fbwpx
ക്രിസ്റ്റഫർ നോളൻ: ദ ഡാർക്ക് നൈറ്റ് ഓഫ് ഹോളിവുഡ്
logo

ശ്രീജിത്ത് എസ്

Posted : 22 Feb, 2025 06:31 PM

നോളൻ സ്ട്രക്ച്ചറിൽ ശ്രദ്ധിക്കുന്നതിനൊപ്പം തന്നെ സിനിമയുടെ കാഴ്ചാനുഭവത്തിലും തന്റേതായ ഒരു ശൈലി കാത്തുസൂക്ഷിക്കാറുണ്ട്

HOLLYWOOD


പാസഡേനയിലെ കാലിഫോർണിയ ഇൻസ്റ്റിട്യൂട് ഓഫ് ടെക്‌നോളജി. അവിടെ പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനായ കിപ് തൊൺ വല്ലാത്തൊരു ആശയക്കുഴപ്പത്തിലാണ്. അദ്ദേഹം ജീവിതത്തിൽ പകുതിയിൽ അധികവും ചെലവഴിച്ചത് ബ്ലാക്ക് ഹോളുകൾ, ടൈം, സ്പേസ് എന്നിവയെക്കുറിച്ച് പഠിക്കാനാണ്. എന്നാൽ ഇപ്പോൾ തന്റെ സ്റ്റഡിറൂമിലെ സമവാക്യങ്ങൾ കൊണ്ട് നിറഞ്ഞ ബ്ളാക്ക് ബോർഡിന് മുന്നിൽ നിൽക്കുമ്പോൾ അദ്ദേഹത്തിന് ഒരു ഉൾവിളി. ലോകം താൻ കാണുന്നത് കാണണം, പ്രപഞ്ചത്തിന്റെ അത്ഭുതം പാഠപുസ്തകങ്ങളിലൂടെയല്ലാതെ, കഥപറച്ചിലിന്റെ ശക്തിയിലൂടെ അവർ അനുഭവിക്കണം. അതിന് അത്തരത്തിൽ ഒരു സിനിമ നിർമിക്കണം.


അദ്ദേഹത്തിന്റെ വാക്കുകൾ ഹോളിവുഡ് ശ്രദ്ധയോട് കേട്ടു. തോണിന്റെ ആശയങ്ങളോട് താൽപ്പര്യം തോന്നിയ സ്റ്റീവൻ സ്പിൽബർ​ഗ് ആ ഇന്റർ​ഗാലക്ടിക് യാത്രയെ സിനിമയാക്കാൻ തീരുമാനിച്ചു. പക്ഷേ കാലം പ്രവചനാതീതമാണ്. സ്പിൽബർ​ഗ് ആ പ്രൊജക്ടിൽ നിന്നും അകന്നു. തോണിന്റെ ഭാഷയിൽ പറഞ്ഞാൽ ആ പ്രൊജക്ട് കമ്മ്യൂണിക്കേഷൻ നഷ്ടപ്പെട്ട ഒരു സാറ്റ്ലൈറ്റിനെ പോലെ ബഹിരാകാശത്ത് ഒഴുകി നടന്നു.

അപ്പോഴാണ് ആ സംവിധായകന്റെ രം​ഗപ്രവേശം. സ്മാർട്ട് ഫോണോ, എന്തിന് സ്വന്തമായി ഒരു ഇമെയിൽ പോലുമില്ലാത്ത വ്യക്തി. സമയത്തെ മെരുക്കി, യാഥാർത്ഥ്യത്തെ തകർത്ത്, പ്രേക്ഷകനായി അസാധ്യ കാര്യങ്ങൾക്ക് മധ്യസ്ഥം നിന്നവൻ. The one that cinema deserved , the one it needed. ദ ഡാർക്ക് നൈറ്റ് ഓഫ് ഹോളിവുഡ് - ക്രിസ്റ്റഫർ നോളൻ.



