ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ നടപടി കടുപ്പിച്ചിരുന്നു. ദശാബ്ദങ്ങള്‍ പഴക്കമുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കിയതാണ് അതില്‍ ഏറ്റവും നിര്‍ണായകമായ നീക്കം. കരാർ റദ്ദാക്കിയതോടെ പാക് കിഴക്കന്‍ മേഖലയിലെ ജല ലഭ്യതയെ ഇത് പൂര്‍ണമായി ബാധിക്കും.
പഹൽഗാം ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ശ്രീനഗറിലെത്തും. ഭീകരവിരുദ്ധ നടപടികളിൽ സർക്കാരിന് പൂർണ പിന്തുണയെന്ന് കോൺഗ്രസ് അറിയിച്ചു. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ഇന്ന് കരസേന ഉദ്യോഗസ്ഥരുമായി സുരക്ഷാ അവലോകനം യോഗം ചേരും.
അതേസമയം നിയന്ത്രണ രേഖയിൽ പാകിസ്ഥാനും കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. റാവല്‍പിണ്ടിയിലെ സേനാ കേന്ദ്രത്തിൻ്റെ സുരക്ഷയും വർധിപ്പിച്ചു.പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ത്യൻ ജവാൻ പാക് അതിർത്തി കടന്നെന്ന് ആരോപിച്ചാണ് പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ആക്രമണം നടന്ന ബൈസരൺവാലി കരസേന മേധാവി സന്ദർശിക്കും. പ്രദേശത്ത് അതീവ ജാഗ്രത പാലിക്കാനും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ബൈസരൺവാലിക്ക് സമീപ പ്രദേശങ്ങളിൽ തെരച്ചിലിനായി കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. പാകിസ്ഥാൻ സുരക്ഷാ സേന ഇന്നലെ ചേർന്ന യോഗത്തിന് പിന്നാലെ പാകിസ്താന്‍ വ്യോമപാതയും വാഗാ അതിര്‍ത്തിയും അടയ്ക്കുകയും ഇന്ത്യയുമായുള്ള വ്യാപാരം നിര്‍ത്തുകയും ചെയ്തിരുന്നു.
ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ നടപടി കടുപ്പിച്ചിരുന്നു. ദശാബ്ദങ്ങള്‍ പഴക്കമുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കിയതാണ് അതില്‍ ഏറ്റവും നിര്‍ണായകമായ നീക്കം. കരാർ റദ്ദാക്കിയതോടെ പാക് കിഴക്കന്‍ മേഖലയിലെ ജല ലഭ്യതയെ ഇത് പൂര്‍ണമായി ബാധിക്കും. കരാറില്‍ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം പാകിസ്ഥാന് നല്‍കുക ദൂരവ്യാപക പ്രതിസന്ധിയാണ്. ഭീകരാക്രമണത്തിന് അതിര്‍ത്തി കടന്നുള്ള പിന്തുണ ലഭിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലും, സമീപകാലത്ത് പാക് പ്രകോപനം കൂടി വരുന്ന പശ്ചാത്തലത്തിലും കൂടിയാണ് ഈ കടുത്ത നീക്കം. കൂടാതെ പാകിസ്ഥാനികള്‍ക്ക് ഇനി വിസ നൽകില്ലെന്നും ഇന്ത്യ അറിയിച്ചിരുന്നു.
28 പേരാണ് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ലഷ്കർ ഇ തൊയ്ബയുടെ പ്രാദേശിക വിഭാഗമായ ദി റസിസ്റ്റൻസ് ഫ്രണ്ട് എന്ന സംഘടന ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരൻ സൈഫുള്ള കസൂരിയെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തെ തുടർന്ന് രാജ്യത്തൊട്ടാകെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ആക്രമണത്തിന് പിന്നിലെ ഭീകരെ കണ്ടെത്തുന്നതിനായി സൈന്യം തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.