മന്ത്രിമാരടക്കമുള്ള ആംആദ്മി നേതാക്കളെ പൊലീസ് തടഞ്ഞതോടെ നാടകീയ രംഗങ്ങളാണ് ഡൽഹിയിൽ അരങ്ങേറിയത്
ഡൽഹിയിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ ആരോപണങ്ങൾ കടുപ്പിച്ച് ബിജെപിയും ആംആദ്മിയും. മുഖ്യമന്ത്രിയുടെ വസതിക്കായി 2,700 കോടി ചെലവഴിച്ചെന്ന ബിജെപിയുടെ ശീഷ് മഹൽ ആരോപണത്തെ വെല്ലുവിളിച്ച് ആം ആദ്മി നേതാക്കൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലെത്തി. സത്യം തെളിയിക്കാൻ വസതി മാധ്യമങ്ങള്‍ക്കായി തുറന്നുനല്‍കുമെന്ന് ആം ആദ്മി പ്രഖ്യാപിച്ചിരുന്നു. എന്നാൽ മന്ത്രിമാരടക്കമുള്ള ആംആദ്മി നേതാക്കളെ പൊലീസ് തടഞ്ഞതോടെ നാടകീയ രംഗങ്ങളാണ് ഡൽഹിയിൽ അരങ്ങേറിയത്.
ബാരിക്കേഡുകള്‍ നിരത്തി മാധ്യമങ്ങളെയും നേതാക്കളെയും വിലക്കിയ നടപടിയിൽ എഎപി എംപി സഞ്ജയ് സിംഗും ഡെൽഹി മന്ത്രി സൗരഭ് ഭരദ്വാജും ഉൾപ്പെടെ പ്രതിഷേധിച്ചു. 2700 കോടി ചെലവിൽ നിർമ്മിച്ച പ്രധാനമന്ത്രിയുടെ വസതി രാജ് മഹലാണെന്നും ബിജെപി ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും ആം ആദ്മി തുറന്നടിച്ചു. പ്രധാനമന്ത്രിയുടെ വസതി തുറന്നുകാട്ടാൻ ബിജെപി തയ്യാറാണോയെന്നും എഎപി വെല്ലുവിളിച്ചു.
രണ്ട് ബിഎച്ച്കെയിൽ സാധാരണക്കാരനെപ്പോലെ കഴിയുമെന്ന് പ്രഖ്യാപിച്ച കെജ്‌രിവാൾ കോവിഡ് സമയത്ത് ആളുകൾ കഷ്ടപ്പെടുമ്പോൾ കോടികൾ മുടക്കി വസതിയുടെ മോഡി കൂട്ടി. ഇപ്പോൾ എഎപി നേതാക്കൾ മെലോഡ്രാമ കളിക്കുകയാണെന്നും ബിജെപി നേതാക്കൾ വിമർശിച്ചു. രാജ്യതലസ്ഥാനത്ത് എഎപി അരാജകത്വം അഴിച്ചുവിടുന്നുവെന്നും ബിജെപി ആരോപിച്ചു. ഡൽഹിയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ നരേന്ദ്ര മോദിയാണ് മുഖ്യമന്ത്രിയുടെ വസതിയെ ശീഷ് മഹലെന്ന് വിശേഷിപ്പിച്ചത്.