Also Read: ഡേവിഡ് ഫിഞ്ചർ: ഹോളിവുഡിലെ പെർഫെക്ഷനിസ്റ്റ്


ഇന്റർസ്റ്റെല്ലാർ എന്ന ആ സിനിമ കേവലം ഒരു സ്പേസ് ഒഡിസി മാത്രമല്ല. ടൈമിനും സ്പേസിനും അപ്പുറത്ത് നോളൻ ഇന്റർസ്റ്റെല്ലാറിൽ മറ്റൊരു ഡൈമൻഷൻ കൂടി സ്ഥാപിച്ചു- ഒരു അച്ഛനും മകളും തമ്മിലുള്ള തീവ്രമായ ബന്ധം. സിനിമയുടെ സോളിൽ കൂബ്രിക്കിന്റെയും തർക്കോവസ്കിയുടെയും സ്വാധീനവും. ഐമാക്സിന്റെ ദൃശ്യസാധ്യതകളും ഹാൻസ് സിമ്മറിന്റെ ബാക്ക്​ഗ്രൗണ്ട് സ്കോറും കൂടിയായപ്പോൾ കാലം ചെല്ലും തോറും രൂചിയേറുന്ന വീഞ്ഞായി ആ സിനിമ.



ഇക്കാര്യത്തിൽ ക്രിസ്റ്റഫർ നോളൻ എന്ന സംവിധായകൻ ഒരു മാന്ത്രികനാണ്. ഇത് കേവലം ഒരു അലങ്കാരമായി പറയുന്നതല്ല. അയാളുടെ ചലച്ചിത്രനിർമാണ ശൈലി ഒരു മാസ്റ്റർപീസ് മാജിക് ഐറ്റം പോലെയാണ്. നോളന്റെ പ്രസ്റ്റീജ് എന്ന സിനിമയിൽ പറയുന്നത് പോലെ THE PLEDGE, THE TURN, THE PRESTIGE എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി വികസിക്കുന്ന ഒരു ഇല്യൂഷൻ ​ഗെയിമാണ് അയാളുടെ ഫിലിം മേക്കിങ്.

അയാൾ ആദ്യം ഒരു സാധാരണ വസ്തുവിനെ, വ്യക്തിയെ അല്ലെങ്കിൽ സംഭവത്തെ നമുക്ക് മുന്നിൽ അവതരിപ്പിക്കും. തീർത്തും ലളിതമായ ഒരു ആശയം. ഇതാണ് pledge. മെമന്റോയിലെ ആന്റിറോഗ്രേഡ് അംനേഷ്യ ബാധിച്ച മനുഷ്യൻ, അല്ലെങ്കിൽ ഇന്റർസ്റ്റെല്ലാറിലേത് പോലെ മകളുമായി വീണ്ടും ഒന്നിക്കാൻ ശ്രമിക്കുന്ന ഒരു പിതാവ്. പക്ഷേ ഈ ലാളിത്യം ഒരുതരം പറ്റിക്കലാണ്. നോളൻ നമുക്ക് കാണിച്ചുതരുന്ന ലോകം നമുക്ക് മനസ്സിലാകുന്നുണ്ടെന്ന് നമ്മൾ കരുതും. അയാളുടെ നിയമങ്ങളിൽ നമ്മൾ വിശ്വസിക്കും. അപ്പോൾ അയാൾ മാജിക്കിന്റെ അടുത്ത ഘട്ടത്തിലേക്ക് പതിയെ കടക്കും.



ഈ സാധാരണ സംഭവങ്ങളിലേക്ക് അസാധാരണ ട്വിസ്റ്റുകൾ കടന്നുവരും. അസാധ്യമായത് യാഥാർത്ഥ്യമാകും. അംനേഷ്യ ബാധിച്ച മനുഷ്യൻ തന്റെ ഭാര്യയെ റേപ്പ് ചെയ്ത വ്യക്തിയെ അന്വേഷിക്കുകയാണെന്ന് തെളിയും. ഓർമയുടെയും സത്യത്തിന്റെയും സബ്ജെക്ടീവ് സ്വഭാവത്തെപ്പറ്റിയുള്ള വിചാരണയാകും കഥ. അതേപോലെ ഇന്റർസ്റ്റെല്ലാറിലെ അച്ഛന്റെയും മകളുടെയും ബന്ധത്തിനിടയിലേക്ക് ടൈംമിന്റെയും സ്പേസിന്റെയും പുതിയ മാനങ്ങൾ കടന്നുവരും. ഇനിയാണ് പ്രസ്റ്റീജ്.


