പുലിക്കോട്ടില്‍ ഹൈദറിന്റെ വരികൾക്ക് 'നോക്കീ ഞാന്‍ വാതില്‍ക്കലാലെ, ഒരു നോട്ടം പിന്നാലെ' എന്ന് മുഹ്സിന്‍ ബാക്കിയെഴുതി.
'നാരി ഞാനിതീ മേനി... മാരാ നിന്‍ മനതാരില്‍ മരമാക്കി...' ലോകം തനിക്ക് കഠിന കഠോരമായി മാറുന്ന സന്ദര്‍ഭത്തില്‍ അവള്‍ തന്റെ പ്രിയപ്പെട്ടവനെ ഓര്‍ത്ത് പാടുന്നതിനങ്ങനെയാണ്.... മുഹ്‌സിന്‍ പരാരിയുടെ വരികള്‍, ഗോവിന്ദ് വസന്തയുടെ ഈണത്തില്‍ ചേര്‍ത്ത് എഫ്. ജഹാന്‍ പാടുമ്പോള്‍ കഥയറിയാത്തവര്‍ പോലും ആ പാട്ടിനൊപ്പം കരയുന്നുണ്ടാകും.
കഠിന കഠോരമീ അണ്ഡകഠാഹത്തിലെ പ്രേമക്കത്ത് പാട്ട് തുടങ്ങുന്നത് തന്നെ പ്രിയനേ... എന്ന തേങ്ങലോടെയാണ്. 'ഈ വരികള്‍ നീ വായിക്കാനായി എഴുത്തുന്നതാണേ... രാപ്പകലുടയോനായോന്റെ നാമമോതി പ്രേമത്താലേ...' (തന്റെ ഉടയവനായവന്റെ പേര് പ്രേമത്തോടെ ചേര്‍ത്ത് അവന്‍ വായിക്കാനായി എഴുതുന്നതാണീ കത്ത്) എന്ന് പാട്ടില്‍ പറയുന്നു. 'കുളിരുമ്പോള്‍ ചൂടേകാന്‍ തളരുമ്പോള്‍ കൂട്ടേകാന്‍ പ്രിയനേ നീ നോവല്ലേ, പൂമേനി തലോടാമേ മുറിവെല്ലാം മായ്ക്കാമേ പൂങ്കവിളില്‍ മുത്താമേ...' എന്ന് പ്രേമത്തോടെ പാട്ടിലെഴുതുന്നു. പ്രണയവും നഷ്ടപ്പെടലിന്റെ വേദനയും മലയാള സിനിമയില്‍ അധികമൊന്നും വന്നിട്ടില്ലാത്ത കത്തുപാട്ടിന്റെ രൂപത്തില്‍ കഠിന കഠോരത്തിലൂടെ മലയാളികളിലേക്ക് എത്തുന്നു.
കെഎല്‍ 10 പത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് സ്വതന്ത്ര സംവിധായകനായി എത്തിയ മുഹ്‌സിന്‍ പരാരിയെന്ന 'മലപ്പൊറത്താരന്‍' മലയാള സിനിമയിലുണ്ടാക്കിയത് ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന പുതിയ ഒരു താളമായിരുന്നു. ഇടക്കാലത്ത് ഗാനരചനയിലേക്ക് ചുവടുറപ്പിച്ചപ്പോഴും പ്രാദേശികതയില്‍ അതേ താളത്തില്‍ പാട്ടുകള്‍ക്ക് വരികളെഴുതി. വാക്കുകള്‍ കൊണ്ട് കസര്‍ത്തു നടത്തുന്ന പാട്ടുകള്‍ മലയാളികള്‍ ഏറ്റെടുത്തത് അവരുടെ നെഞ്ചത്താണ്.
