താനെ ഹിരാനന്ദാനി എസ്റ്റേറ്റിലെ ലേബർ ക്യാമ്പിൽ വെച്ചാണ് ഡിസിപി നവ്‌നാഥ് ധവാലെയുടെ സംഘവും കാസർവാഡാവലി പൊലീസും സംയുക്തമായി പ്രതിയെ അറസ്റ്റ് ചെയ്തത്.
സെയ്ഫ് അലി ഖാനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച പ്രതി ബംഗ്ലാദേശി പൗരനെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഷരീഫുൾ ഇസ്ലാം ഷെഹ്സാദ് ആണ് മുംബൈ പൊലീസിൻ്റെ പിടിയിലായത്. താനെ ഹിരാനന്ദാനി എസ്റ്റേറ്റിലെ ലേബർ ക്യാമ്പിൽ വെച്ചാണ് ഡിസിപി നവ്‌നാഥ് ധവാലെയുടെ സംഘവും കാസർവാഡാവലി പൊലീസും സംയുക്തമായി പ്രതിയെ അറസ്റ്റ് ചെയ്തത്.
പിടിയിലായ ഇയാൾ പൊലീസിനോട് ആദ്യം ബിജോയ് ദാസ് എന്ന വ്യാജ പേരാണ് പറഞ്ഞിരുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇയാൾ മുംബൈയിൽ എത്തിയെന്നാണ് നിഗമനം. ഇന്ത്യക്കാരനെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഇയാളുടെ കൈയ്യിലില്ലെന്ന് മുംബൈ പൊലീസ് പറഞ്ഞു. ബോളിവുഡ് സൂപ്പർ താരത്തേയും വസതിയിലെ ജീവനക്കാരേയും ആക്രമിച്ച ശേഷം പ്രതി ഒളിവിൽ പോയിരുന്നു. പിന്നാലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണത്തിനൊടുവിലാണ് 72 മണിക്കൂറിന് ശേഷം പ്രതി പൊലീസിൻ്റെ വലയിലായത്. മുംബൈ പൊലീസിൻ്റെ 30 സംഘങ്ങളാണ് പ്രതിയെ തെരഞ്ഞ് മൂന്ന് ദിവസത്തോളം നാടെങ്ങും പരക്കം പാഞ്ഞത്.
അന്ധേരിയിലെ ഡിഎൻ നഗറിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലാണ് പ്രതിയുടെ ദൃശ്യങ്ങൾ ആദ്യം പതിഞ്ഞത്. പ്രതി ബൈക്കിൽ വരുന്നതായും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഈ വാഹനത്തിൻ്റെ നമ്പർ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. മുംബൈ നഗരത്തിലുള്ള സിസിടിവി ദൃശ്യങ്ങളുമായി പ്രതിയുടെ ഫോട്ടോ മാച്ചാകുന്നുണ്ടോയെന്ന് സൈബർ വിഭാഗം പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് ഷരീഫുൾ സഞ്ചരിച്ചിരുന്ന ബൈക്കിൻ്റെ വിശദാംശങ്ങൾ പൊലീസിന് ലഭിച്ചത്.
പ്രാദേശിക ഇൻ്റലിജൻസ് വൃത്തങ്ങളിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതി വോർളിയിലെ കോളിവാഡയിൽ വാടകയ്ക്ക് താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. മറ്റ് മൂന്ന് പേർക്കൊപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. വൈകാതെ പൊലീസ് സംഘം ഇവിടെയെത്തി കൂടെ താമസിക്കുന്നവരെ ചോദ്യം ചെയ്തു. ഇവരിൽ നിന്നാണ് പ്രതിയുടെ പേരും അനുബന്ധ വിവരങ്ങളും പൊലീസിന് ലഭിച്ചത്. പ്രതി ഷരീഫുളിൻ്റെ ഫോൺ നമ്പറും പൊലീസ് കണ്ടെത്തി. ഇയാളുടെ ഫോൺ ലൊക്കേഷൻ ട്രാക്ക് ചെയ്താണ് താനെയിലെ വിജനമായ റോഡിലെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയിലേക്ക് പൊലീസ് എത്തിയത്. പ്രദേശം പോലീസ് വളയുകയും, അതിസാഹസികമായി ഷരീഫുൾ ഇസ്ലാം ഷെഹ്സാദിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഷരീഫിൽ നിന്ന് ഇന്ത്യൻ പൗരനെന്ന തെളിയിക്കുന്ന രേഖകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഇയാൾ അനധികൃതമായി അതിർത്തി കടന്നെത്തിയ ബംഗ്ലാദേശി പൗരനാണെന്ന് സ്ഥാപിക്കുന്നതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. നടനെ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിന് ശേഷം ടിവി വാർത്തകളിൽ തൻ്റെ ചിത്രങ്ങൾ കണ്ടതായും, ഉടനെ തന്നെ താനെയിലേക്ക് രക്ഷപ്പെട്ടതായും ഷരീഫുൾ ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു. ഫോൺ സ്വിച്ച് ഓഫ് ചെയ്തു താനെയിലെ ലേബർ ക്യാമ്പിന് സമീപം ഒളിച്ചു. ഇയാളുടെ ഫോൺ അവസാനമായി അറിയാവുന്ന ലൊക്കേഷൻ കണ്ടെത്തിയാണ് പൊലീസ് താനെയിലെത്തിയത്.
നടൻ്റെ വീട് കൊള്ളയടിച്ച് വൻതുക തട്ടാനാണ് പദ്ധതിയിട്ടിരുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. കെട്ടിടത്തിനുള്ളിൽ കയറാൻ പിന്നിലെ ഗോവണിപ്പടിയും എയർ കണ്ടീഷനിംഗ് ഡക്‌റ്റും ഉപയോഗിച്ചതായി പ്രതി പൊലീസിനോട് പറഞ്ഞു. താൻ ആദ്യമായാണ് കെട്ടിടത്തിൽ കയറുന്നതെന്നും പ്രതി മൊഴി നൽകി. പ്രതികൾക്കൊപ്പമുള്ള ദൃശ്യം പുനഃസൃഷ്ടിക്കുമെന്ന് പൊലീസ് അറിയിച്ചു.