Also Read: മാർട്ടിൻ സ്കോസെസി: മോഡേൺ ​ഗ്യാങ്സ്റ്റർ സിനിമയുടെ അപ്പോസ്തലന്‍


ഈ ഘട്ടത്തിലാണ് പ്രേക്ഷകൻ ഞെട്ടേണ്ടത്. കൈയ്യടിക്കാൻ മറന്നുപോകുന്ന തരത്തിൽ വായ പിളർക്കേണ്ടത്. അപ്രത്യക്ഷമാക്കുക മാത്രമല്ല മാജിക്. അപ്രത്യക്ഷമായവയെ തിരികെയും കൊണ്ടുവരണം. നോളന്റെ ഫൈനൽ റിവീലിൽ നമ്മൾ അതുവരെ ആ സിനിമയിൽ നിന്ന് ഉണ്ടാക്കിവെച്ച ധാരണകളൊക്കെ പുനർനിർവചിക്കേണ്ടി വരും. ദി പ്രസ്റ്റീജ്, മെമെന്റോ, അല്ലെങ്കിൽ ദി ഡാർക്ക് നൈറ്റ് എന്നിവയുടെ ക്ലൈമാക്സിൽ ആ കഥ അവസാനിപ്പിക്കുക അല്ല നോളൻ. ആ എൻഡിങ്ങുകൾ കാണികളെ വേട്ടയാടും. താൻ വിട്ടുപോയ സൂചനകൾക്കായി ഓരോ ഫ്രെയിമിലൂടെയും വീണ്ടും പോകാൻ നിർബന്ധിതരാക്കും. പക്ഷേ, ആ രഹസ്യങ്ങളൊക്കെ നമ്മുടെ കൺമുന്നിൽ തന്നെയുണ്ടായിരുന്നു. ഇന്റർസ്റ്റെല്ലാറിലെ ​ഗോസ്റ്റ് ആരാണെന്ന് എത്ര സൂചനകൾ നോളൻ തന്നതാണ്. നമ്മൾ കണ്ടില്ലെന്ന് മാത്രം.


19-ാം വയസിൽ എടുത്ത ടരാന്റെല്ല എന്ന 8 എംഎം ഷോർട്ടിൽ തുടങ്ങി ഓപ്പൺഹൈമറിൽ വരെ ഈ മാന്ത്രിക സ്പർശം നമുക്ക് കാണാൻ സാധിക്കും. സിനിമയുടെ നറേറ്റീവ് സ്ട്രക്ച്ചറിലാണ് നോളന്റെ പരീക്ഷണങ്ങൾ. മെമന്റോ എന്ന രണ്ടാമത്തെ ഫീച്ചർ ഫിലിമിൽ തന്നെ നോളൻ തന്റെ ട്രിക്ക് ആരംഭിച്ചു കഴിഞ്ഞിരുന്നു. രണ്ട് ടൈംലൈനിൽ നടക്കുന്ന കഥ. മുന്നോട്ടുള്ള കഥ ബ്ലാക്ക് ആൻഡ് വൈറ്റും പിന്നിലേക്കുള്ള കഥ കളറിലും. റിവേഴ്സ് സ്ക്രീൻ പ്ലേയുടെ സാധ്യത രുചിച്ചറിയുകയായിരുന്നു ആസ്വാദകർ. ഈ സിനിമ നോക്കി കഴിഞ്ഞാൽ മറവിയുള്ള നായകന് നീല നിറം ഒരു സൂചകമായി മാറുന്നത് കാണാം. വാതിലുകളിലും, ഹോട്ടൽ മുറികളുടെ ചുമരുകളിലും, ബാറുകളിലും, നായകന്റെ സ്യൂട്ടിൽ പോലും ഈ നിറം പ്രത്യക്ഷപ്പെടുന്നു. പിന്തുടരൂ എന്ന് പറയും പോലെ.



