പരാതിക്ക് പിന്നാലെ ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലെ കാത്ത് ലാബ് ടെക്നീഷ്യനെതിരെ പീഡന പരാതിയുമായി 12 വിദ്യാർഥിനികൾ. കാർഡിയാക് വാസ്കുലർ ടെക്നീഷ്യൻ ഡിപ്ലോമ വിദ്യാർഥിനികളാണ് ലാബ് ടെക്നീഷ്യനെതിരെ പരാതി നൽകിയത്. കഴിഞ്ഞ 15 വർഷമായി താത്കാലിക ജീവനക്കാരനായി ജോലി ചെയ്ത് വരികയാണ് ഇയാൾ. പരാതിക്ക് പിന്നാലെ ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
പരിയാരം മെഡിക്കൽ കോളേജിലെ പ്രസ്തുത ബാച്ചിൽ 15 വിദ്യാർഥികളാണ് പഠിക്കുന്നത്. ഇതിൽ 12 പേർ പെൺകുട്ടികളാണ്. ഇവരെല്ലാം ലാബ് ടെക്നീഷ്യനെതിരെ പരാതി നൽകിയെന്നതാണ് ഗൗരവതരമായ വിഷയം. പഠനത്തിൻ്റെ ഭാഗമായി കാത്ത് ലാബിൽ എത്തുന്ന വിദ്യാർഥികളോട് ലാബ് ടെക്നീഷ്യൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. പലഘട്ടങ്ങളിലായാണ് വിദ്യാർഥിനികൾക്ക് മോശം അനുഭവം ഉണ്ടായത്.
പരാതി ലഭിച്ചതിന് പിന്നാലെ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് വനിതാ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അടുത്ത ദിവസം തന്നെ ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് പൊലീസിന് കൈമാറും. 15 വർഷമായി ജോലി ചെയ്യുന്ന ലാബ് ടെക്നീഷ്യന് കാത്ത് ലാബിലുൾപ്പെടെ വലിയ സ്വാധീനമുണ്ടായിരുന്നു. ഈ അധികാരത്തിലാണ് മോശമായി പെരുമാറിയതെന്ന ആരോപണവും ഉയരുന്നുണ്ട്.