മൂത്തോന്‍ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ടോക്‌സിക്
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് യാഷ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് ടോക്‌സിക്. യാഷിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ഇന്നാണ് ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ടീസര്‍ പുറത്തുവന്നതിന് പിന്നാലെ ഗീതു മോഹന്‍ദാസിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ നിതിന്‍ രണ്‍ജി പണിക്കര്‍. സ്റ്റേറ്റ് കടന്നപ്പോള്‍ ഗീതു മോഹന്‍ദാസ് സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തി എന്നാണ് നിതിന്‍ പറഞ്ഞിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നിതിന്റെ പ്രതികരണം.
സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത സ്ത്രീശരീരത്തെ വസ്തുവത്ക്കരിക്കുന്ന 'ആണ്‍നോട്ട'ങ്ങളിലാത്ത, 'കസബ'യിലെ 'ആണ്‍മുഷ്‌ക്ക്' മഷിയിട്ടു നോക്കിയാലും കാണാന്‍ പറ്റാത്ത, രാഷ്ട്രീയശരികളുടെ ദൃശ്യാവിഷ്‌കാരം... ''SAY IT SAY IT'' എന്നുപറഞ്ഞു ഗിയറുകേറ്റിവിട്ട പുള്ളി, പക്ഷെ സ്റ്റേറ്റ് കടന്നപ്പോള്‍ 'അവരുടെ' സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തി.. - എന്നാണ് നിതിന്‍ കുറിച്ചത്.
ഇന്ന് പുറത്തിറങ്ങിയ ടീസറില്‍ സ്ത്രീകളെ ഗ്ലാമറസായാണ് ഗീതുമോഹന്‍ദാസ് ചിത്രീകരിച്ചിരിക്കുന്നത്. അതിനെ തുടര്‍ന്നാണ് നിതിന്‍ രണ്‍ജി പണിക്കരുടെ വിമര്‍ശനം. മൂത്തോന്‍ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ടോക്‌സിക്. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കിട് കെ നാരായണയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ടോക്‌സിക് നിര്‍മിക്കുന്നത്. 'എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്‌സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. യാഷിന്റെ 19-ാമത്തെ ചിത്രമാണിത്.