തുടർന്ന് 2006ൽ പുറത്തിറങ്ങിയ പ്രസ്റ്റീജിലും മൾട്ടിപ്പിൾ ടൈം ലൈനുകൾ കാണാം. കഥ പുരോഗമിക്കുന്നത് രണ്ട് കഥാപാത്രങ്ങളുടെ ഡയറിക്കുറിപ്പുകളിലൂടെയാണ്. വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെയാണ്. ഇൻസെപ്ഷനിൽ എത്തുമ്പോൾ അത് സമയത്തെ വലിച്ചു നീട്ടി ഒരു കഥാപാത്രത്തിന്റെ സ്വപ്നത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന തലത്തിലേക്കെത്തി. ഈ സിനിമയിൽ സ്പേസിന് ഫ്ലൂയിഡ് നേച്ചറാണ്. ഒരു ആർക്കിട്ടെക്ടിന് അത് രൂപകൽപ്പന ചെയ്യാം. മാനിപ്പുലേറ്റ് ചെയ്യാം. ഇനി ഇന്റർസ്റ്റെല്ലാറിലോ? അവിടെ സമയം ആപേക്ഷികമാണെന്ന് നോളൻ ഐൻസ്റ്റീന് ഒപ്പം പറഞ്ഞു വയ്ക്കുന്നു. ടെനറ്റിൽ ഇതേ സമയത്തെ നോളൻ തിരിച്ചിടുന്നു. റിവേഴ്സ് എൻട്രോപ്പി എന്ന ആശയത്തിലൂടെ ആളുകൾക്കും വസ്തുക്കൾക്കും സമയത്തിന് എതിരെ പുറകിലേക്ക് സഞ്ചരിക്കാം എന്ന നിലയിലേക്ക് എത്തുന്നു. ഒരു ​ഗണ്ണിന്റെ ബരലിലേക്ക് വെടിയുണ്ട തിരിച്ചുകയറുന്ന പോലെ.



തീർത്തും മാത്തമാറ്റിക്കലാണ് ഈ നറേറ്റീവുകൾ. നോളൻ ഈ ആശയങ്ങളെ പരിചരിക്കുന്നത് തന്നെ ​ഗ്രാഫുകളും ഡയ​ഗ്രമുകളും ഉപയോ​ഗിച്ചാണ്. ഡൺക്രിക്ക് എന്ന സിനിമ എടുക്കാം. കഥ മൂന്ന് ടൈം ലൈനുകളിലാണ് നടക്കുന്നത്. ലോക മഹായുദ്ധക്കാലത്ത് ഡൺക്രിക്കിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് സൈനികരെ രക്ഷിക്കുന്നതാണ് ഇതിവൃത്തം. ഈ രക്ഷാ പ്രവർത്തനം, പല സമയങ്ങളിലായി, അതായത് ഒരാഴ്ച മുൻപ് കരയിലും, ഒരു ദിവസം മുൻപ് കടലിലും, ഒരു മണിക്കൂറിന് മുൻപ് ആകാശത്തും നടക്കുന്ന സംഭവങ്ങളിലൂടെയാണ് അനാവൃതമാകുന്നത്. വെറുതെ അങ്ങനെയൊരു ചരിത്ര നിമിഷം പകർത്തിവെച്ചാൽ അത് നോളൻ സിനിമയാകില്ലല്ലോ? അതാണ് കാര്യം.


Also Read: സ്റ്റീവൻ സ്പിൽബ‍​ർ​ഗ്: ഭാവനാകാശത്ത് കഥകൾ മെനയുന്ന ചലച്ചിത്രകാരൻ


ഈ പല ടൈംലൈനുകളുടെ പിരിമുറുക്കത്തിനു പോലും നോളന് കൃത്യമായ മീറ്ററുണ്ട്. ഇന്റർകട്ടിങ് സീനുകളിൽ വരുന്ന ഈ ടൈംലൈനുകളിൽ ഒന്ന് അതിന്റെ പീക്കിലെത്തി നിൽക്കുമ്പോൾ മറ്റൊന്ന് ബിൽഡ് ചെയ്യുകയായിരിക്കും. അപ്പോൾ അടുത്ത കട്ടിൽ മൂന്നാമത്തെ ടൈംലൈൻ രൂപപ്പെട്ടുവരും. ഈ നറേറ്റീവ് നിർമിക്കാൻ നോളൻ ആശ്രയിച്ചത് സം​ഗീതത്തിലെ ഷെപ്പേർഡ് പ്രോ​ഗഷനാണ്. ഈ ടോൺ പ്രേക്ഷകരിൽ എപ്പോഴും ഒരു പിരിമുറുക്കം നിലനിർത്തും.



