മലയാളത്തില്‍ പ്രായമുള്ള നടിമാരെ പോലും വെറുതെ വിടില്ല
തമിഴ് സിനിമയില്‍ മലയാള സിനിമ മേഖലയിലെ പോലെ നടിമാര്‍ ലൈംഗികാതിക്രമം നേരിടുന്നില്ലെന്ന് നടി ചാര്‍മിള. ഒരു തമിഴ് ചാനലിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് ചാര്‍മിള ഇക്കാര്യം പറഞ്ഞത്.
'തമിഴ് സിനിമയില്‍ മലയാളത്തിലെപ്പോലെ നടിമാര്‍ ലൈംഗികാതിക്രമം നേരിടുന്നില്ല. അതിനാല്‍ ഹേമ കമ്മിറ്റി പോലെ പ്രത്യേകസമിതിയുടെ ആവശ്യം ഇല്ല. തമിഴില്‍ ഒരു പ്രായം കഴിഞ്ഞാല്‍ നടിമാര്‍ക്ക് വലിയ ബഹുമാനം ലഭിക്കും. മലയാളത്തില്‍ പ്രായമുള്ള നടിമാരെ പോലും വെറുതെ വിടില്ല. തമിഴില്‍ നടിമാര്‍ക്ക് മോശം അനുഭവമുണ്ടായാല്‍ താര സംഘടനയായ നടികര്‍ സംഘത്തിന്റെ ഭാരവാഹികളായ വിശാലിനെയോ കാര്‍ത്തിയെയോ സമീപിച്ചാല്‍ മതി. അവര്‍ പരിഹാരം കാണും. മലയാളത്തില്‍ നിന്ന് അടുത്തകാലത്തും മോശമായ ലക്ഷ്യത്തോടെ കോളുകള്‍ വന്നിട്ടുണ്ട്', ചാര്‍മിള പറഞ്ഞു.
ALSO READ : സ്ത്രീ സുരക്ഷ എന്നത് ഒരു വ്യവസായത്തിന്റെ മാത്രം പ്രശ്‌നമല്ല: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് ഏക്ത കപൂര്‍
അതേസമയം സിനിമ മേഖലയില്‍ നിന്ന് മോശം അനുഭവം ഇനിയുണ്ടായാല്‍ പരാതിപ്പെടുമെന്ന് ചാര്‍മിള ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു. പുതിയ തലമുറയ്ക്ക് ഹേമ കമ്മിറ്റി ഉണ്ട് എന്നത് ഭാഗ്യമാണ്. ഞങ്ങള്‍ക്ക് ആ കാലഘട്ടത്തില്‍ ആ ഭാഗ്യം ഇല്ലായിരുന്നു. ഇപ്പോഴത്തെ അവസരം സ്ത്രീകള്‍ പ്രയോജനപ്പെടുത്തണമെന്നും ചാര്‍മിള കൂട്ടിച്ചേര്‍ത്തു.