എമർജെൻസിയിൽ കങ്കണ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വേഷത്തിലാണ് എത്തുന്നത്
എമർജെൻസി എന്ന കങ്കണ റണാവത്തിന്റെ ബോളിവുഡ് ചിത്രം തുടക്കം മുതലെ നിരവധി വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. സിനിമയുടെ നിർമാണ സമയത്ത് താൻ എടുത്ത തെറ്റായ തീരുമാനങ്ങളെ കുറിച്ച് കങ്കണ റണാവത്ത് തുറന്ന് സംസാരിച്ചു. സിനിമ താൻ സംവിധാനം ചെയ്തതും ഒടിടി റിലീസിന് പകരം തിയേറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതുമെല്ലാം തെറ്റായിപ്പോയെന്നാണ് കങ്കണ പറയുന്നത്. സെൻസർ ബോർഡ് സെർട്ടിഫിക്കറ്റ് നൽകാത്തതിനാൽ ചിത്രത്തിന്റെ റിലീസ് വൈകിയപ്പോൾ താൻ പേടിച്ചുവെന്നും താരം പറഞ്ഞു. ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലാണ് കങ്കണ ഇക്കാര്യം പറഞ്ഞത്.
'എമർജെൻസി തിയേറ്ററിൽ റിലീസ് ചെയ്യുക എന്ന തീരുമാനം തെറ്റായിരുന്നു. ഒടിടിയിൽ ആയിരുന്നെങ്കിൽ എനിക്ക് മികച്ച ഡീൽ കിട്ടുമായിരുന്നു. അതിലൂടെ എനിക്ക് സെൻസർഷിപ്പിലൂടെ കടന്ന് പോകേണ്ടി വരില്ലായിരുന്നു. എന്റെ സിനിമ കീറി മുറിക്കപ്പെടില്ലായിരുന്നു. സെൻസർ ബോർഡ് എന്തൊക്കെ മാറ്റം വരുത്താൻ പറയുമെന്ന് നമുക്ക് അറിയില്ലായിരുന്നു', എന്നാണ് കങ്കണ പറഞ്ഞത്.
ഒരുപാട് തെറ്റായ തീരുമാനങ്ങൾ എമർജെൻസിയുമായി ബന്ധപ്പെട്ട് താൻ എടുത്തിട്ടുണ്ടെന്നും കങ്കണ പറഞ്ഞു. 'ഞാൻ ഈ സിനിമയുമായി ബന്ധപ്പെട്ട് ഒരുപാട് തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ആദ്യത്തേത് ഈ സിനിമ ഞാൻ സംവിധാനം ചെയ്യാമെന്നതായിരുന്നു. ഒരു കോൺഗ്രസ് സർക്കാർ ഭരണത്തിൽ ഇല്ലാതിരുന്നിട്ടും ഞാൻ ഈ സിനിമ ചെയ്തു. കിസാ കുർസി കാ എന്ന സിനിമയെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. അത് പൂർണ്ണമായും നശിപ്പിക്കുകയായിരുന്നു. അതുമാത്രമല്ല ഗാന്ധിയെ കുറിച്ച് ആരും സിനിമകൾ ചെയ്തിട്ടില്ല. എമർജെൻസി കാണുമ്പോൾ ഇന്നത്തെ തലമുറ എങ്ങനെ ഇന്ദിരാ ഗാന്ധി അങ്ങനെയായെന്ന് അത്ഭുതത്തോടെ നോക്കിക്കാണും. അവർ മൂന്ന് തവണയാണ് പ്രധാനമന്ത്രിയായത്. ഞാൻ കാര്യങ്ങൾ ലാഘവത്തോടെ എടുത്തു. എമർജെൻസി പോലൊരു സിനിമ എളുപ്പം ചെയ്യാൻ സാധിക്കുമെന്ന് ഞാൻ കരുതി', എന്നും കങ്കണ കൂട്ടിച്ചേർത്തു.
എമർജെൻസിയിൽ കങ്കണ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വേഷത്തിലാണ് എത്തുന്നത്. കങ്കണ തന്നെയാണ് ചിത്രം സംവിധാനവും ചെയ്തിരിക്കുന്നത്. കങ്കണയ്ക്കൊപ്പം അനുപം ഖേർ, ശ്രേയസ് താൽപാഡേ, വിശാഖ് നായർ, മഹിമ ഛൗദരി, മിലിന്ദ് സോമൻ, സതീഷ് കൗഷിക് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ചിത്രം ജനുവരി 17ന് തിയേറ്ററിലെത്തും.