കൃത്യമായൊരു ദിനചര്യ പിന്തുടർന്ന്, നിത്യജീവിതത്തിലെ കാര്യങ്ങൾ അടുക്കോടെയും ചിട്ടയോടെയും ചെയ്യാൻ ശ്രമിക്കുകയാണ് ഇതിൻ്റെ അടിസ്ഥാനം
ഉറക്കമില്ലായ്മ നമ്മളെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് തള്ളിവിട്ടേക്കാം. ഒപ്പം ക്ഷീണം, ദഹനപ്രശ്നങ്ങൾ, ശ്രദ്ധക്കുറവ്, തലവേദന, സങ്കടവും ദുഃഖവുമൊക്കെ മാറിമാറിവരുന്ന മാനസികാവസ്ഥ എന്നിവയിലേക്കെല്ലാം നയിക്കുകയും ചെയ്യും. ശാരീരിക-മാനസിക പ്രശ്നങ്ങൾ കൊണ്ടും ഉറക്കക്കുറവ് അനുഭവപ്പെടാം. ആസ്തമ, ഹോർമോൺ തകരാറുകൾ എന്നിവയൊക്കെ ഉറക്കക്കുറവിന് കാരണമായേക്കാവുന്ന ശാരീരിക പ്രശ്നങ്ങളാണ്. അമിതമായ സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ പോലുള്ള മാനസികാവസ്ഥകളും ആളുകളിൽ ഉറക്കക്കുറവിന് കാരണമാവാറുണ്ട്.
ഉറക്കക്കുറവ് പരിഹരിക്കാൻ ആയുർവേദം നിർദേശിക്കുന്നത് പ്രധാനമായും നാലു പ്രതിവിധികളാണ്. കൃത്യമായൊരു ദിനചര്യ പിന്തുടർന്ന്, നിത്യജീവിതത്തിലെ കാര്യങ്ങൾ അടുക്കോടെയും ചിട്ടയോടെയും ചെയ്യാൻ ശ്രമിക്കുകയാണ് ഇതിൻ്റെ അടിസ്ഥാനം. രൂക്ഷമായ ഉറക്ക പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവർ നേരിട്ട് ഒരു ആയുർവേദ ഡോക്ടറെ കണ്ട് ഓരോരുത്തർക്കും അനുയോജ്യമായ രീതിയിൽ ശിരോധാര, തൈലധാര, തക്രധാര, ക്ഷീരധാര പോലുള്ള ചികിത്സാ രീതികൾ സ്വീകരിക്കണം.
വ്യായാമം
ദിവസവും അരമണിക്കൂറെങ്കിലും വ്യായാമത്തിനു വേണ്ടി മാറ്റി വയ്ക്കണം. കഴിയുന്നതും ഉറങ്ങുന്നതിനു 5 മണിക്കൂർ മുൻപായി വ്യായാമം ചെയ്യാൻ ശ്രമിക്കുക.
രാത്രി ഭക്ഷണം
ലഘുവായതും ധാരാളം പ്രോട്ടീൻ അടങ്ങിയതുമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.
എണ്ണ തേച്ചുകുളി
ഉറക്കപ്രശ്നങ്ങൾ പരിഹരിക്കാൻ ആയുർവേദം പറയുന്ന പ്രധാന കാര്യങ്ങളിൽ ഒന്നാണ് സ്ഥിരമായുള്ള എണ്ണതേച്ചുകുളി. എന്നാൽ തിരക്കേറിയ ജീവിതത്തിൽ പലരെ സംബന്ധിച്ചും നിത്യേനയുള്ള എണ്ണതേച്ചുകുളി ബുദ്ധിമുട്ടാവും. അതിനു പകരം പാദഭ്യംഗ ശീലമാക്കാം. ക്ഷീരഫല പോലുള്ള എണ്ണ ഉപയോഗിച്ച് ഉള്ളം കാലിൽ ചെറുതായി മസാജ് ചെയ്യുന്നതിനാണ് പാദഭ്യംഗ എന്നു പറയുന്നത്. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് വേണം ഇത് ചെയ്യാൻ.
ഡിജിറ്റൽ ഡിറ്റോക്സിങ്
എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാൻ ശ്രമിക്കുക. ഒപ്പം കിടക്കുന്നതിനു ഒരു മണിക്കൂർ മുൻപു തന്നെ മൊബൈൽ, കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ടിവി പോലുള്ള ഡിജിറ്റൽ ഉപകരണങ്ങൾ എല്ലാം മാറ്റിവയ്ക്കാൻ ശീലിക്കുക. ഇവയെല്ലാം ഉറക്കത്തിൽ നിന്നും ശ്രദ്ധ അകറ്റുന്നവയാണ്.