fbwpx
ന്യൂസിലൻഡ് വെടിക്കെട്ട് ഓപ്പണർ മാർട്ടിൻ ഗുപ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
logo

ന്യൂസ് ഡെസ്ക്

Posted : 08 Jan, 2025 11:56 PM

CRICKET


ന്യൂസിലൻഡ് മുൻ ഓപ്പണർ മാർട്ടിൻ ഗുപ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 2022ൽ ന്യൂസിലൻഡിനായി അവസാനമായി കളിച്ച ഗുപ്റ്റിൽ ക്രിക്കറ്റിൻ്റെ വിവിധ ഫോർമാറ്റുകളിലായി 13,000ത്തോളം റൺസ് സ്വന്തമാക്കിയിട്ടുണ്ട്. 2009ൽ ന്യൂസിലൻഡ് സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ച ഗുപ്റ്റിൽ, 198 ഏകദിനങ്ങളിൽ നിന്ന് 7436 റൺസും, 122 ടി20 മാച്ചുകളിൽ നിന്നായി 3531 റൺസും നേടിയിട്ടുണ്ട്. ബ്ലാക്ക് ക്യാപ്സിനായി 47 ടെസ്റ്റുകൾ കളിച്ച ഈ വലങ്കയ്യൻ ബാറ്റർ 2586 റൺസും നേടി.


"ചെറുപ്പത്തിൽ ന്യൂസിലൻഡിനായി കളിക്കുക എന്നത് എൻ്റെ സ്വപ്നമായിരുന്നു. എൻ്റെ രാജ്യത്തിനായി 367 മത്സരങ്ങൾ കളിച്ചതിൽ എനിക്ക് അവിശ്വസനീയമാംവിധം ഭാഗ്യവും അഭിമാനവും തോന്നുന്നു. ദീർഘനാൾ കീവീസ് ടീമിനൊപ്പം കളിക്കാനായതിൻ്റെ സുന്ദര സ്മരണകൾ ഞാനെന്നും വിലമതിക്കും," ഗുപ്റ്റിൽ പറഞ്ഞു.


2015ലും 2019ലും തുടർച്ചയായി ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെത്തിയ ന്യൂസിലൻഡ് ടീമുകളിലെ പ്രധാന താരമായിരുന്നു അദ്ദേഹം. 2015ൽ ബ്രണ്ടൻ മക്കല്ലത്തിൻ്റെ നേതൃത്വത്തിലുള്ള ടീം ലോകകപ്പിൻ്റെ സഹ-ആതിഥേയത്വത്തോടൊപ്പം റണ്ണറപ്പുകളായി ഫിനിഷ് ചെയ്തപ്പോൾ, 547 റൺസുമായി ഗുപ്റ്റിൽ ടോപ് സ്‌കോററായിരുന്നു. ആ ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ 163 പന്തിൽ 237 റൺസ് അടിച്ചെടുത്തതാണ് കരിയറിലെ മികച്ച പ്രകടനം. ഇത് ഏകദിനത്തിലെ രണ്ടാമത്തെ ഉയർന്ന വ്യക്തിഗത സ്‌കോറായി ഇപ്പോഴും തുടരുന്നുണ്ട്.


ALSO READ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ അടിച്ചുതകർക്കാൻ സഞ്ജു സാംസൺ; ചാംപ്യൻസ് ട്രോഫി ടീമിൽ ഇടംപിടിച്ചേക്കില്ല


2021ൽ യുഎഇയിൽ നടന്ന ഐസിസി പുരുഷ ടി20 ലോകകപ്പിൻ്റെ ഫൈനലിലെത്തിയ ന്യൂസിലൻഡ് ടീമിലും ഗുപ്റ്റിൽ ഉണ്ടായിരുന്നു. ക്രൈസ്റ്റ് ചർച്ചിൽ ബംഗ്ലാദേശിനെതിരായ ടി20യിൽ ആണ് അദ്ദേഹം അവസാനമായി കളിച്ചത്. ക്രിക്കറ്റിൻ്റെ വിവിധ ഫോർമാറ്റുകളിലായി 13,463 റൺസ് നേടിയിട്ടുണ്ട്. കെയ്ൻ വില്യംസൺ, റോസ് ടെയ്‌ലർ, സ്റ്റീഫൻ ഫ്ലെമിംഗ്, ബ്രണ്ടൻ മക്കല്ലം എന്നിവർക്ക് പിന്നിൽ ന്യൂസിലൻഡിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന അഞ്ചാമത്തെ താരമായും ഗുപ്റ്റിൽ മാറിയിരുന്നു.


Also Read
user
Share This

Popular

KERALA
KERALA
പരസഹായത്തോടെ 15 അടിയോളം നടന്നു; ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി