fbwpx
SPOTLIGHT| ഇന്ത്യ പാകിസ്ഥാനില്‍ ക്രിക്കറ്റ് കളിച്ചിരുന്നെങ്കിലോ?
logo

ന്യൂസ് ഡെസ്ക്

Posted : 22 Feb, 2025 07:01 PM

ഇന്ത്യ പാകിസ്ഥാനിലേക്ക് പോകുന്നില്ല എന്നു തീരുമാനിച്ചതോടെ വംശീയവിരോധം അങ്ങനെ തന്നെ തുടരുകയാണ്. അതുമാറാന്‍ ക്രിക്കറ്റ് ഒരു പാലമാകുമെങ്കില്‍ ഇനിയും അവസരങ്ങള്‍ ഉണ്ടാവുക തന്നെ വേണം

CHAMPIONS TROPHY 2025


ഇന്ത്യ പാകിസ്ഥാനിലേക്ക് പോകാതെ ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ആരംഭിച്ചു. 2023ല്‍ ബാബര്‍ അസമിന്റെ ടീം ഇന്ത്യയില്‍ വന്ന് ലോകകപ്പ് കളിച്ചത് പാകിസ്ഥാന്‍ പലവട്ടം ചൂണ്ടിക്കാണിച്ചതാണ്. രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്ലിക്കും ഇന്ത്യയിലുള്ളതുപോലെ ആരാധകരുള്ള രാജ്യവുമാണ് പാകിസ്ഥാന്‍. അങ്ങേയറ്റം കഷ്ടത്തിലായ പാകിസ്ഥാന് ഇന്ത്യ അവിടെ കളിച്ചാലുണ്ടാകുന്ന സാമൂഹിക ഉണര്‍വിലായിരുന്നു പ്രതീക്ഷ. പാകിസ്ഥാനില്‍ കളിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത് ഇന്ത്യയുടെ ക്രിക്കറ്റ് ടീമല്ല. രാഷ്ട്രീയപരവും നയതന്ത്രപരവുമാണ് ആ തീരുമാനം. ഇന്ത്യന്‍ ടീമിന്റെ സുരക്ഷയല്ല അവിടെ പ്രശ്‌നം. അതാണ് കാര്യമെങ്കില്‍ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമൊന്നും പാകിസ്ഥാനിലേക്ക് പറന്നിറങ്ങുമായിരുന്നില്ല.



ഇന്ത്യ പാകിസ്താനില്‍ ക്രിക്കറ്റ് കളിച്ചിരുന്നെങ്കിലോ?



1952ല്‍ ഇരുരാജ്യങ്ങളുടേയും മുറിവുണക്കാന്‍ ആരംഭിച്ചതാണ് ക്രിക്കറ്റ് നയതന്ത്രം. 1947 മുതല്‍ വിഭജനത്തെ തുടര്‍ന്നുള്ള കലാപത്തില്‍ ആയിരങ്ങള്‍ മരിച്ചുവീണപ്പോള്‍ ആ നോവ് പൊറുപ്പിക്കാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പാകിസ്ഥാന് കത്തയച്ചു. ആ ക്ഷണം സ്വീകരിച്ച് അബ്ദുല്‍ ഖാദര്‍ നയിച്ച പാകിസ്ഥാന് ടീം ഡല്‍ഹിയിലെത്തി. അതായിരുന്നു പാകിസ്ഥാന്‍ കളിച്ച ആദ്യ ടെസ്റ്റ്. ലാലാ അമര്‍നാഥ് നയിച്ച ഇന്ത്യയാണ് ആ ടെസ്റ്റ് വിജയിച്ചത്. എന്നാല്‍ രണ്ടാം ടെസ്റ്റ് നടന്ന ലഖ്‌നൗവില്‍ പാകിസ്ഥാന്‍ തിരിച്ചടിച്ചു. ഇതിനു തുടര്‍ച്ചയായി ഇന്ത്യ പാകിസ്ഥാനില്‍ പോയി 1954-55ല്‍ ടെസ്റ്റ് കളിച്ചു. 1960-61ല്‍ പാകിസ്ഥാന്‍ വീണ്ടും ഇന്ത്യയിലെത്തി. ഇന്ത്യാ-പാക് ബന്ധം സംഘര്‍ഷഭരിതമായിരുന്നെങ്കിലും ക്രിക്കറ്റ് രണ്ടു ജനതയേയും ചേര്‍ത്തു നിര്‍ത്തി. അതൊരിക്കലും സൗഹൃദമത്സരമായിരുന്നില്ല. മഹാഭാരതയുദ്ധം പോലെ സഹോദരപ്പോര് ആയിരുന്നു. അപ്പോഴും ഇരുരാഷ്ട്രങ്ങള്‍ക്കും ജനതകളുടെ മനസ്സില്‍ പരസ്പരം സ്ഥാനമുണ്ടായി. ശത്രുവെന്നാല്‍ നിതാന്തശത്രുവല്ലെന്ന് പരസ്പരം ബോധ്യപ്പെടുത്തി. എന്നാല്‍ 1961 ന് ശേഷം നീണ്ട 17 വര്‍ഷം ഇരുരാഷ്ട്രങ്ങളും ഒരിക്കല്‍പ്പോലും പരസ്പരം സന്ദര്‍ശിച്ചില്ല. രണ്ടു യുദ്ധങ്ങള്‍ ഉണ്ടാക്കിയ മുറിവ് അക്കാലത്ത് അത്രമേല്‍ വലുതായിരുന്നു.


