നിലവില്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.
പത്തനംതിട്ട ആവണിപ്പാറയില്‍ ആദിവാസി യുവതി ജീപ്പില്‍ പ്രസവിച്ചു. ആവണിപ്പാറ ആദിവാസി ഗിരിജന്‍ കോളനിയിലെ സജിതയാണ് ജീപ്പില്‍ വെച്ച് പ്രസവിച്ചത്. കോന്നി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു പ്രസവം.
നാളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാനിരിക്കെയാണ് യുവതിക്ക് പെട്ടെന്ന് പ്രസവ വേദന വരികയും തുടര്‍ന്ന് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ പ്രസവിക്കുകയും ചെയ്തത്.
സംഭവം അറിഞ്ഞതിന് പിന്നാലെ കോന്നിയില്‍ നിന്നും പുറപ്പെട്ട 108 ആംബുലന്‍സ് യുവതിയെയും കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് പുറപ്പെട്ടു. ആംബുലന്‍സില്‍ ഇവര്‍ക്കൊപ്പം നഴ്‌സുമാരുമുണ്ട്. നിലവില്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.
അച്ചന്‍കോവില്‍-കോന്നി പാതയിലെ യാത്രാ ദുരിതം സംബന്ധിച്ച് നേരത്തെയും ന്യൂസ് മലയാളം റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. ഈ പ്രദേശത്തേക്ക് ആംബുലന്‍സ് എന്ന് മാത്രമല്ല, ഇരു ചക്രവാഹനങ്ങള്‍ക്ക് പോലും എത്താന്‍ സാധിക്കുന്ന തരത്തിലുള്ളതല്ല. ഈ പാതയിലോ ആദിവാസി കോളനിയിലേക്കോ ഉള്ള പാത നന്നാക്കുവാനുള്ള നടപടികള്‍ ഒന്നും തന്നെ ഇപ്പോഴും സ്വീകരിച്ചിട്ടില്ല.