ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് സ്ഥാനം രാജി വെച്ചതുമുതൽ ട്രൂഡോയ്ക്ക് മേൽ രാജി സമ്മർദം ശക്തമാണ്
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടി നേതാവ് സ്ഥാനം രാജി വെച്ചേക്കുമെന്ന റിപ്പോർട്ട് പുറത്ത്. യുഎസ് ബ്രോഡ്കാസ്റ്ററായ ഫോക്സ് ന്യൂസാണ് ഈ വിവരം റിപ്പോർട്ട് ചെയ്‌തത്. പ്രധാനമന്ത്രിയുടെ തീരുമാനം ഈ ആഴ്ച തന്നെ ഉണ്ടായേക്കുമെന്ന് മെയിൽ ആൻഡ് ഗ്ലോബും റിപ്പോർട്ട് ചെയ്തു.
പാർട്ടി നേതൃസ്ഥാനത്ത് നിന്ന് ട്രൂഡോയുടെ മാറ്റിനിർത്താൻ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ ലിബറൽ പാർട്ടിയുടെ നിയമനിർമാതാക്കൾ ബുധനാഴ്ച കോക്കസ് നടത്താൻ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് രാജിവെക്കാനൊരുങ്ങുന്നുവെന്ന വാർത്ത പുറത്തുവന്നത്. രാജ്യത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനവും ട്രൂഡോ രാജിവെക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഡിസംബർ 16ന് ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് സ്ഥാനം രാജിവെച്ചതു മുതൽ ട്രൂഡോയ്ക്ക് മേൽ രാജി സമ്മർദം ശക്തമാണ്. ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഫ്രീലാൻഡ് വർഷങ്ങളോളം ട്രൂഡോ സർക്കാരിലെ ഏറ്റവും ശക്തയായ മന്ത്രിയായിരുന്നു. നാല് വർഷത്തിനിടെ സർക്കാർ വിടുന്ന രണ്ടാമത്തെ ധനമന്ത്രിയാണ് ക്രിസ്റ്റിയ ഫ്രീലാൻഡ്.