രക്ഷിത് ഷെട്ടിയുടെ പുതിയ സിനിമയായ ബാച്ച്ലര്‍ പാര്‍ട്ടിയില്‍ എംആര്‍ടി മ്യൂസിക് കമ്പനിക്ക് ഉടമസ്ഥാവകാശമുള്ള ഗാനങ്ങള്‍ അനുവാദമില്ലതെ ഉപയോഗിച്ചെന്ന കേസില്‍ ഡല്‍ഹി ഹൈക്കോടതിയുടെതാണ് ഉത്തരവ്
രക്ഷിത് ഷെട്ടി
അനുമതി ഇല്ലാതെ പാട്ടുകള്‍ സിനിമയില്‍ ഉപയോഗിച്ചതിന് നടന്‍ രക്ഷിത് ഷെട്ടി 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി. രക്ഷിത് ഷെട്ടിയുടെ പുതിയ സിനിമയായ ബാച്ച്ലര്‍ പാര്‍ട്ടിയില്‍ എംആര്‍ടി മ്യൂസിക് കമ്പനിക്ക് അവകാശമുള്ള ഗാനങ്ങള്‍ അനുവാദമില്ലതെ ഉപയോഗിച്ചു എന്നാണ് കേസ്.
'ന്യായ എല്ലിഡെ' (1982), 'ഗാലി മാതു' (1981) എന്നീ സിനിമകളിലെ ഗാനങ്ങള്‍ രക്ഷിത് ഷെട്ടിയും അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയായ പരംവാ സ്റ്റുഡിയോയും അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന് എംആര്‍ടി മ്യൂസിക്കിന്റെ പങ്കാളികളിലൊരാളായ നവീന്‍ കുമാര്‍ പരാതിപ്പെട്ടിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ബാച്ചിലര്‍ പാര്‍ട്ടിക്ക് വേണ്ടി ഗാനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി തേടി രക്ഷിത് എംആര്‍ടി കമ്പനിയെ സമീപിച്ചെങ്കിലും അനുമതി നൽകിയിരുന്നില്ല. 2024 ജനുവരി 26 ന് ചിത്രം തിയേറ്ററുകളിലെത്തി. ഒടിടി പ്ലാറ്റഫോമായ ആമസോണ്‍ പ്രൈം വീഡിയോയില്‍ ബാച്ചിലര്‍ പാര്‍ട്ടി സിനിമ കണ്ടതിന് ശേഷമാണ് പാട്ടുകള്‍ ഉപയോഗിച്ച വിവരം നവീന്‍ തിരിച്ചറിഞ്ഞത്.
ALSO READ : പകര്‍പ്പവകാശം ലംഘിച്ചെന്ന് ആരോപണം; കന്നട താരം രക്ഷിത് ഷെട്ടിക്കെതിരെ കേസ്
വിഷയത്തില്‍ രക്ഷിത് ഷെട്ടി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഗാനശകലം ഉപയോഗിക്കാന്‍ യുക്തിക്ക് നിരക്കാത്ത തുകയാണ് ആവശ്യപ്പെട്ടതെന്ന് പരംവ സ്റ്റുഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കത്തില്‍ പറഞ്ഞിരുന്നു.
കോടതിയില്‍ ഹാജരാകാത്തതിനാല്‍ രക്ഷിത് ഷെട്ടിക്കും പരംവ സ്റ്റുഡിയോയ്ക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു . പ്രസ്തുത സോഷ്യല്‍ മീഡിയ പോസ്റ്റ് ഉടന്‍ പിന്‍വലിക്കാനും നടനോട് കോടതി നിര്‍ദേശിച്ചു. ഓഗസ്റ്റ് 12-ന് നടന്ന വാദത്തില്‍, മുന്‍കൂര്‍ അനുവാദം നേടാതെ ഗാനങ്ങളുടെ രണ്ട് ട്രാക്കുകള്‍ ഉപയോഗിച്ചതിന്, രക്ഷിത് ഷെട്ടി എംആര്‍ടി മ്യൂസിക്കിന് 20 ലക്ഷം രൂപ നല്‍കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.