പി. ശശിയും എം. അർ. അജിത് കുമാറും മുഖ്യമന്ത്രിയും ഒരുമിക്കുമ്പോൾ ഒരു അന്വേഷണവും എങ്ങും എത്തില്ലെന്നും പി.വി. അൻവർ പറഞ്ഞു
എഡിജിപി എം. ആർ. അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി പി.വി. അൻവർ എംഎൽഎ. സംസ്ഥാനത്ത് അജിത് കുമാർ ഉൾപ്പെടുന്ന നൊട്ടോറിയസ് ക്രിമിനൽ സംഘമുണ്ട്. അജിത് കുമാർ മുഖ്യമന്ത്രിയുടെ പൊന്നും കട്ടയാണെന്നും, പരസ്യമായി പിന്തുണക്കുക വഴി അദ്ദേഹം അന്വേഷണത്തെ വഴി തെറ്റിച്ചുവെന്നും പി.വി. അൻവർ ആരോപിച്ചു.
അജിത് കുമാറിനെ കസേര മാറ്റിയിരുത്തി എന്നല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്നും, പി. ശശിയും എം.അർ. അജിത് കുമാറും മുഖ്യമന്ത്രിയും ഒരുമിക്കുമ്പോൾ ഒരു അന്വേഷണവും എങ്ങുമെത്തില്ലെന്നും പി.വി. അൻവർ പറഞ്ഞു. "അജിത് കുമാറിനെതിരെ കൈവശം ഉണ്ടായിരുന്ന തെളിവുകൾ വിജിലൻസിന് നൽകിയിട്ടുണ്ട്. ബാക്കി തെളിവുകൾ കോടതിയിൽ നൽകും. അജിത് കുമാറിനെ തൊട്ടുകൊണ്ടുള്ള തീരുമാനം ഈ സർക്കാർ എടുക്കില്ല," അൻവർ പറഞ്ഞു. അജിത് കുമാറിൻ്റെ കവടിയാറിലെ വീട് നിർമാണത്തിൽ രജിസ്‌ട്രേഷൻ തട്ടിപ്പ് നടത്തിയ കാര്യം അൻവർ വീണ്ടും ഉന്നയിച്ചു.
ALSO READ: എം. ആർ. അജിത് കുമാറിന് ക്ലീൻ ചിറ്റ്; സാമ്പത്തിക ആരോപണങ്ങൾക്ക് തെളിവില്ലെന്ന് വിജിലൻസ്
കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി കെട്ടിടത്തിൽ ജീവനൊടുക്കിയ സാബുവിൻ്റെ വീട് സന്ദർശിച്ചതിന് ശേഷമായിരുന്നു പി.വി. അൻവറിൻ്റെ പ്രതികരണം. സംസ്ഥാന സഹകരണ സംഘം ഗുണ്ടാസംഘമായി മാറിയെന്നും കരുവന്നൂർ ബാങ്കിന് സമാനമായ നിരവധി ബാങ്കുകൾ കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ടെന്നും അൻവർ ആരോപിച്ചു. സഹകരണ മേഖല സിപിഎം കോർപ്പറേറ്റ് വത്കരിച്ചുവെന്നും, സാബുവിന്റെ കുടുംബം നിയമപരമായ നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും അൻവർ വ്യക്തമാക്കി.
സാബുവിൻ്റെ മരണത്തെ പറ്റി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കട്ടപ്പന, തങ്കമണി സിഐമാരുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് അന്വേഷിക്കുക. എസ്‌പി ടി.കെ. വിഷ്ണുപ്രദീപ് ആണ് സംഘത്തെ നിയോഗിച്ചത്.
അതേസമയം, എം.ആർ. അജിത് കുമാറിന് ഇന്ന് വിജിലൻസിൻ്റെ ക്ലീൻ ചിറ്റ് ലഭിച്ചു. പി.വി. അൻവർ എംഎൽഎ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾക്ക് തെളിവില്ലെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. സ്വർണക്കടത്ത് ബന്ധത്തിന് തെളിവില്ലെന്നും, കവടിയാറിലെ ആഡംബര വീട് നിർമാണത്തിന് ബാങ്ക് വായ്പ എടുത്തെന്നും വിജിലൻസ് കണ്ടെത്തി.