ലീഗിലെ മോശം പ്രകടനത്തെ തുടർന്ന് പരിശീലകൻ മിഖായേൽ സ്റ്റാറെ സ്ഥാനമൊഴിഞ്ഞ ശേഷമുള്ള ആദ്യ മത്സരമാണിത്
ഐഎസ്എല്ലിൽ നിലനിൽപ്പിൻ്റെ പോരാട്ടത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഹോം ഗ്രൗണ്ടിൽ മുഹമ്മദൻസ് സ്പോർട്ടിംഗാണ് എതിരാളികൾ. ലീഗിലെ മോശം പ്രകടനത്തെ തുടർന്ന് പരിശീലകൻ മിഖായേൽ സ്റ്റാറെ സ്ഥാനമൊഴിഞ്ഞ ശേഷമുള്ള ആദ്യ മത്സരമാണിത്. രാത്രി ഏഴരയ്ക്ക് മുഹമ്മദൻസിൻ്റെ തട്ടകത്തിലാണ് മത്സരം.
ഐഎസ്എൽ കിരീടം ബ്ലാസ്റ്റേഴ്സിന് ഇത്തവണയും ഒരു കിട്ടാ കനിയായി മാറുകയാണ്. നിരവധി മാറ്റങ്ങളും പുതിയ പരിശീലകനെ ഉൾപ്പെടെ കൊണ്ടുവന്നിട്ടും ടീമിൻ്റെ പ്രകടനത്തിൽ മാത്രം മാറ്റമില്ല. സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ആരാധകരുടെ രൂക്ഷമായ പ്രതിഷേധമാണ് ടീമിന് നേരെ ഉയരുന്നത്. എന്നാൽ ആരാധകരും ടീമും ഒറ്റക്കെട്ടാണെന്നും ഒരുമിച്ച് മുന്നോട്ടു പോകണമെന്നും ടീമിന്റെ താൽക്കാലിക പരിശീലന ചുമതലയുള്ള ടി.ജി. പുരുഷോത്തമൻ പറഞ്ഞു.
ALSO READ: ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനം; മാനേജ്‌മെന്റിനോട് ചോദ്യങ്ങളുമായി മഞ്ഞപ്പട
സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ കിരീട പ്രതീക്ഷ അവസാനിച്ചു എന്ന് തന്നെയാണ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ മറുപടിയിൽ നിന്ന് വ്യക്തമാകുന്നത്. ഇനിയുള്ള മത്സരങ്ങളിൽ പരമാവധി പോയിന്റുകൾ സ്വന്തമാക്കുന്നതിനപ്പുറം, പ്ലേ ഓഫ് സാധ്യത വിദൂര സ്വപ്നങ്ങളിൽ മാത്രമാണ്.
12 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് കൊമ്പന്മാർക്ക് ജയിക്കാനായത്. സീസണിൽ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയ ടീമും ബ്ലാസ്റ്റേഴ്സ് തന്നെയാണ്. ടീമെന്ന നിലയിൽ താളം കണ്ടെത്താനാകാത്തത് കൊമ്പന്മാരെ വലയ്ക്കുന്നുണ്ട്. സീസണിലെ ആദ്യ മത്സരത്തിൽ മുഹമ്മദൻസിനെ കീഴടക്കിയ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുക.