നിലവില്‍ ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്
അന്താരാഷ്ട്ര തലത്തിൽ വീണ്ടും നേട്ടം കൊയ്യാൻ ഒരുങ്ങി പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. ഗോൾഡൻ ഗ്ലോബ് 2025 അവാർഡിൽ രണ്ട് നോമിനേഷൻ കരസ്ഥമാക്കിയ ചിത്രം അടുത്തതായി എത്തി നിൽക്കുന്നത് ബാഫ്റ്റ പുരസ്‌കാരത്തിലാണ്. ബെസ്റ്റ് നോൺ ഇംഗ്ലീഷ് ഫിലിം, ഒറിജിനൽ സ്‌ക്രീൻ പ്ലേ, ബെസ്റ്റ് ഡയറക്ടർ എന്നീ വിഭാഗങ്ങളിലായി മൂന്ന് നോമിനേഷനുകളാണ് ചിത്രം നേടിയിരിക്കുന്നത്.
കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. 2024 മെയ് 23ന് ചിത്രം ആദ്യമായി കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. ചിത്രം കാനിൽ നിന്നും ഗ്രാൻ പ്രീ പുരസ്‌കാരം നേടി. അതിന് ശേഷം ചിത്രം ഇന്ത്യയിൽ സെപ്റ്റംബറിൽ ആണ് റിലീസ് ചെയ്തത്. രണ്ട് മലയാളി നഴ്‌സുമാരുടെ കഥ പറഞ്ഞ ചിത്രം മലയാളം, ഹിന്ദി, മറാഠി എന്നീ ഭാഷകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. നിലവില്‍ ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്.
മുംബൈ നഗരവും സ്വപ്നങ്ങളും സൗഹൃദങ്ങളുമാണ് സിനിമയുടെ പ്രധാന പ്രമേയം. ഒരിക്കലും ഉറങ്ങാത്ത നഗരം എന്ന് അറിയപ്പെടുന്ന മുംബൈയിൽ ഒരു പിടി സ്വപ്നങ്ങളുമായി വന്നെത്തിയ മൂന്ന് സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. പ്രഭ, അനു എന്നിവരുടെ സൗഹൃദവും അവരുടെ ജീവിതവുമെല്ലാം 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' നമുക്ക് മുന്നിലേക്ക് എത്തിക്കുന്നുണ്ട്. മുംബൈ നഗരത്തിനുള്ള ഒരു കവിത പോലെയാണ് പായൽ ഈ സിനിമ ചെയ്തിരിക്കുന്നത്.