Also Read: പ്രധാനമന്ത്രി പറയട്ടെ, എന്നു കുറയും ഈ പെട്രോള്‍ വില? 


1978-79ല്‍ ഇരുരാഷ്ട്രങ്ങളും പരസ്പര യാത്രകള്‍ പുനരാരംഭിച്ചു. അതൊരു സുന്ദരമായ ഏറ്റുമുട്ടല്‍ കാലമായിരുന്നു. കപില്‍ ദേവിന് ഇന്ത്യയിലുള്ളതിനേക്കാള്‍ ആരാധകര്‍ പാകിസ്ഥാനില്‍. ഇമ്രാന്‍ഖാന് പാകിസ്ഥാനിലുള്ളതിനേക്കാള്‍ ആരാധകര്‍ ഇന്ത്യയില്‍. അതോടെ ക്രിക്കറ്റ് സൂപ്പര്‍ഹിറോകളുടെ കളിയായി. കാണികള്‍ പരസ്പരം ഇടകലര്‍ന്നു. കപില്‍ ദേവിനെ ആരാധിക്കുന്ന ഇരുരാഷ്ട്രങ്ങളിലേയും ആരാധകരും ഇമ്രാന്‍ഖാനെ ആരാധിക്കുന്ന ഇരുരാഷ്ട്രങ്ങളിലേയും ആരാധകരും പരസ്പരം ഒന്നായി. അവര്‍ സ്വന്തം രാജ്യത്തിന്റെ പതാകകള്‍ പിടിച്ചു തന്നെ ഗ്യാലറികളില്‍ എഴുന്നേറ്റു നിന്നു സഹോദര രാഷ്ട്രത്തിലെ നായകനായി ആര്‍ത്തുവിളിച്ചു. ക്രിക്കറ്റ് അതോടെ സ്‌നേഹത്തിന്റെ അരങ്ങായി. അത്യുജ്ജ്വലമായിരുന്നു അക്കാലം. ക്രിക്കറ്റിലേക്ക് പണം കുത്തിയൊഴുകിയതും അക്കാലത്തായിരുന്നു. പരസ്പരയാത്രകള്‍ക്കു സുരക്ഷാ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ഷാര്‍ജ നിഷ്പക്ഷ വേദിയായി. ഷാര്‍ജാ കപ്പ് ലോകകപ്പിനേക്കാള്‍ വിലപിടിപ്പുള്ളതുമായി. 1986-87ല്‍ പാകിസ്ഥാന്‍ ഇന്ത്യയില്‍ വന്ന് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയപ്പോള്‍ പോലും ഒരിടത്തും കലാപം ഉണ്ടായില്ല. സച്ചിന്‍ ടെണ്ടുല്‍ക്കറും വഖാര്‍ യൂനിസും അരങ്ങേറിയ 1989 പരമ്പരയോളം ആവേശമുയര്‍ത്തിയ മറ്റൊന്ന് ഇരുരാഷ്ട്രങ്ങളുടേയും ചരിത്രത്തില്‍ ഉണ്ടാകില്ല. പിന്നെ സ്വാതന്ത്ര്യത്തിന്റെ അന്‍പതാം വര്‍ഷത്തില്‍ ഇന്ത്യ പാകിസ്ഥാനില്‍ പോയി കളിച്ച ഏകദിന പരമ്പര. ഇരുരാഷ്ട്രങ്ങളുടേയും ഹൃദയങ്ങളെ അത്രയേറെ അടുപ്പിച്ചതാണ് ആ പരമ്പര. അന്‍പതുവര്‍ഷം മുന്‍പ് രണ്ടായ രാഷ്ട്രങ്ങള്‍ ഒന്നിച്ചു നിന്ന അരങ്ങായി 1997ലെ ആ മത്സരങ്ങള്‍. പിന്നാലെ അനില്‍ കുംബ്ലെ പത്തുവിക്കറ്റ് നേടിയ ഡല്‍ഹി ടെസ്റ്റ്.


