സ്റ്റേഷനിലെത്തിച്ച കുട്ടിയെ എസ്ഐയും കണ്ടാലറിയാവുന്ന പൊലീസുകാരും മർദ്ദിച്ചു എന്നാണ് പരാതി
തൃശൂർ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ ലോക്കപ്പിൽ 16 വയസുകാരനെ മർദിച്ചതായി പരാതി. തളിക്കുളം സ്വദേശിയായ പതിനാറു വയസുകാരനാണ് മർദ്ദനമേറ്റത്.
തളിക്കുളം ആശാരി അമ്പലത്തിലെ ഉത്സവത്തിനിടെ ഇന്നലെ സിപിഎം - ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട 16 വയസുകാരൻ ഉൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാടാനപ്പള്ളി സ്റ്റേഷനിലെത്തിച്ച കുട്ടിയെ എസ്ഐയും കണ്ടാലറിയാവുന്ന പൊലീസുകാരും മർദ്ദിച്ചു എന്നാണ് പരാതി.
ഇന്ന് രാവിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് വിട്ടപ്പോൾ നെഞ്ചുവേദനയും പുറംവേദനയും അനുഭവപ്പെട്ട കുട്ടിയെ മാതാപിതാക്കൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.