2027ലായിരിക്കും എസ്എസ്എംബി29 റിലീസ് ചെയ്യുക
എസ്.എസ് രാജമൗലി മഹേഷ് ബാബുവിനൊപ്പമുള്ള തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തില്‍ പ്രിയങ്ക ചോപ്രയാണ് നായികയായി എത്തുന്നത്. അടുത്തിടെ തന്റെ സഹോദരന്റെ വിവാഹത്തിനായി പ്രിയങ്ക ഷൂട്ടില്‍ നിന്നും ഒരു ചെറിയ ഇടവേളയെടുത്തിരുന്നു. വിവാഹ ചടങ്ങുകള്‍ കഴിഞ്ഞതിനാല്‍ ഉടന്‍ തന്നെ പ്രിയങ്ക ചോപ്ര ലൊക്കേഷനില്‍ തിരിച്ചെത്തും.
ഫെബ്രുവരി 11ന് ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ ഹൈദരാബാദില്‍ വെച്ച് നടക്കുമെന്ന് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു. 8 മാസത്തോളം അതേ ലൊക്കേഷനില്‍ ഷൂട്ട് നടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ ഭാഗങ്ങളായാണ് ഷൂട്ട് നടക്കുക. ഇന്ത്യയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായല്‍ ടീം കെനിയയിലേക്ക് അവസാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാനായി പോകും.
അണിയറ പ്രവര്‍ത്തകര്‍ സെറ്റില്‍ ഷൂട്ടിംഗ് വീഡിയോ ലീക്കാവാതിരിക്കാന്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ചിത്രത്തില്‍ പ്രിയങ്ക ചോപ്ര നായികയല്ല വില്ലന്‍ വേഷമാണ് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. എന്നാല്‍ ഈ വാര്‍ത്തയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. പ്രിയങ്ക ചോപ്രയെ നമ്മള്‍ ഇതുവരെ കാണാത്ത രീതിയിലായിരിക്കും രാജമൗലി സിനിമയില്‍ അവതരിപ്പിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ആര്‍ആര്‍ആര്‍ പോലെ തന്നെ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകാന്‍ ഒരുങ്ങുന്ന ചിത്രമായിരിക്കും ഇതെന്ന് പ്രിയങ്ക ചോപ്ര സിനിമയുടെ ഭാഗമായതോടെ ഉറപ്പായി. ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഓസ്‌കാര്‍ ജേതാവായ എം.എം കീരവാണിയാണ്. കെ എല്‍ നാരായണയാണ് ചിത്രത്തിന്റെ നിര്‍മാതാവ്. 2027ലായിരിക്കും എസ്എസ്എംബി29 റിലീസ് ചെയ്യുക. പുതിയ ഷെഡ്യൂള്‍ ഉടന്‍ ആരംഭിക്കും. ആക്ഷന് പ്രാധാന്യം നിറഞ്ഞ ഒരു രാജമൗലി ചിത്രമായിരിക്കും ഇതെന്നാണ് സൂചന.