Also Read: ആനയെ ഭയന്ന് എത്രകാലം? 


കാര്‍ഗില്‍ കൊണ്ടുവന്ന മാറ്റം


കാര്‍ഗില്‍ യുദ്ധമാണ് ഇരുരാജ്യങ്ങളേയും വീണ്ടും അകറ്റിയത്. 1999 മുതല്‍ ലോകകപ്പുകളിലെ പരസ്പര മത്സരം അല്ലാതെ മറ്റൊന്നും നടന്നില്ല. മറ്റേതാനും ടൂര്‍ണമെന്റുകളിലും നേര്‍ക്കുനേര്‍ വന്നു. എന്നാല്‍ ഇന്ത്യ പാകിസ്താനിലേക്കോ പാകിസ്താന്‍ ഇന്ത്യയിലേക്കോ ഒരു പരമ്പരയ്ക്കായി വന്നതും പോയതുമില്ല. മത്സരം മാത്രമല്ല, മനസ്സും ജയിച്ചു വരണം എന്ന് അടല്‍ ബിഹാരി വാജ്‌പേയി സൗരവ് ഗാംഗുലിക്ക് ഉപദേശം നല്‍കി അയച്ചതാണ് ടീം ഇന്ത്യയെ പാകിസ്ഥാനിലേക്ക്. 2004ലെ ആ സന്ദര്‍ശനത്തില്‍ മൂന്നു ടെസ്റ്റും അഞ്ച് ഏകദിനങ്ങളും. രണ്ടും ജയിച്ചാണ് ഗാംഗുലിയും സംഘവും മടങ്ങിയെത്തിയത്. അന്ന് ഇന്ത്യയില്‍ നിന്ന് കളികാണാന്‍ ആയിരങ്ങള്‍ക്കാണ് പാകിസ്ഥാന്‍ വിസ ലഭിച്ചത്. പോയി തിരികെ വന്നവരെല്ലാം പാകിസ്ഥാന്‍ ആരാധകര്‍ സ്‌നേഹംകൊണ്ടു മൂടിയ കഥകളാണ് മാധ്യമങ്ങളോടു പറഞ്ഞത്. 2008ലെ മുംബൈ ഭീകരാക്രമണം വരെ ഇരുരാഷ്ട്രങ്ങളും വന്നും പോയും ഇരുന്നു. മൂന്നു പരമ്പരകള്‍ക്കാണ് ഇതിനിടെ പരസ്പരം ആതിഥ്യം വഹിച്ചത്. മുംബൈ ഭീകരാക്രമണവും 2009ലെ ലാഹോര്‍ സ്റ്റേഡിയം ആക്രമണവും പാകിസ്ഥാനിലെ രാജ്യാന്തര ക്രിക്കറ്റ് തന്നെ ഇല്ലാതാക്കി. 2012ല്‍ ഇന്ത്യ പാകിസ്ഥാനില്‍ പോയി ഏകദിന പരമ്പര കളിച്ചതിനപ്പുറം പിന്നെ ഉഭയരാഷ്ട്ര മത്സരങ്ങള്‍ ഉണ്ടായില്ല. ബഹുരാഷ്ട്ര ടൂര്‍ണമെന്റുകളിലും ലോകകപ്പിലും അല്ലാതെ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടിയതുമില്ല.

