ആമിര്‍ ഖാന്‍ നിര്‍മിച്ച ലാപത്ത ലേഡീസ് മാര്‍ച്ച് 1നാണ് തിയേറ്ററുകളിലെത്തിയത്
ലാപത്താ ലേഡീസ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ആശ്ചര്യത്തോടെയാണ് വരവേറ്റത്. എന്നാല്‍ നിരവധി പേര്‍ക്ക് ആ തീരുമാനത്തില്‍ എതിര്‍ അഭിപ്രായമുണ്ടായിരുന്നു. ദേശീയ പുരസ്‌കാരം ലഭിച്ച ആട്ടം, ഗ്രാന്റ് പ്രീ പുരസ്‌കാരം ലഭിച്ച ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്നീ ചിത്രങ്ങളെ പിന്നിലാക്കിയാണ് കിരണ്‍ റാവുവിന്റെ ലാപത്താ ലേഡീസ് തിരഞ്ഞെടുക്കപ്പെട്ടത്. സമൂഹമാധ്യമത്തില്‍ നിരവധി പേരാണ് ഇതു ചൂണ്ടിക്കാട്ടി വിമര്‍ശനം ഉന്നയിച്ചത്. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എഫ്എഫ്‌ഐ).
ജൂറിയുടെ ഒരുമിച്ചുള്ള തീരുമാനമായിരുന്നു ലാപത്താ ലേഡീസിനെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കുക എന്നത് എന്നാണ് ഇടൈംസിനോട് സംസാരിക്കവെ ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് രവി കൊട്ടാരക്കര പറഞ്ഞത്. അതോടൊപ്പം പായല്‍ കപാഡിയയുടെ ആള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഒരു ഫോറിന്‍ സിനിമയായാണെന്നും ഇന്ത്യന്‍ സിനിമയായല്ല ജൂറി കണ്ടെതെന്നും അദ്ദേഹം പറഞ്ഞു.
ALSO READ : രാഹുല്‍ ഗാന്ധി ധീരനും സത്യസന്ധനുമായ രാഷ്ട്രീയക്കാരന്‍: സെയ്ഫ് അലി ഖാന്‍
29 സിനിമകളില്‍ നിന്ന് ഏഴ് സിനിമകളാണ് അവസാന ഘട്ട തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നത്. അതില്‍ നിന്ന് അവസാന സിനിമ തിരഞ്ഞെടുക്കുക എന്നത് വലിയ ടാസ്‌ക് ആയിരുന്നുവെന്നും അതിനായി നാല് മണിക്കൂറോളം സമയമെടുത്തുവെന്നും എഫ്എഫ്‌ഐ പ്രസിഡന്റ് പറഞ്ഞു. അതോടൊപ്പം ലാപത്താ ലേഡീസ് കണ്ടപ്പോള്‍ അത് ഇന്ത്യന്‍ സ്ത്രീകളുടെ ദുരവസ്ഥയെ കാണിക്കുന്ന സിനിമയാണെന്ന് ജൂറിക്ക് ബോധ്യപ്പെട്ടു. കാരണം ഘൂംഘട്ട് ധരിച്ചതുകൊണ്ട് നവവധുക്കളെ പരസ്പരം മാറി പോകുന്ന അവസ്ഥ ഇന്ത്യയില്‍ മാത്രം നടക്കുന്ന കാര്യമാണെന്നും എഫ്എഫ്‌ഐ പ്രസിഡന്റ് വ്യക്തമാക്കി.
ആമിര്‍ ഖാന്‍ നിര്‍മിച്ച ലാപത്ത ലേഡീസ് മാര്‍ച്ച് 1നാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസ ലഭിച്ചിരുന്നു. നിതാന്‍ഷി ഗോയല്‍, പ്രതിഭ രന്ത, സ്പര്‍ശ് ശ്രീവാസ്തവ, ഛായ കദം, രവി കിഷന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ലാപത്താ ലേഡീസ് ഓസ്‌കാര്‍ എന്‍ട്രിയാവുക എന്നത് തന്റെ സ്വപ്നമാണെന്ന് കിരണ്‍ റാവു കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തെരഞ്ഞെടുത്തിരിക്കുന്നത്. ഏപ്രില്‍ 26ന് ചിത്രം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തിരുന്നു.