ജൂലൈ 31ന്, തെഹ്‌റാനില്‍ കൊല്ലപ്പെട്ട ഇസ്മയില്‍ ഹനിയക്ക് പകരമാണ് നിയമനം
യഹ്യ സിന്‍വാര്‍
ഹമാസിന്‍റെ രാഷ്ട്രീയ വിഭാഗം നേതാവായി യഹ്യ സിന്‍വാറിനെ തെരഞ്ഞെടുത്തു. ജൂലൈ 31ന്, തെഹ്‌റാനില്‍ കൊല്ലപ്പെട്ട ഇസ്മയില്‍ ഹനിയക്ക് പകരക്കാരനായാണ് ചുമതല. ചൊവ്വാഴ്ച ഹമാസ് അനുകൂല ഇറാന്‍ മാധ്യമങ്ങളിലൂടെയാണ് പലസ്തീന്‍ സായുധ സംഘം വിവരം അറിയിച്ചത്.
61 വയസുകാരന്‍ സിന്‍വാറാണ് ഒക്ടോബര്‍ 7ന് നടന്ന ഹമാസിന്‍റെ ഇസ്രയേല്‍ ആക്രമണത്തിന്‍റെ സൂത്രധാരന്‍. ആക്രമണത്തില്‍ 1,100 പേര്‍ കൊല്ലപ്പെടുകയും 200ല്‍ അധികം പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇതുവരെ 40,000 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. യുദ്ധത്തില്‍ ജനസംഖ്യയിലെ 2.3 മില്യണ്‍ പേർ പലായനം ചെയ്തു. ഗാസ രൂക്ഷമായ ക്ഷാമത്തിലേക്ക് കടന്നിരിക്കുകയാണ്.
Also Read:
പോഷകാഹാരക്കുറവിൽ മരിക്കുന്ന കുഞ്ഞുങ്ങൾ; ഉള്ളുപൊള്ളിച്ച് പലസ്തീനി അമ്മയുടെ ദൃശ്യം
ഹനിയയുടെ കൊലപാതകത്തിനു ശേഷം ഇസ്രയേലുമായി പ്രത്യക്ഷ യുദ്ധത്തിന് ഇറാനും സഖ്യ സായുധ സംഘങ്ങളും തയ്യാറെടുക്കുകയാണെന്ന് ജി 7 രാജ്യങ്ങള്‍ക്ക് യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്‍ പ്രസിഡന്‍റായി മസൂദ് പെസഷ്‌കിയാന്‍ ചുതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ തലസ്ഥാന നഗരത്തിലെത്തിയ ഹനിയയെ മൊസാദാണ് കൊലപ്പെടുത്തിയതെന്ന് കരുതുന്നു. എന്നാല്‍, ഇസ്രയേല്‍ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
ഇതിനു മുന്‍പ് ഹമാസിന്‍റെ ഇന്‍റലിജന്‍സ് വിഭാഗം തലവനായിരുന്നു സിന്‍വാര്‍. കൊലപാതകം, അട്ടിമറി എന്നീ കുറ്റങ്ങള്‍ക്ക് 23 വര്‍ഷം തടവു ശിക്ഷ അനുഭവിച്ചിരുന്നു. 100 ശതമാനം പ്രതിബദ്ധതയും 100 ശതമാനം അക്രമാസക്തനുമായ മനുഷ്യനെന്നാണ് സിന്‍വാറിനെ ഇസ്രയേല്‍ വിശേഷിപ്പിച്ചത്. 2011 ല്‍ ഇസ്രയേല്‍ സൈനികന്‍ ഗിലാദ് ഷലിത്തിന്‍റെ മോചനത്തിനു പകരമായി വെറുതെ വിട്ട 1000 തടവുകാരില്‍ ഒരാളായി പുറത്തു വന്നു. ഒക്ടോബര്‍ 7നു ശേഷം ഇസ്രയേല്‍ പിടിയില്‍ പെടാതെ രക്ഷപ്പെട്ട് കഴിയുകയാണ് സിന്‍വാര്‍. രാഷ്ട്രീയ വിഭാഗം മേധാവിയായ ഹനിയയുടെ അറിവോടെയല്ല ഒക്ടോബര്‍ ആക്രമണം സിന്‍വാര്‍ ആസൂത്രണം ചെയ്തതെന്ന് ആരോപണമുണ്ട്.