ഏതു തരം നറേറ്റീവ് ആണെങ്കിലും, കഥ അത് പറയുന്നവന്റെ നാവിലാണ്. അതിന് ഉത്തമ ഉദാഹരണമാണ് ബാറ്റ്മാൻ ട്രിലോജി. ഡിസി കൊമിക്സിൽ നിന്ന് ബാറ്റ്മാനെയും ജോക്കറിനെയും നോളൻ കൊണ്ടിട്ടത് ഒരു ക്രൈം നോയറിലേക്കാണ്. ബാറ്റ്മാന് അവിടെ അസ്തിത്വ പ്രതിസന്ധികൾ ഉണ്ടാകും. ഒരു നായകനായി മരിക്കണോ അതോ നീണ്ടകാലം ജീവിച്ച് ഒരു വില്ലനായി ഒടുങ്ങണോ എന്ന ചോദ്യം കഥയുടെ കേന്ദ്രമാകും. കോമിക്കിന്റെ സ്ട്രക്ച്ചറിനെ ഈ വിധം നിസഹായനായി പോകുന്ന സൂപ്പർഹീറോയിലൂടെയും അയാളെ വെല്ലുന്ന ബേനിനേയും ജോക്കറിനെയും റാസ് ആ ​ഗുല്ലിലേയും പോലുള്ള വില്ലന്മാരിലൂടെയും അയാൾ തലകീഴായി മറിച്ചിടും.



നോളൻ ഈ വിധം സ്ട്രക്ച്ചറിൽ ശ്രദ്ധിക്കുന്നതിനൊപ്പം തന്നെ സിനിമയുടെ കാഴ്ചാനുഭവത്തിലും തന്റേതായ ഒരു ശൈലി കാത്തുസൂക്ഷിക്കാറുണ്ട്. മെമെന്റോ മുതൽ ദി ഡാർക്ക് നൈറ്റ് റൈസസ് വരെ വാലി ഫിസ്റ്റർ ആയിരുന്നു നോളന്റെ ക്യാമറാമാൻ. ഇന്റർസ്റ്റെല്ലാർ മുതൽ ഇങ്ങോട്ട് ഹോയ്റ്റ് വാൻ ഹോയ്റ്റ്മയും. പ്രാക്ടിക്കൽ ഇഫക്റ്റുകൾ, വലിയ ഫോർമാറ്റുകൾ, ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന ദൃശ്യാനുഭവങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ കൂട്ടുകെട്ടുകൾ. സ്ഥലം, സമയം, യാഥാർത്ഥ്യം എന്നീ തീമുകളെ മെച്ചപ്പെടുത്തുന്നത് ഈ ദൃശ്യ ശൈലി തന്നെയാണ്.



എല്ലാ സിനിമാപ്രേമികൾക്കും അറിയുന്ന പോലെ ഐമാക്സ് 70 എംഎം ക്യാമറകൾ ഉപയോഗിക്കുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് നോളൻ. ഇത് ഫ്രെയിമുകൾക്ക് സമാനതകളില്ലാത്ത വ്യക്തതയും സ്കെയിലും നൽകുന്നു. ആ ദൃശ്യങ്ങളെ കൂടുതൽ യാഥാർഥമാക്കുന്നത് സിജിഐയേക്കാൾ പ്രാക്ടിക്കൽ ഇഫക്റ്റുകൾ ഉപയോ​ഗിക്കുന്നു എന്നതാണ്. ഇന്റർസ്റ്റെല്ലാറിലെ കോൺഫീൽഡ് ചേസിനായി 500 ഏക്കറിലാണ് നോളൻ ചോളം വിളയിപ്പിച്ചത്. ടെനറ്റ് നോക്കി കഴിഞ്ഞാൽ പ്ലേൻ ക്രാഷ് സീനിൽ ഒരു യഥാർഥ ബോയിങ് 747 വിമാനം തന്നെ നോളൻ ഇടിച്ചിറക്കുന്നു. ബഡ്ജറ്റ് അനുവദിക്കുന്നു എന്നത് കൊണ്ട് മാത്രമല്ലിത്. ആനിമേറ്റഡായ ഇമേജുകളും ഫോട്ടോ​ഗ്രാഫിക് ഇമേജുകളും തമ്മിലുള്ള വ്യത്യാസം പ്രേക്ഷകന് ഒറ്റ നോട്ടത്തിൽ തിരിച്ചറിയും എന്ന ബോധ്യമാണ് ഇത്തരം സാഹസങ്ങൾക്ക് നോളനെ പ്രേരിപ്പിക്കുന്നത്. അത്രമേൽ തന്റെ സിനിമയുടെ രൂപത്തിൽ ശ്രദ്ധാലുവാണ് അയാൾ.



