എക്‌സൈസിന് ആർക്കെതിരെയും കള്ള കേസെടുക്കാൻ കഴിയില്ല, അങ്ങനെ കേസ് എടുത്താൽ എടുത്തവൻ വിവരമറിയുമെന്നും നാസർ കൂട്ടിച്ചേർത്തു
മകനെതിരായ കഞ്ചാവ് കേസിൽ യു. പ്രതിഭയെ തള്ളി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. പ്രതിഭയുടെ പ്രതികരണം ഒരു അമ്മയുടെ വികാര പ്രകടനമായി മാത്രം കണ്ടാൽ മതിയെന്ന് ആർ. നാസർ അഭിപ്രായപ്പെട്ടു. അവരുടെ ഏകമകനുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു പ്രശ്‌നം വന്നപ്പോൾ, അമ്മയെന്ന രീതിയില്‍ സ്വാഭാവികമായ പ്രതികരണമുണ്ടായി. അതിനപ്പുറം ഒന്നുമില്ലെന്നും, എക്‌സൈസ് ആരെയും ബോധപൂര്‍വം കേസില്‍ പ്രതിയാക്കില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.
പ്രതിഭ മകനെന്ന വികാരത്തിലാണ് കാര്യങ്ങൾ എടുക്കുന്നതെങ്കിലും തങ്ങൾ അങ്ങനെയല്ല കാണുന്നതെന്നായിരുന്നു നാസറിൻ്റെ പ്രസ്താവന. അവരുടെ വിശ്വാസം ആ കുട്ടി അങ്ങനെ ചെയ്തിട്ടില്ലെന്നാണ്. ഒരു കൂട്ടുകെട്ടിലൂടെ ഇങ്ങനെ ഒരു കേസില്‍ മകൻ പ്രതിയായപ്പോൾ ഒരു അമ്മയ്ക്കുണ്ടായ വേദനയാണ് അവര്‍ പറഞ്ഞത്. എക്‌സൈസിന് ആർക്കെതിരെയും കള്ള കേസെടുക്കാൻ കഴിയില്ല, അങ്ങനെ കേസ് എടുത്താൽ എടുത്തവൻ വിവരമറിയുമെന്നും നാസർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം മകനെതിരെയുള്ള ലഹരിക്കേസ് വാർത്ത വ്യാജമെന്ന് ആവർത്തിച്ച് യു. പ്രതിഭ എംഎൽഎ രംഗത്തെത്തിയിരുന്നു. മകൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മകന്റെ ലഹരിക്കേസിൽ തന്നെ പലരും വ്യക്തിപരമായി ആക്രമിച്ചെന്നും പ്രതിഭ ആരോപിച്ചു. രണ്ട് ചാനലുകളും ചില ഓൺലൈൻ മാധ്യമങ്ങളും തന്നെയും പാർട്ടിയെയും നിരന്തരം വേട്ടയാടിയെന്നും യു.പ്രതിഭ പറഞ്ഞിരുന്നു.
പ്രതിഭ എംഎൽഎയുടെ മകനടക്കം ഒൻപത് യുവാക്കളെയാണ് തകഴിയിൽ നിന്ന് കുട്ടനാട് എക്സൈസ് പിടികൂടിയത്. യുവാക്കൾ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘം എത്തിയത്. പരിശോധനയിൽ ഇവരിൽ നിന്ന് മൂന്നു ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.
എക്സൈസ് ചട്ടം 27-ാം വകുപ്പ് പ്രകാരം ആണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പൊതുസ്ഥലത്ത് ഇരുന്ന് പരസ്യമായി കഞ്ചാവ് വലിച്ചെന്നാണ് കേസ്. ഇത് ജാമ്യം കിട്ടുന്ന വകുപ്പാണ്. മൂന്ന് ഗ്രാം കഞ്ചാവ് മാത്രമാണ് ഇവരിൽ നിന്ന് കണ്ടെത്തിയതെന്ന് എക്സൈസ് റിപ്പോർട്ട്. കുപ്പിയിൽ വെള്ളം നിറച്ച് കഞ്ചാവ് ഇട്ട് കുഴലുപയോഗിച്ച് വലിക്കുന്ന സംവിധാനം (ബോങ്ങ്) ഇവരിൽ നിന്ന് കണ്ടെടുത്തതായും എക്സൈസ് അറിയിച്ചിരുന്നു.