ടോം ഹോളണ്ട് ക്രിസ്റ്റഫര്‍ നോളന്റെ ദ ഒഡീസിയിലും കേന്ദ്ര കഥാപാത്രമാണ്
ഹോളിവുഡ് ചിത്രമായ സ്‌പൈഡര്‍മാന്‍ 4ന്റെ റിലീസ് തീയതി നീട്ടിയെന്ന് റിപ്പോര്‍ട്ട്. ഹോളിവുഡ് റിപ്പോര്‍ട്ടറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2026 ജൂലൈ 31നാണ് ചിത്രം തിയേറ്ററിലെത്തുക. നേരത്തെ ജൂലൈ 24, 2026 നായിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. സോണി പിക്‌ചേഴ്‌സാണ് ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്. ഷാങ് ചി ആന്‍ഡ് ദ ലെജന്‍ഡ് ഓഫ് ടെന്‍ റിംഗ്‌സ് എന്ന സിനിമയുടെ സംവിധായകനായ ഡെസ്റ്റിന്‍ ഡാനിയല്‍ ക്രെറ്റണ്‍ ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്നാണ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ടോം ഹോളണ്ടാണ് സ്‌പൈഡര്‍ മാനായി എത്തുന്നത്. ടോം ഹോളണ്ട് ക്രിസ്റ്റഫര്‍ നോളന്റെ ദ ഒഡീസിയിലും കേന്ദ്ര കഥാപാത്രമാണ്. ചിത്രം 2026 ജൂലൈ 17നാണ് തിയേറ്ററിലെത്തുന്നത്. അതായത് സ്‌പൈഡര്‍ മാന്‍ 4ന്് മുന്‍പ് തന്നെ ഒഡീസി തിയേറ്ററിലെത്തും. ജിമ്മി ഫാലണിന്റെ ടു നൈറ്റ് ഷോയില്‍ ടോം ഹോളണ്ട് നാലാമത്തെ സ്‌പൈഡര്‍മാനിന്റെ ചിത്രീകരണം 2025 പകുതിയോടെ ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു.
'അടുത്ത വേനല്‍കാലത്ത് ഞങ്ങള്‍ ഷൂട്ട് ആരംഭിക്കും. ഞാന്‍ വളരെ അധികം ആവേശത്തിലാണ്. എനിക്ക് കാത്തിരിക്കാന്‍ ആവുന്നില്ല', എന്നാണ് ടോം പറഞ്ഞത്. ജോണ്‍ വാട്ട്‌സ് സംവിധാനം ചെയ്ത മൂന്ന് സ്‌പൈഡര്‍മാന്‍ ചിത്രങ്ങളിലും ടോം ഹോളണ്ടാണ് നായകന്‍. സ്‌പൈഡര്‍മാന്‍: ഹോംകമിംഗ് (2017), സ്‌പൈഡര്‍മാന്‍: ഫാര്‍ ഫ്രം ഹോം (2019), സ്‌പൈഡര്‍മാന്‍: നോ വേ ഹോം (2021) എന്നിവയാണ് ആ മൂന്ന് ചിത്രങ്ങള്‍.
സ്പൈഡര്‍ മാന്‍ 4ന്റെ തിരക്കഥയെ കുറിച്ചും ടോം ഹോളണ്ട് നേത്തെ റിച്ച് റോള്‍ പോഡ്കാസ്റ്റിനോട് സംസാരിച്ചിരുന്നു. 'മികച്ച തിരക്കഥയാണ് സ്‌പൈഡര്‍ മാന്‍ 4ന്റേത്. അതില്‍ ഇനിയും ജോലികള്‍ ചെയ്യാനുണ്ട്. എഴുത്തുകാര്‍ മികച്ച രീതിയില്‍ ജോലികള്‍ തുടരുകയാണ്. മൂന്ന് ആഴ്ച്ച മുന്നെയാണ് ഞാന്‍ തിരക്കഥ വായിച്ചത്. അത് എന്നില്‍ വല്ലാത്ത ഉന്‍മേഷം ഉണ്ടാക്കി', ടോം പറഞ്ഞു.
'സെന്‍ഡയയും ഞാനും ഒരുമിച്ചാണ് തിരക്കഥ വായിച്ചത്. ആരാധകര്‍ക്കായുള്ള നല്ലൊരു സിനിമയായിരിക്കും ഇത്. പക്ഷെ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഞാന്‍ വളരെ ആവേശത്തിലാണ്. അത് എത്രയും പെട്ടന്ന് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. എല്ലാം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്, ഒന്ന് രണ്ട് കാര്യങ്ങള്‍ കൂടി ശരിയായാല്‍ ചിത്രം ഷൂട്ടിംഗ് ആരംഭിക്കും', എന്നും ടോം കൂട്ടിച്ചേര്‍ത്തു.