പാകിസ്ഥാനില്‍ പോകാന്‍ കഴിയുമായിരുന്നോ?

ഇന്ത്യ പാകിസ്ഥാനില്‍ പോയി തോല്‍ക്കുമോ എന്ന ഉള്‍ഭയമല്ല ഇപ്പോഴത്തെ പിന്‍മാറ്റത്തിനു പിന്നില്‍. തീര്‍ച്ചയായും ഇന്ത്യന്‍ താരങ്ങള്‍ വലിയ സമ്മര്‍ദ്ദത്തിലാകും പാകിസ്ഥാനില്‍ കളിക്കാനിറങ്ങുക. ഒരു മല്‍സരമെങ്കിലും തോറ്റാല്‍ ഉണ്ടാകാനിടയുള്ള പ്രതിഷേധങ്ങളുടെ ഭാരം ഓരോരുത്തരുടേയും മനസ്സിലുണ്ട്. ഇന്ത്യക്കു മാത്രമായ സുരക്ഷാ പ്രശ്‌നവും ഉണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള തീവ്രസംഘങ്ങളുമായി പാകിസ്ഥാന്‍ ഏറ്റുമുട്ടല്‍ തുടരുന്ന കാലമാണ്. അഫ്ഗാനില്‍ പോയി ബോംബിട്ട് അവരെ തകര്‍ക്കാന്‍ ശ്രമിച്ചു നില്‍ക്കുകയാണ് പാകിസ്ഥാനില്‍. ഏതു സമയത്തും ഒരു തിരിച്ചടിയുണ്ടാകും എന്ന ആശങ്ക നയതന്ത്ര മേഖലയിലുണ്ട്. ഇന്ത്യയും പാകിസ്ഥാനുമായി സാഹോദര്യത്തിന്റെ മത്സരം സാധ്യമാണ്. എന്നാല്‍ പാകിസ്ഥാനും അവിടുത്തെ തീവ്രസംഘങ്ങളുമായി അത്തരമൊരു കളി സാധ്യമേയല്ല. അവിടെ യുദ്ധം മാത്രമേ നടക്കുന്നുള്ളൂ. അതാണ് ഇന്ത്യ നേരിടുന്ന പ്രശ്‌നം. എങ്കിലും ഇന്ത്യന്‍ ടീം പാകിസ്ഥാനില്‍ പോയി കളിക്കണം എന്നു ചിന്തിക്കുന്ന അനേകര്‍ ഈ രാജ്യത്തുണ്ട്. വെറുപ്പിന്റെ രാഷ്ട്രീയം പറയുന്നവരുടെ നാവടപ്പിക്കാന്‍ അതിലും വലിയ അവസരം വേറെ ഉണ്ടാകുമായിരുന്നില്ല. ഇന്ത്യ പാകിസ്ഥാനിലേക്ക് പോകുന്നില്ല എന്നു തീരുമാനിച്ചതോടെ വംശീയവിരോധം അങ്ങനെ തന്നെ തുടരുകയാണ്. അതുമാറാന്‍ ക്രിക്കറ്റ് ഒരു പാലമാകുമെങ്കില്‍ ഇനിയും അവസരങ്ങള്‍ ഉണ്ടാവുക തന്നെ വേണം.

Also Read
user
Share This

Popular

WORLD
KERALA
WORLD
അവസാന ഘട്ട ബന്ദി മോചനം പൂർത്തിയായി; ആറ് ബന്ദികളെ മോചിപ്പിച്ച് ഹമാസ്; 620 പലസ്തീൻ തടവുകാരെ ഇസ്രയേൽ വിട്ടയച്ചു