ഇന്ന് ചേരുന്ന യോഗത്തിൽ ഡിഎഫ്ഒ മയക്കുവെടി വെയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും
വയനാട്ടിലെ എരുമക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ കാട്ടാനയെ മയക്കുവെടി വെക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. ഇന്ന് ചേരുന്ന യോഗത്തിൽ ഡിഎഫ്ഒ ഇതു സംബന്ധിച്ച് തീരുമാനമെടുക്കും. മൃതദേഹം സംസ്കരിക്കുന്നതിനു മുമ്പ് ഉത്തരവിറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇല്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും നാട്ടുകാർ അറിയിച്ചു. അതേസമയം ആക്രമണത്തിൽ മരിച്ച അറുമുഖൻ്റെ പോസ്റ്റ്മോർട്ടം ഇന്ന് ഉച്ചയോടെ പൂർത്തിയാവും.
ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് എരുമക്കൊല്ലി പൂളക്കുന്ന് കോളനിയിൽ അറുമുഖൻ (60) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എരുമക്കൊല്ലി റോഡിൽ നിന്നും ഒരു കിലോമീറ്റർ മാത്രം ദൂരത്ത് വെച്ചാണ് അപകടം നടന്നത്. ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങി വരുമ്പോൾ തേയില തോട്ടത്തിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. ഇയാൾ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ അറുമുഖൻ 10 വർഷമായി പൂളക്കുന്നിലാണു താമസം.
ALSO READ: വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട്ടിൽ ഒരാൾക്ക് ദാരുണാന്ത്യം
വയനാട് ചെമ്പ്ര മലയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് എരുമക്കൊല്ലി. ഈ പ്രദേശത്ത് കാട്ടാനയുടെയും കാട്ടുപോത്തിനെയും പല തവണ കണ്ടിട്ടുണ്ട്. ഇന്നലെ രാത്രി മുതൽക്കെ ആനയെ വെടി വെക്കാൻ ഉത്തരവ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് സംഭവ സ്ഥലത്ത് പ്രദേശവാസികൾ പ്രതിഷേധിക്കുകയാണ്. മേപ്പാടി മേഖലയിൽ രണ്ട് മാസത്തിനിടെ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ കാട്ടാന ആക്രമണമാണിത്. പ്രതിഷേധത്തിന് പിന്നാലെ ഡിഎഫ്‌ഒ അജിത് കെ. രാമൻ സ്ഥലത്തെത്തിയിരുന്നു.