ALSO READ: ഇനി സംവിധാനത്തിൽ ശ്രദ്ധിക്കണം; പാട്ടെഴുത്തില്‍ നിന്ന് ഇടവേളയെടുക്കുന്നുവെന്ന് മുഹ്‌സിന്‍ പരാരി
മുഹ്‌സിന്‍ തന്നെ എഴുതി സംവിധാനം ചെയ്ത മ്യൂസിക് ആല്‍ബങ്ങളായിരുന്നു 'നേറ്റീവ് ബാപ്പ'യും 'ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണും'. മാപ്പിള ലഹള എന്ന യൂട്യൂബ് ചാനലിലൂടെയാണ് രണ്ട് ആല്‍ബങ്ങളും പുറത്തുവിട്ടത്. 2013ല്‍ മാമുക്കോയ അഭിനയിച്ച നേറ്റീവ് ബാപ്പ യൂട്യൂബില്‍ തരംഗമായിരുന്നു. 2008ല്‍ ജമ്മു കശ്മീരിലെ കുപ്വാരയില്‍ വെച്ച് തീവ്രവാദി ബന്ധം ആരോപിച്ച് നാല് മലയാളി യുവാക്കളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവം ഏറെ ചര്‍ച്ചയായിരുന്നു. അന്ന് കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശിയായ 22 വയസുകാരനായ മുഹമ്മദ് ഫയാസിന്റെ ഉമ്മ, മകന്‍ തീവ്രവാദിയാണെങ്കില്‍ അവന്റെ മൃതദേഹം കാണേണ്ടതില്ലെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത് വാര്‍ത്തകളില്‍ ഇടംനേടി.
ഫയാസിന്റെ ഉമ്മയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ രാജ്യസ്‌നേഹത്തിന്റെ പ്രതീകമായി വാഴ്ത്തി. എന്നാല്‍ തനിക്ക് അങ്ങനെ പറയേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും അന്ന് അനുഭവിച്ച വേദനയെക്കുറിച്ചും ആ അമ്മ പിന്നീട് പറയുകയുമുണ്ടായി. ഈ സന്ദര്‍ഭത്തെ അടിസ്ഥാനപ്പെടുത്തി കോളേജ് കാലത്ത് മുഹ്‌സിന്‍ പരാരി എഴുതിയ കവിതയാണ് നേറ്റീവ് ബാപ്പ എന്ന ആല്‍ബമായി വന്നത്. മലയാളത്തില്‍ അന്ന് അത്ര സുപരിചിതമല്ലാത്ത റാപ്പ് സോങ്ങിന്റെ പശ്ചാത്തലത്തിലാണ് മുഹ്‌സിന്‍ 'നേറ്റീവ് ബാപ്പ' ഒരുക്കിയത്.
നേറ്റീവ് ബാപ്പയ്ക്ക് ശേഷം, അതിന്റെ തുടര്‍ച്ചയായി മുഹ്‌സിന്‍ തന്നെ രചിച്ച് സംവിധാനം ചെയ്ത വീഡിയോ ആല്‍ബമായിരുന്നു 'ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍'. 2016ല്‍ ചെയ്ത ആല്‍ബം ഹൈദരാബാദ് സര്‍വകലാശാലയില്‍ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കെ ആത്മഹത്യ ചെയ്ത രോഹിത് വെമുലയ്ക്ക് സമര്‍പ്പിച്ചു ചെയ്തുകൊണ്ടായിരുന്നു അവതരിപ്പിച്ചത്. രശ്മി സതീശിന്റെ ആലാപനത്തിനൊപ്പം മാമുക്കോയ തന്നെയാണ് നരേറ്റ് ചെയ്ത് അഭിനയിച്ചത്.
വലിയ തരംഗം സൃഷ്ടിച്ച ഈ രണ്ട് ആല്‍ബങ്ങള്‍ക്ക് ശേഷം സംവിധാന കുപ്പായത്തിലാണ് മുഹ്‌സിന്‍ പരാരിയെ കണ്ടത്. സിനിമയിലേക്ക് ഗാനമെഴുതുന്നത് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. 2019ല്‍ അഷ്‌റഫ് ഹംസയുടെ 'തമാശ'യില്‍ പാട്ടുകളെഴുതിയാണ് മുഹ്‌സിന്‍ പരാരി സിനിമാ ഗാനരംഗത്തേക്ക് എത്തുന്നത്. എഴുത്തിലെ പ്രാദേശികതയും ചില അറബി വാക്കുകളും അറബി മലയാളവും കൂട്ടിച്ചേര്‍ത്തുപയോഗിക്കുന്നതും മുഹ്‌സിന്‍ പരാരിയുടെ പാട്ടുകളെ വ്യത്യസ്തമാക്കാറുണ്ട്. മു.രി ഏറ്റവും കൂടുതല്‍ പാട്ടുകളെഴുതിയത് അഷ്‌റഫ് ഹംസയുടെ സിനിമകള്‍ക്ക് വേണ്ടിയാണെന്നും മു.രിയുടെ ഗാനങ്ങള്‍ ഏറ്റവും കൂടുതല്‍ സംഗീതം നിർവഹിച്ചത് വിഷ്ണു വിജയ് ആണെന്നും പറയാതിരിക്കാനാവില്ല.
