ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്
ബോളിവുഡ് താരം തൃപ്തി ദിമ്രി അനിമല്‍ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ്. അനിമല്‍ എന്ന ഒറ്റ സിനിമകൊണ്ട് തന്റെ കരിയറില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായ താരം. ഇപ്പോഴിതാ തൃപ്തി തന്റെ കരിയറിന്റെ വളര്‍ച്ച ഒറ്റ രാത്രികൊണ്ട് സംഭവിച്ചതല്ലെന്ന് പറഞ്ഞിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്.
'ജീവിതം വളരെ ഹെക്റ്റിക് ആണ്. ഒപ്പം രസകരവുമാണ്. ഞാന്‍ എല്ലാ ദിവസത്തെ ജോലിയും ആസ്വദിച്ചാണ് ചെയ്യുന്നത്. ഞാന്‍ അങ്ങനെത്തെ ദിവസങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചിട്ടുണ്ട്. ഇത് വല്ലാത്തൊരു യാത്രയായിരുന്നു. ചിലര്‍ വിചാരിക്കുന്നത് ഇതെല്ലാം ഒറ്റ രാത്രികൊണ്ട് സംഭവിച്ചു എന്നാണ്. ഒരു സിനിമ കൊണ്ടാണ് ഇത്രയും സംഭവിച്ചത് എന്നത് ശരിയാണ്. പക്ഷെ അതിന് പിന്നില്‍ എട്ട് വര്‍ഷത്തെ കഠിനാധ്വാനമുണ്ട്. എട്ട് വര്‍ഷം സിനിമയിലും രണ്ട് വര്‍ഷത്തെ ഓഡിഷനുകളും ജോലി കിട്ടാത്ത അവസ്ഥയും. ചിലര്‍ക്ക് ഇത് ഒരു രാത്രി കൊണ്ട് സംഭവിച്ചതായി തോന്നാം. പക്ഷെ എനിക്ക് പരാതിയില്ല. അതിന്റെ ആവശ്യമില്ല. കാരണം അതായിരുന്നു രസകരമായ കാര്യം', തൃപ്തി പറഞ്ഞു.
മോം എന്ന ശ്രീദേവി അഭിനയിച്ച ബോളിവുഡ് ചിത്രത്തിലൂടെയാണ് തൃപ്തി സിനിമയിലേക്ക് അരങ്ങേറുന്നത്. അതിന് ശേഷം ലൈല മജ്‌നു എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി അഭിനയിച്ചു. അതിന് ശേഷം ബുല്‍ബുല്‍, ഖ്വാല എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി. ഖ്വാലയ്ക്ക് ശേഷമാണ് സന്ദീപ് റെഡ്ഡി വാങ്കയുടെ അനിമലില്‍ രണ്‍ബീറിനൊപ്പം തൃപ്തി അഭിനയിക്കുന്നത്. അതിന് ശേഷം വിക്കി കൗശലിനൊപ്പം ബാഡ് ന്യൂസ്, രാജ്കുമാര്‍ റാവുവിന് ഒപ്പം വിക്കി വിദ്യാ കാ വോ വാലാ വീഡിയോയിലും അഭിനയിച്ചു. ഭൂല്‍ ഭുലയ്യ 3, ധടക് 2 എന്നീ ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന തൃപ്തിയുടെ സിനിമകള്‍.