ഇങ്ങനെ സ്പേസ് ഒരുക്കിയതു കൊണ്ട് മാത്രം കാര്യമില്ല. ആ സ്പേസ് ഉദ്ദേശിച്ചപോലെ ചിത്രീകരിക്കണമെങ്കിൽ ലൈറ്റിങ്ങും കിറുകൃത്യമായിരിക്കണം. ആർട്ടിഫിഷ്യൽ ലൈറ്റിങ് വളരെ കുറച്ചാണ് നോളൻ ഉപയോ​ഗിക്കുക. അവൈലബിൾ ലൈറ്റിനോടാണ് നോളന് പ്രിയം. ഉദാഹരണത്തിന് ഓപ്പൺഹൈമറിലെ ട്രിനിറ്റി ന്യൂക്ലിയാർ എക്സ്പ്ലോഷൻ സീൻ. ഇത് പ്രാക്ടിക്കൽ ഇഫക്റ്റുകളിലും സിനിമാട്ടോഗ്രാഫിക് ലൈറ്റിങ്ങിലും ഒരു മാസ്റ്റർക്ലാസ് തന്നെയാണ്. നോളനും ഡിഒപി ഹോയ്റ്റ് വാൻ ഹോയ്റ്റ്മയും സിജിഐ ഇല്ലാതെയാണ് ആണവ സ്ഫോടനം പുനഃസൃഷ്ടിച്ചത്. പൂർണ്ണമായും പ്രായോഗിക ലൈറ്റിംഗ് ടെക്നിക്കുകൾ, മിനിയേച്ചറുകൾ, ക്യാമറ ഇഫക്റ്റുകൾ എന്നിവയാണ് അവർ ആശ്രയിച്ചത്. ഉയർന്ന പവർ ലൈറ്റുകൾ, ഫ്യുവൽ ബോംബുകൾ, മഗ്നീഷ്യം ബേസിഡ് എക്സ്പ്ലോഷൻസ് എന്നിവയിലൂടെയാണ് തീവ്രതയേറിയ പ്രകാശത്തിന്റെ പൊട്ടിത്തെറികൾ അവർ ചിത്രീകരിച്ചത്. യഥാർഥ ട്രിനിറ്റി ടെസ്റ്റിന് സമാനമായ, കണ്ണുകളെ അടപ്പിക്കുന്ന, ആ വെളുത്ത ഫ്ലാഷ്, സ്ക്രീനുകളെയും പ്രേക്ഷകനെയും കീഴടക്കി. വലിയ തോതിലുള്ള സ്ഫോടനത്തിനുപകരം, റിയലിസ്റ്റിക് ഷോക്ക് വേവുകളും ഫയർബോളുകളും സൃഷ്ടിക്കാൻ ഇവിടെ ഉപയോ​ഗിച്ചിരിക്കുന്നത് ഉയർന്ന വേഗതയിലുള്ള മിനിയേച്ചർ സ്ഫോടനങ്ങളാണ്. നിയന്ത്രിതമായ വിഷ്യൽ എഫെക്ടുകൾക്കൊപ്പം വെളുപ്പിൽ നിന്ന് ആഴത്തിലുള്ള ഓറഞ്ച് നിറത്തിലേക്കുള്ള ബ്ലൻഡ് ചെയ്യൽ കൂടിയായപ്പോൾ Now I became death, the destroyer of the world എന്ന് ഓപ്പൺഹൈമർ പറയുന്നതിന്റ വ്യാപ്തി പ്രേക്ഷകർക്ക് മനസിലായി.



