2021ലാണ് സെൻഡയയും ടോം ഹോളണ്ടും പ്രണയത്തിലാകുന്നത്
ഹോളിവുഡ് താരങ്ങളായ സെൻഡയയുടെയും ടോം ഹോളണ്ടിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് TMZ റിപ്പോർട്ട് ചെയ്യുന്നു. ഇരുവരും നിശ്ചയത്തിന്റെ വാർത്തകൾ പുറത്തുവിട്ടിട്ടില്ലായിരുന്നെങ്കിലും കഴിഞ്ഞ ദിവസം നടന്ന ഗോൾഡൻ ഗ്ലോബ് പുരസ്‌കാര വേദിയിൽ സെൻഡയ ആരാധകരെ ഞെട്ടിക്കുകയായിരുന്നു. സെൻഡയയുടെ ഇടത്തെ കയ്യിൽ അണിഞ്ഞിരിക്കുന്ന ഡൈമണ്ട് റിംഗാണ് സംശയങ്ങൾക്ക് കാരണമായത്. ജെസ്സിക്ക മക്കോർമാക്കിന്റെ കളക്ഷനിലെ 5.02 കാരറ്റ് ഈസ്റ്റ് വെസ്റ്റ് കുഷ്യൻ ഡൈമണ്ട് ബട്ടൺ ബാക്ക് റിംഗാണ് സെൻഡയ ധരിച്ചിരുന്നത്. അത് ബുൾഗാരി റിംഗാണെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. എന്തായാലും ഈ ഡയിമണ്ട് റിംഗ് കണ്ടതോടെ ആരാധകർ ടോമും സെൻഡയയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരിക്കുകയാണ്.
ഇത് ടോം ഹോളണ്ട് സമ്മാനിച്ച മോതിരമാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല. എന്നാൽ TMZ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ടോം സെൻഡയയെ പ്രപോസ് ചെയ്തുവെന്നാണ് പറയുന്നത്. ഇരുവരും മാത്രം ഉണ്ടായിരുന്ന നിമിഷത്തിലാണ് ടോം ഹോളണ്ട് സെൻഡയയെ പ്രപ്പോസ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
സെൻഡയയുടെ അപ്രതീക്ഷിത എൻട്രിക്ക് മുൻപ് ടോം ഹോളണ്ട് ഒരു ഹോളീഡേയെ കുറിച്ച് ആരാധകർക്ക് സൂചന നൽകിയിരുന്നു. 'ഞാൻ എന്റെ ഗേൾഫ്രണ്ടിന്റെ കുടുംബത്തോടൊപ്പമായിരിക്കും. അത് വളരെ രസകരമായ അനുഭവമായിരിക്കും', എന്നാണ് ടോം പറഞ്ഞത്.
താരങ്ങൾ ഇതുവരെ അവരുടെ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ രണ്ട് പേരും നിരവധി ഹോളിവുഡ് സിനിമകളുടെ തിരക്കുകളിലാണ്. അതിനാൽ വിവാഹവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാൻ വൈകുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
2025 ഗോൾഡൻ ഗ്ലോബ് പുരസ്‌കാര വേദിയിൽ സെൻഡയയുടെ ശരീരത്തിൽ ഒരു ചെറിയ 'T' ടാറ്റൂവും ആരാധകർ കണ്ടെത്തിയിട്ടുണ്ട്. അത് ബോയിഫ്രണ്ടായ ടോമിന് വേണ്ടി സെൻഡയ ചെയ്തതാണെന്നാണ് സംശയം. ലൂയി വിറ്റോണിന്റെ ഗോൾഡൻ കളർ ഗൗണാണ് സെൻഡയ ഗോൾഡൻ ഗ്ലോബിൽ ധരിച്ചത്. 2021ലാണ് സെൻഡയയും ടോം ഹോളണ്ടും പ്രണയത്തിലാകുന്നത്.