'ലാഫിങ് ബുദ്ധ' സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി മെട്രോ സാഗയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഋഷഭ് ഇക്കാര്യം പറഞ്ഞത്.
മികച്ച നടനുള്ള ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ബോളിവുഡ് സിനിമകളെ വിമര്‍ശിച്ച് കന്നഡ താരം ഋഷഭ് ഷെട്ടി. അന്താരാഷ്ട്ര വേദികളില്‍ ബോളിവുഡ് സിനിമകള്‍ ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നുവെന്നായിരുന്നു നടന്‍റെ വിമര്‍ശനം. തൻ്റെ സിനിമകളിലൂടെ ഇന്ത്യയെ പോസിറ്റീവായി കാണിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഋഷഭ് പറഞ്ഞു. ഋഷഭ് ഷെട്ടിയുടെ നിര്‍മാണത്തില്‍ പ്രമോദ് ഷെട്ടി നായകനാകുന്ന 'ലാഫിങ് ബുദ്ധ' സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി മെട്രോ സാഗയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഋഷഭ് ഇക്കാര്യം പറഞ്ഞത്.
"ഇന്ത്യൻ ചിത്രങ്ങൾ പ്രത്യേകിച്ച് ബോളിവുഡ് ചിത്രങ്ങൾ നമ്മുടെ രാജ്യത്തെ മോശമായാണ് ചിത്രീകരിക്കുന്നത്. ഇത്തരം ആർട്ട് ചിത്രങ്ങൾ അന്താരാഷ്ട്ര മേളകളിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും റെഡ് കാർപ്പറ്റിലേക്ക് സ്വാഗതം ചെയ്യപ്പെടുകയും ചെയ്യുന്നു. എന്റെ രാജ്യം, എന്റെ സംസ്ഥാനം, എന്റെ ഭാഷ എന്നിവയിൽ ഞാൻ അഭിമാനംകൊള്ളുന്നു. ഇന്ത്യയെ എന്തുകൊണ്ട് വളരെ പോസിറ്റീവായ രീതിയിൽ ചിത്രീകരിച്ചുകൂടാ? എന്റെ സിനിമകളിലൂടെ അങ്ങനെചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്.'' ഋഷഭ് പറഞ്ഞു.
ബോളിവുഡ് സിനിമക്കെതിരായ ഋഷഭ് ഷെട്ടിയുടെ പരാമര്‍ശം വൈറലായതോടെ നടന് മറുപടിയുമായി ഒരു വിഭാഗം സമൂഹമാധ്യമങ്ങളിലെത്തി. നടന് ദേശീയ പുരസ്കാരം നേടികൊടുത്ത കാന്താര സിനിമയിലെ രംഗങ്ങള്‍ ഉയര്‍ത്തിയാണ് ഋഷഭിന്‍റെ പരാമര്‍ശത്തെ ഇവര്‍ എതിര്‍ക്കുന്നത്. നടി സപ്തമി ഗൗഡ അവതരിപ്പിച്ച ലീല എന്ന കഥാപാത്രത്തിന്‍റെ ഇടുപ്പില്‍ ഋഷഭിന്‍റെ ശിവ എന്ന കഥാപാത്രം നുള്ളുന്ന രംഗം ചൂണ്ടിക്കാട്ടിയാണ് ഋഷഭിന്‍റെ പരാമര്‍ശം കാപട്യം നിറഞ്ഞതാണെന്ന് ചിലര്‍ വിമര്‍ശിക്കുന്നത്.
വിജയം താത്ക്കാലികമാണ്. പക്ഷേ ഒരു സ്ത്രീയുടെ ഇടുപ്പിൽ നുള്ളുന്നതും ബോളിവുഡിനെ ചീത്ത വിളിക്കുന്നതും സ്ഥിരമാണ് എന്നാണ് ഒരു ഉപയോക്താവ് എക്സില്‍ കുറിച്ചത്.
ഋഷഭ് ഷെട്ടിയുടെ കരിയറിലും കന്നഡ സിനിമ വ്യവസായത്തിലും നാഴികക്കല്ലായി മാറിയ കാന്താരയുടെ പ്രീക്വല്‍ 'കാന്താര ചാപ്റ്റര്‍ 1' ന്‍റെ ചിത്രീകരണത്തിലാണ് ഇപ്പോള്‍ താരം.