5000ത്തിലധികം ഡെലഗേറ്റുകൾ പങ്കെടുത്ത 30 സെഷനുകൾ ഉച്ചകോടിയുടെ ഭാഗമായി നടത്തിയെന്നും മന്ത്രി പറഞ്ഞു
നിക്ഷേപ കേരള ആഗോള ഉച്ചകോടിക്ക് സമാപനമായി. രണ്ടു ദിവസമായി നടന്ന ഉച്ചകോടിയിൽ 1,52,905 കോടി രൂപയുടെ നിക്ഷേപം കേരളത്തിലുണ്ടായതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഇൻവെസ്റ്റ് കേരള നിക്ഷേപ ഉച്ചകോടി സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനുള്ള ഐക്യയാത്രയുടെ തുടക്കമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിനെ നിക്ഷേപ സൗഹൃദ ഇടമാക്കാൻ എല്ലാരും കൂട്ടായ പരിശ്രമം നടത്തി. 5000ത്തിലധികം ഡെലഗേറ്റുകൾ പങ്കെടുത്ത 30 സെഷനുകൾ ഉച്ചകോടിയുടെ ഭാഗമായി നടത്തിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഐക്യമായിരുന്നു ഉച്ചകോടിയുടെ പ്രധാന വിജയമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിൻ്റെ നിക്ഷേപ സാധ്യതകൾ കൂടുതൽ തുറന്നു കാട്ടാനുള്ള വേദിയായി ഉച്ചകോടി മാറി. നിക്ഷേപത്തിന് സമയമെടുക്കും. നിക്ഷേപകരിൽ ആത്മവിശ്വാസം ഉണ്ടാക്കാനാണ് ശ്രമിച്ചത്. ഇത് യാത്രയുടെ അവസാനമല്ല മറിച്ച് കേരളം നിക്ഷേപ സൗഹൃദമാകുന്നതിൻ്റെ തുടക്കം മാത്രമാണെന്ന് മന്ത്രി പറഞ്ഞു.
തെഴിൽ സമരങ്ങൾ കൂടുതൽ ഉള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇല്ലെന്ന് മന്ത്രി പറഞ്ഞു. യുവാക്കൾ വിദേശത്തേക് ജോലി തേടി പോകുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകും. 24 ഐടി കമ്പനികൾ കേരളത്തിൽ നിക്ഷേപത്തിന് താൽപര്യമറിയിച്ചിട്ടുണ്ട്. 20,000 കോടിയുടെ അധിക നിക്ഷേപം കേരളത്തിൽ ഉണ്ടാകും. ഇതുവരെ 1,52,905 കോടി രൂപയുടെ നിക്ഷേപമുണ്ടായെന്നും പി. രാജീവ് വ്യക്തമാക്കി.
നിക്ഷേപ വാഗ്ദാനങ്ങൾ യാഥാർഥ്യബോധത്തോടെയുള്ളതാണോ എന്ന് പരിശോധിക്കണം അതിന് സമയമെടുക്കും. നാളെ മുതൽ നിക്ഷേപ വാഗ്ദാനങ്ങൾ തരംതിരിച്ച് പരിശോധിക്കുകയും റിവ്യൂ മീറ്റിങ് നടത്തുകയും ചെയ്യും. ഭാരത് ബയോടെക് വ്യവസായം തുടങ്ങാൻ പോവുകയാണ്. 18 സംസ്ഥാനങ്ങളിൽ വാട്ടർ മെട്രൊ തുടങ്ങാൻ താൽപ്പര്യം അറിയിച്ചിട്ടുണ്ട്. കേരളം വിസ്തൃതിയിൽ മാത്രമാണ് ചെറുതെന്നും മറ്റെല്ലാ ഘടകങ്ങൾ എടുത്താലും കേരളം വലുതാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഇൻവെസ്റ്റ് കേരളം വ്യവസായ സൗഹൃദമാക്കാൻ യുഡിഎഫ് എന്നും ഒപ്പം ഉണ്ടായിരുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഹർത്താൽ നടത്താത്ത റെക്കോർഡ് പ്രതിപക്ഷത്തിനുണ്ട്. പ്രതിപക്ഷ നിലപാടിൻ്റെ കൂടി ഫലമായാണ് കേരളത്തിൽ വ്യവസായ അന്തരീക്ഷമുണ്ടായത്. സിൽവർ ലൈൻ വിവാദ പദ്ധതി ആയതിനാൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.