പ്പന്നങ്ങളും , ഇത് ചർമ്മത്തിൽ എണ്ണ ഉൽപാദനം വർധിപ്പിക്കുകയും , മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടുകയും ചെയ്യുന്നു. അതിനാല്‍ ക്രീം, ചീസ്, കോട്ടേജ് ചീസ് തുടങ്ങിയവ പരമാവധി ഒഴിവാക്കുന്നതാണ് മുഖക്കുരുവിനെ തടയാന്‍ നല്ലത്.
3. സംസ്കരിച്ച ഭക്ഷണങ്ങള്‍
അനാരോഗ്യകരമായ കൊഴുപ്പും, അമിത കലോറിയും കാര്‍ബോയും അടങ്ങിയ ഭക്ഷണം, ബര്‍ഗര്‍, ഹോട്ട് ഡോഗ്സ് തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങള്‍, ജങ്ക് ഫുഡുകള്‍ തുടങ്ങിയവ അമിതമായി കഴിക്കുന്നതും മുഖക്കുരുവരാൻ കാരണമാകും.
4. ചോക്ലേറ്റ്
ചോക്ലേറ്റും അമിതമായി കഴിക്കരുത്. ചർമ്മത്തിൽ എണ്ണ ഉൽപ്പാദനം കൂട്ടുന്ന മെഥൈൽക്സാന്തൈൻസ് എന്ന സംയുക്തങ്ങൾ ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, ചോക്ലേറ്റിൽ പഞ്ചസാരയും കൂടുതലാണ്. ഇത് ഇൻസുലിൻ വർധനവിന് കാരണമാകും, ഇത് മുഖക്കുരുവിനും കാരണമാകും.
5. എരിവുള്ള ഭക്ഷണങ്ങൾ
കൂടുതൽ എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം ശരീരം അമിതമായി ചൂടാകുമ്പോൾ, അത് വിയർപ്പിലേക്ക് നയിച്ചേക്കാം. ഇത് സുഷിരങ്ങൾ അടയുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യും. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.
6. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചിലരില്‍ മുഖക്കുരുവിനുള്ള സാധ്യതയെ കൂട്ടാം. അതിനാല്‍ ഇത്തരം ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
7. മദ്യം
മദ്യം കഴിക്കുന്നത് മൂലം ശരീരത്തില്‍ നിർജ്ജലീകരണം സംഭവിക്കാം. ഇതോടെ ചർമ്മം വരൾച്ചയ്ക്ക് പരിഹാരമായി എണ്ണ അമിതമായി ഉൽപാദിപ്പിക്കാം. അതും മുഖക്കുരു ഉണ്ടാകാൻ ഇടയാക്കുകയും ചെയ്യും. അതിനാല്‍ അമിത മദ്യപാനവും ഒഴിവാക്കുക.