Also Read: കെ.ജി. ജോർജ്: മലയാളിയിലെ കാണിയെ വെല്ലുവിളിച്ച തന്‍റേടി


ഈ പറയുന്ന ദൃശ്യ വിസ്മയങ്ങളെ എല്ലാം ഇഴചേർത്തു നിർത്തുന്നത് ബാക്ക് ​ഗ്രൗഡ് സ്കോറാണ്. നോളൻ പടങ്ങളുടെ മിടിപ്പ്. അതിൽ തന്നെ ഹാൻസ് സിമ്മറും നോളനുമായി ചേർന്നൊരുക്കിയ പടങ്ങൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. ഇന്റർസ്റ്റെല്ലാറിലെ ഒരോ സ്കോറുകൾക്കും നറേറ്റിവുമായി ആഴത്തിൽ ബന്ധമുണ്ട്. അതിനും അപ്പുറത്ത്, കണ്ണടച്ചൊന്ന് അവ കേട്ടിരുന്നാൽ നമ്മൾ പതിയെ ​ഗ്രാവിറ്റിയെ മറികടക്കുന്നതായി തോന്നിപ്പോകും. സ്ട്രിങ്ങുകൾ, പിയാനോ എന്നിവ ഉപയോ​ഗിച്ചിട്ടുണ്ടെങ്കിലും ചർച്ച് ഓർ​ഗനാണ് സിനിമയിലെ പ്രധാന ഇൻസ്ട്രമെന്റ്. വെർച്വൽ ഓർഗന് ഒപ്പം ലണ്ടനിലെ ടെമ്പിൾ ചർച്ച് സന്ദർശിച്ച് അവിടുത്തെ റെസിഡന്റ് ഓർഗനിസ്റ്റ് റോജർ സയറുമായി സഹകരിച്ച് യഥാർഥ പൈപ്പും സിമ്മർ പടത്തിൽ ഉപയോ​ഗിച്ചിട്ടുണ്ട്. സിനിമയിലെ സ്നേഹം, സമയം, ബഹിരാകാശത്തിന്റെ വ്യാപ്തിയും എല്ലാം സിമ്മറിന്റെ ഈ സം​ഗീതത്തിൽ പ്രകടമാണ്. ഡോക്കിങ് സീനിലെ 'നോ ടൈം ഫോർ കോഷൻ' എന്ന സ്കോറിൽ അത് അതിന്റെ ഉച്ചസ്ഥായിയിൽ എത്തുന്നു. നിങ്ങളുടെ ഉള്ളം നിറഞ്ഞുകവിയും ഈ സ്കോറിൽ. അതുപോലെ തന്നെ 'മൗണ്ടെൻസ്' എന്ന ട്രാക്കിൽ നിങ്ങൾക്ക് ഒരു ടിക്കിങ് സൗണ്ട് കേൾക്കാം. ഇത് സമയവും ആ സീനിലെ ഒരു കഥാപാത്രമാണ് എന്ന തോന്നലാണ് സൃഷ്ടിക്കുന്നത്. കാലം കടന്നുപോകുന്നു എന്ന അറിയിപ്പ്. ഈ അനുഭവമാണ് നോളൻ സിനിമകളെ പൂർണമാക്കുന്നത്.



അനുഭവം, ആ വാക്ക് ഓരോ നോളൻ സിനിമ കാണുമ്പോഴും നിങ്ങൾ ഓർത്തുവെയ്ക്കണം. ഒരു സർജന്റെ കത്തിയുമായി കീറിമുറിക്കാനല്ല നോളന്റെ പടം കാണേണ്ടത്. അയാൾ കഥയുടെ രാവണൻകോട്ടയിൽ നമ്മളെ ചുറ്റിച്ചുകൊള്ളട്ടെ, സമയത്തിന്റെ ഒഴുക്കിൽ കണ്ണുകെട്ടിവിടട്ടെ, ക്ലൈമാക്സിൽ നമ്മളെ പറ്റിക്കട്ടെ. ഒരു കുട്ടിയെ പോലെ കണ്ണും മിഴിച്ച് ഇരുന്ന് കൊടുക്കുക. ചില രഹസ്യങ്ങൾ അറിയാതെ ഇരിക്കുന്നതാണ് രസം. ട്രിക്ക് അറിഞ്ഞു കഴിഞ്ഞാൽ മാജിക്കിൽ പിന്നെ എന്താണുള്ളത്. അങ്ങനെ ഒന്നും ലഭിക്കാത്ത ഒരു വിജയി ആയി നിൽക്കുന്നതിനു പകരം നമുക്ക് ആ നോളൻ മാജിക്കിന്റെ ഭാ​ഗമാകാം. അടുത്ത ചിത്രത്തിനായി കാത്തിരിക്കാം. ആ ഒഡിസിയിൽ നമുക്കായി ആ ജീനിയസ് എന്തോ കരുതി വച്ചിട്ടുണ്ട്. ഒന്നുമില്ലെങ്കിലും അയാൾ ഒരു മാന്ത്രികനല്ലേ!


KERALA
വടകര വില്യാപ്പള്ളിയിൽ വീടിന് തീപിടിച്ചു; വയോധികയ്ക്ക് ദാരുണാന്ത്യം
Also Read
user
Share This

Popular

WORLD
KERALA
WORLD
അവസാന ഘട്ട ബന്ദി മോചനം പൂർത്തിയായി; ആറ് ബന്ദികളെ മോചിപ്പിച്ച് ഹമാസ്; 620 പലസ്തീൻ തടവുകാരെ ഇസ്രയേൽ വിട്ടയച്ചു