നാലാം ടെസ്റ്റിന് മുമ്പ് ടീമിൻ്റെ ഫിസിയോ ഡോക്ടർമാർ അദ്ദേഹത്തിൻ്റെ പരുക്കിൻ്റെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നാണ് റിപ്പോർട്ട്.
ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ടീം ഇന്ത്യക്ക് ആശങ്കയായി പരുക്ക്. ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് നെറ്റ് പരിശീലനത്തിനിടെ കാൽമുട്ടിന് പരുക്കേറ്റെന്നാണ് റിപ്പോർട്ട്. വേദന അവഗണിച്ച് കളി തുടരാൻ ശ്രമിച്ചെങ്കിലും ഒടുവിൽ വൈദ്യസഹായം തേടേണ്ടി വന്നുവെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്തത്.
ഇടതു കാൽമുട്ടിൽ പരുക്കേറ്റ രോഹിത് ഒരു കസേരയിൽ ഇരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. തുടക്കത്തിൽ പരുക്ക് ഗൗരവമുള്ളതായി തോന്നിയില്ലെങ്കിലും പിന്നീട് വിശദമായ പരിശോധനകൾക്കായി താരത്തെ മാറ്റുകയായിരുന്നു. നാലാം ടെസ്റ്റിന് മുമ്പ് ടീമിൻ്റെ ഫിസിയോ ഡോക്ടർമാർ അദ്ദേഹത്തിൻ്റെ പരുക്കിൻ്റെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ ടീം അംഗങ്ങളെല്ലാം നെറ്റ്‌സിൽ പരിശീലനം തുടരുകയാണ്. ഇന്ത്യയുടെ പ്രധാന പേസർ ജസ്പ്രീത് ബുമ്ര ഉൾപ്പെടെ മറ്റു മിക മികച്ച ഫിറ്റ്നസ് നിലനിർത്തുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. മുഹമ്മദ് സിറാജ് , ആകാശ് ദീപ് എന്നിവരും നെറ്റ് പ്രാക്ടീസിൽ മികച്ച രീതിയിൽ പന്തെറിയുന്നുണ്ടായിരുന്നു.
കഴിഞ്ഞ ഏതാനും മത്സരങ്ങളിലായി മികച്ച ഫോമിലല്ലാതിരുന്ന വിരാട് കോഹ്‌ലി രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ തുടങ്ങിയ സ്പിന്നർമാരെയാണ് നേരിട്ടത്. ഇന്ത്യൻ ടീമിന് തിങ്കളാഴ്ച വിശ്രമ ദിനമാണെങ്കിലും അതിന് ശേഷം മെൽബൺ ടെസ്റ്റിനോട് അടുത്ത ദിവസങ്ങളിൽ പരിശീലനം പുനരാരംഭിക്കും.