'പാടീ ഞാന്‍... മൂളക്കമാലേ ഒരു പാട്ട് തന്നാലേ...' എന്ന് എഴുതിയത് ഷഹബാസിന്റെ ശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍ നമ്മളും മൂളിയിട്ടുണ്ടാവില്ലേ ഒരു പ്രേമപ്പാട്ട്? പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ പുലിക്കോട്ടില്‍ ഹൈദറിന്റെ വരികളായിരുന്നു ഇത്. 'നോക്കീ ഞാന്‍ വാതില്‍ക്കലാലെ ഒരു നോട്ടം പിന്നാലെ' എന്ന് തുടങ്ങി മുഹ്സിന്‍ ആ വരികള്‍ക്ക് ബാക്കിയെഴുതി.
'ഞെരിപിരിപ്പനിവിരിയിലെത്ര കിടന്നു രാവത്ത്, എരിപൊരിത്തനിവെയിലിലെത്ര നടന്നു ചൂടത്ത്' എന്ന് മുഹ്‌സിന്‍ എഴുതുമ്പോള്‍ പ്രേമത്തില്‍പ്പെട്ടവരുടെ ഞെരിപിരിയും സംഘര്‍ഷവും ആസ്വാദകനിലേക്ക് എത്തിക്കാന്‍ എഴുത്തുകാരന് നിസംശയം സാധിക്കുന്നു. 'പാടീ ഞാന്‍' എന്ന പാട്ടില്‍ തന്നെ 'കുടിയിരിക്കലില്‍ ഉരലുലക്കകള്‍ ധിമി ധിമിക്കലിലായ്' എന്ന് പാടുമ്പോള്‍ വടക്കോട്ട് വീടുതാമസത്തിന് പറയുന്ന കുടിയിരിക്കലും, ഉരലില്‍ ഉലക്ക കൊണ്ടിടിക്കുന്നതിനെ ധിമി ധിമിക്കലിലായെന്നും പറയുന്ന വാക്കുകളിലെ മാന്ത്രികത ആസ്വാദകന് അനുഭവിച്ചറിയാനൊക്കും.
മുഹ്സിന്റെ പാട്ടുകളില്‍ ഒരു ബഷീറിയന്‍ ടച്ചുണ്ടെന്ന നിരീക്ഷണവും പ്രബലമാണ്. പ്രേമത്തള്ള്, ഉരലുലക്കകള്‍, കുടിയിരിക്കല്‍, ഞെരിപിരിപ്പനിവിരി, എരിപൊരിത്തനിവെയില്‍, പ്രേമപ്പലഹാരം എന്നിങ്ങനെ നീളുന്ന പദങ്ങള്‍ക്കൊക്കെയും ബഷീറിയന്‍ ടച്ചുണ്ടെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
ഇതിന് ശേഷം 2019ല്‍ തന്നെയായിരുന്നു ചായപ്പാട്ട് വരുന്നത്. 'ഏറെ മോന്തിയായിട്ടുള്ളൊരു മധുരമിടാ ചായയില്‍ പങ്കുചേരുവാന്‍ വന്നൊരു മധുരമുള്ള വേദനേ...' എന്ന് സിത്താര പാടുന്നു. മോന്തിയാവുകയെന്നാല്‍ സന്ധ്യയാവുക എന്നൊരര്‍ഥമുണ്ട് മലബാറില്‍. മോന്തുക എന്നാല്‍ കുടിക്കുക എന്നര്‍ഥവും. 'മോന്തി തീരും നേരം മുന്നേ ചായ മോന്തി തീര്‍ക്കണം... അന്റെ നോവുനാട്ടിന്ന് കൊണ്ടു വന്ന കമ്പിളി പുതക്കണം... ജോറിലൊന്നുറങ്ങണം... പൂതി തീര്‍ത്തുറങ്ങണം...' സന്ധ്യ തീരുന്നതിന് മുമ്പേ അതുപോലെ കടുപ്പമുള്ള കട്ടന്‍ വേദനയാകുന്ന മധുരവും ചേര്‍ത്ത് കുടിച്ചു തീര്‍ക്കണമെന്ന് ഇതിലും മനോഹരമായി എങ്ങനെ പറഞ്ഞു വെക്കാനാണ്.
