സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നു എന്ന് ഗായകൻ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു
എറണാകുളം ഇടപ്പള്ളി ഒബ്രോൺ മാളിൽ ഗായകൻ സൂരജ് സന്തോഷ് നയിച്ച സംഗീത പരിപാടിക്കിടെ തിക്കും തിരക്കും. തിരക്ക് അനിയന്ത്രിതമായതോടെ നിരവധിപ്പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പിന്നാലെ പൊലീസെത്തി പരിപാടി നിർത്തിവെപ്പിച്ചു.
ശനിയാഴ്ച നടന്ന സംഗീത പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരുന്നു. ഇതോടെയാണ് പ്രതീക്ഷിച്ചതിലും അധികം തിരക്കുണ്ടായത്. അറ്റകുറ്റപ്പണികൾ കഴിഞ്ഞ ശേഷം അടുത്തിടെയാണ് ഒബ്രോൺ മാളിന്റെ റീലോഞ്ച് നടന്നത്. ഇതിനോടനുബന്ധിച്ചായിരുന്നു സൂരജ് സന്തോഷ് നയിക്കുന്ന സംഗീത നിശ അരങ്ങേറിയത്.
സംഭവത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ ഖേദപ്രകടനവുമായി സൂരജ് സന്തോഷ് രംഗത്തെത്തി. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് പരിപാടി നിർത്തിയതെന്നും സൂരജ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.
"ഒബ്രോൺ മാളിൽ നടന്ന ഞങ്ങളുടെ ഷോ വെറും മൂന്ന് പാട്ടുകൾക്ക് ശേഷം അവസാനിപ്പിക്കേണ്ടി വന്നതിൽ ഖേദിക്കുന്നു. അനിയന്ത്രിതമായ ജനത്തിരക്കായിരുന്നു ഇതിന് കാരണം, അതിനാൽ മാൾ അധികൃതർക്ക് സംഗീത നിശ നേരത്തെ അവസാനിപ്പിക്കേണ്ടി വന്നു. ഇതുണ്ടാക്കിയ നിരാശയിൽ ഞങ്ങൾ ഖേദിക്കുന്നു. നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ മുൻഗണന. ഈ അവസ്ഥ മനസിലാക്കിയതിനും പിന്തുണ നൽകിയതിനും എല്ലാവർക്കും നന്ദി. ഉടൻ തന്നെ നമ്മൾ വീണ്ടും കാണും," സൂരജ് സന്തോഷ് കുറിച്ചു.