'വിനോദ സഞ്ചാരികളുടെ ജീവന്‍ രക്ഷിക്കാനായി ഒരു ഭീകരന്റെ തോക്ക് പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ആദില്‍ ഹുസൈന് വെടിയേല്‍ക്കുന്നത്'
പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ആദില്‍ ഹുസൈന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. വിനോദ സഞ്ചാരികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുതിര സവാരി നടത്തി ഉപജീവനം കണ്ടെത്തിയിരുന്ന കശ്മീരി മുസ്ലീം യുവാവായ ആദില്‍ ഹുസൈന്‍ കൊല്ലപ്പെടുന്നത്. ആദില്‍ ഹുസൈന്‍ ധീരനായ വ്യക്തിയാണെന്ന് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം ഒമര്‍ അബ്ദുള്ള പ്രതികരിച്ചു.
പഹല്‍ഗാമില്‍ ഭീകരര്‍ ആദ്യം ആദില്‍ ഹുസൈനെ മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ ഇതിനിടെ വിനോദ സഞ്ചാരികളുടെ ജീവന്‍ രക്ഷിക്കാനായി ഒരു ഭീകരന്റെ തോക്ക് പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ആദില്‍ ഹുസൈന് വെടിയേല്‍ക്കുന്നത്.
കശ്മീരിലെ സാധാരണ കുടുംബത്തില്‍ നിന്നു വരുന്ന ആദില്‍ ഹുസൈനാണ് കുടുംബത്തിന്റെ അത്താണി. മരണ വിവരം വീട്ടുകാര്‍ പോലും അറിയുന്നത് വൈകുന്നേരത്തോടെയാണ്. ഏതൊരു ദിവസത്തെയും പോലെ ജോലിക്ക് പോയതായിരുന്നു ആദില്‍. മകന്‍ സുരക്ഷിതനാണോ എന്നറിയാന്‍ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഏറെ വൈകിയാണ് കുടുംബം ആദിലിന്റെ മരണ വിവരം അറിയുന്നത്. ആക്രമണത്തിന് പിന്നിലുള്ളവരെ ശിക്ഷിക്കണമെന്ന് ആദില്‍ ഹുസൈന്റെ പിതാവ് സയ്യിദ് ഹൈദര്‍ ഷാ പറഞ്ഞു.
മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അടക്കം നൂറുകണക്കിനാളുകളാണ് ആദിലിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. ധീരനായാണ് ആദിലിന്റെ മടക്കം. അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം സര്‍ക്കാര്‍ ഉണ്ടെന്ന് അറിയിക്കാന്‍ കൂടിയാണ് ആദിലിന്റെ വീട്ടില്‍ എത്തിയതെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
'ഞാന്‍ എന്ത് പറയാനാണ്. നമ്മുടെ അതിഥികള്‍ അവധി ആഘോഷിക്കാന്‍ എത്തിയതാണ്. തിരിച്ചു മടങ്ങുന്നത് ശവപ്പെട്ടികളിലാണ്. അക്കൂട്ടത്തില്‍ ഈ ചെറുപ്പക്കാരനുമുണ്ടായിരുന്നു. ജീവിക്കാനായി കഠിനാധ്വാനം ചെയ്ത യുവാവാണ്. എന്നാല്‍ ആദിലിന്റേത് വെറുമൊരു മരണമല്ല. അദ്ദേഹം തന്റെ ധീരത തെളിയിച്ചു. അദ്ദേഹം ആക്രമണം തടയാന്‍ ശ്രമിച്ചു. അക്രമിയില്‍ നിന്ന് തോക്ക് പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ആദില്‍ കൊല്ലപ്പെടുന്നത്. ആദിലിന്റെ കുടുംബത്തെ സംരക്ഷിക്കേണ്ടതുണ്ട്. ഭരണകൂടം അദ്ദേഹത്തിനൊപ്പമുണ്ടെന്ന് ഉറപ്പു നല്‍കാനാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്. നമുക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം നമ്മള്‍ ചെയ്യും,' ഒമര്‍ അബ്ദുള്ള പറഞ്ഞു.
26 വിനോദ സഞ്ചാരികളാണ് കഴിഞ്ഞ ദിവസം പഹല്‍ഗാം താഴ്‌വരയിലുണ്ടായ തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സൈനിക വേഷത്തിലെത്തിയ നാല് പേരാണ് ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കാല്‍നടയായോ കുതിരപ്പുറത്തോ മാത്രം എത്താന്‍ കഴിയുന്ന പ്രദേശമാണ് പഹല്‍ഗാം. ഇവിടേക്ക് ട്രെക്കിങ്ങിനായി എത്തിയവര്‍ക്ക് നേരെയാണ് തീവ്രവാദികള്‍ വെടിയുതിര്‍ത്തത്.