സുലേഖ മന്‍സിലിലെ ജില്‍ ജില്‍ ജില്‍ എന്ന ഗാനം മാപ്പിളപ്പാട്ട് കലാകാരന്‍ ടി.കെ. കുട്ടിയാലിയുടെ വരികള്‍ക്കൊപ്പം മുഹ്‌സിന്‍ കൂടി എഴുതിയതാണ്. മഴക്കോള് പോലെ ആദ്യാനുരാഗ'ക്കോള്' എന്ന് മുഹ്സിന്‍ എഴുതുന്നു. കോള് വരിക, കോളടിക്കുക എന്നൊക്കെ പറയുന്നത് പൊതുവെ മലബാറില്‍ കാര്യമായി സന്തോഷമുള്ള ഒന്ന് ലഭിക്കുമ്പോഴാണ്. എന്നാല്‍ ഇവിടെ ആദ്യാനുരാഗ കോള്... തിരമാലയായോള് എന്ന് എഴുതുന്നു രചയിതാവ്. കനവിലെ കാടൊന്നിലെ കാരാഗ്രഹ കൂടൊന്നിലെ കിനാപ്പനിക്കായി മരുന്നോള്... എന്ന് പ്രിയതമയെക്കുറിച്ച് എഴുതുന്നു. തമാശയിലും സുലേഖ മന്‍സിലിലുമൊക്കെ ടികെ കുട്ടിയാലി, പുലിക്കോട്ടില്‍ ഹൈദര്‍, സലിം കോടത്തൂര്‍ തുടങ്ങിയവരുടെയൊക്കെ വരികളോട് ബ്ലെന്‍ഡ് ചെയ്ത് അസ്വാരസ്യങ്ങളേതുമില്ലാതെ പാട്ടെഴുതാനും മുഹ്‌സിനാകുന്നു.
സുലേഖ മന്‍സിലിലെ തന്നെ 'പരം ദയാവിന്‍ പെരും ഖജാന' കേള്‍ക്കുമ്പോള്‍ മുഹ്‌സിന്‍ ഒരു സൂഫിയാണോ എന്നും തോന്നാറുണ്ട്. ഹലാല്‍ ലൗ സ്‌റ്റോറിയിലെ 'സുന്ദരനായവനേ സുബ്ഹാനള്ള അല്‍ഹംദുലില്ലാ'എന്ന് കേള്‍ക്കുമ്പോഴും സമാനമായ ഒരു അനുഭൂതി വന്നു പോകാറുണ്ട്. സൂഫി സംഗീതം പോലെ സുന്ദരമായി ഒഴുകുന്ന പാട്ടുകള്‍.
'എന്താ ഇങ്ങടെ ഹാല്?', വടക്കോട്ട് പൊതുവെ, ജാതി മതഭേദമന്യേ ഒരാളെ കാണുമ്പോള്‍ സുഖാമാണോ?, എന്തൊക്കെയുണ്ട് എന്നതിന് പകരം ചോദിക്കുന്നതാണിത്. ഇവിടെ സുലേഖ മന്‍സിലിലെ ഹാലയെന്ന നായികയോട് ചോദിക്കുന്നത് ഹാലേതാ... ഹാലേ നിന്നെ കണ്ടാല്‍ ഹാലേ ഹാലാകേ മാറുന്നേ...എന്നാണ്. ഹാലയോട് എന്താ ഹാല്...ഹാലാകെ മാറുന്നു എന്ന് ഇങ്ങനെയും പറയാമെന്ന് മുഹ്‌സിന്‍ കുറിക്കുന്നത് ആ പാട്ട് കേള്‍ക്കുമ്പോഴൊക്കെ അത്ഭുതമായി തോന്നാറുണ്ട്.
2022-2023 സമയത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മൂളിയ പാട്ടുകള്‍ തല്ലുമാലയിലേതുകൂടിയാണ്. ജിണ്ടാക്ക് എന്ന പാട്ടിന്റെ രാഷ്ട്രീയം അത് കേള്‍ക്കുമ്പോള്‍ ആരെങ്കിലും ചര്‍ച്ച ചെയ്തിരിക്കുമോ? ടാ രാജാ... ടാ തുണി ഇട്രാ രാജാ എന്ന് പാടുമ്പോള്‍, രാജാവിന്റെ വേഷത്തിലെത്തുന്ന 'രാജ'നെയല്ല രാജാവിനെ തന്നെയാണ് കളിയാക്കുന്നതെന്ന് ആരെങ്കിലും ഓര്‍ത്തിരിക്കുമോ?
മിണ്ടാതിരിക്കാന്‍ പറഞ്ഞാല്‍... ജ് ഒച്ച ണ്ടാക്ക് എന്നാണ് പാട്ട് പറയുന്നത്. (if they are asking you to shut up make some noise) എന്നാണ് പാട്ട് പറയുന്നത്.
ഇസ്ലാമിലെ മാലപ്പാട്ടുകളിലെ ബദ്ര്‍ മാലയും മുഹിയുദ്ധീന്‍ മാലയും പോലെ ഒരു 'തല്ലുമാല' യാണ് ഞങ്ങള്‍ ഉദ്ദേശിച്ചതെന്ന് അക്കാലത്ത് ഇറങ്ങിയ അഭിമുഖങ്ങളില്‍ മുഹ്‌സിന്‍ പറഞ്ഞതോര്‍ക്കുന്നു. താന്‍ അടുത്ത കാലത്തായി ഉള്‍ക്കൊള്ളുന്ന രണ്ട് രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഒന്ന് 'മഴ മയേന്റെ പര്യായമാണ്', രണ്ട് 'സമ ഗമ- സമ ഗരിമ' ആണെന്നും മുഹ്‌സിന്‍ പറഞ്ഞു. അതായത് നിങ്ങള്‍ പറയുന്ന മയയും അവര്‍ പറയുന്ന മഴയും ഒന്നാണ്. 'സമ ഗമ' എന്നാല്‍ എല്ലാവര്‍ക്കും ഒരുപോലെ അഹങ്കരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നതാണെന്നും കരുതുന്നതായും മുഹ്‌സിന്‍ പറയുന്നു.
ഓളെ മെലഡിയില്‍,
'on your mark. get set. ego.
പാടരുത്...പാടില്ല...
അതേ, പ്രേമികള്‍ക്ക് പാടില്ല, എന്ത്?
ഗമ ഗമ ഗരിമ ഗമ ഗ
പാടാം, എന്ത് ?
സമ ഗമ സമ ഗമ
സമ ഗരിമ സമ ഗരിമ,' എന്ന് പറഞ്ഞു വെക്കുന്നത് അങ്ങനെ വെറുതെയൊന്നുമല്ലെന്ന് മു.രി വ്യക്തമാക്കുന്നത് ഇവിടെയാണ്.
പിന്നാലെ ഫാലിമിയിലെയും സൂക്ഷ്മ ദര്‍ശിനിയിലെയുമെല്ലാം പാട്ടുകള്‍ മു.രി എന്ന പാട്ടെഴുത്തുകാരനെ കൂടുതല്‍ തെളിമയോടെ വെളിവാക്കുന്നതാണ്. ഇപ്പോഴിതാ നേരത്തെ കമ്മിറ്റ് ചെയ്ത ചില പാട്ടുകളൊഴികെ ഇടക്കാലത്തേക്ക് പാട്ടെഴുത്തില്‍ നിന്നും ഇടവേളയെടുക്കുകയാണെന്ന് മുഹ്‌സിന്‍ ഔദ്യോഗികമായി പറഞ്ഞു കഴിഞ്ഞു. 2025ലും ചില പാട്ടുകള്‍ വരാനുണ്ടെന്നതൊഴികെ ഇനി എന്നായിരിക്കും മു.രി പാട്ടുകളെഴുതുക എന്നതിലും വ്യക്തതിയല്ല. താന്‍ ആസ്വദിച്ചു കൊണ്ടു തന്നെയാണ് ഇക്കാലയളവില്‍ പാട്ടുകള്‍ എഴുതിയിരുന്നതെന്നും മു.രി പറഞ്ഞു വെക്കുന്നുണ്ട്. തെളിമയോടെ ലളിതമായ വാക്കുളെ പ്രാസമൊപ്പിച്ച് എഴുതുമ്പോള്‍ ഇടക്കാലത്ത് നമ്മള്‍ കേട്ട മലയാളം പാട്ടുകളില്‍ വലിയൊരു ഭാഗവും മുഹ്‌സിന്‍ പരാരിയുടേതാണെന്ന് നിസംശയം പറഞ്ഞു വെക്കാം.