fbwpx
ഗാസ വെടിനിർത്തലും ബന്ദിയാക്കൽ കരാറും: ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുക എന്തൊക്കെ?
logo

ന്യൂസ് ഡെസ്ക്

Posted : 19 Jan, 2025 05:13 PM

മൂന്ന് ഇസ്രയേല്‍ സിവിലിയന്‍ വനിതകളെ ഇന്ന് ഇന്ത്യൻ സമയം രാത്രി 7.30 ന് ഹമാസ് മോചിപ്പിക്കും

WORLD


471 ദിവസത്തെ സംഘർഷങ്ങൾക്ക് ശേഷം ​ഗാസയിൽ സമാധാനം വരുന്നു. ഈജിപ്ത്, ഖത്തർ, യുഎസ് എന്നീ കക്ഷികളുടെ മധ്യസ്ഥതയില്‍ നടന്ന ചർച്ചകള്‍ക്കൊടുവില്‍ ജനുവരി 15ന് പ്രഖ്യാപിക്കപ്പെട്ട കരാർ ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് നടപ്പാലായിരിക്കുന്നത്. ഇതോടെ ഗാസ യുദ്ധത്തിന് താല്‍ക്കാലികമായെങ്കിലും വിരാമമാകുമെന്നാണ് പ്രതീക്ഷ.

മൂന്നുഘട്ടങ്ങളിലായുള്ള വെടിനിർത്തല്‍ കരാറിന്‍റെ ആദ്യഘട്ടം ഇന്ന് ആരംഭിക്കും. ബന്ദികളുടെ മോചനം, ഗാസയിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ നിന്നുള്ള ഇസ്രയേല്‍ സേനയുടെ പിന്മാറ്റം, വടക്കന്‍ ഗാസയിലേക്ക് കുടിയൊഴിക്കപ്പെട്ടവർക്ക് മടങ്ങാനുള്ള അവസരം, വർധിച്ച മാനുഷിക സഹായം എന്നിവയാണ് ആദ്യഘട്ടം നിർദേശിക്കുന്നത്. ഒന്നാം ഘട്ടത്തിന്‍റെ ഭാഗമായി ഹമാസിന്‍റെ പിടിയിലുള്ള 33 ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി നൂറോളം വരുന്ന പലസ്തീന്‍ ബന്ദികളെ ഇസ്രയേലും കൈമാറും. മൂന്ന് ഇസ്രയേല്‍ സിവിലിയന്‍ വനിതകളെ ഇന്ന് ഇന്ത്യൻ സമയം രാത്രി 7.30 ന് ഹമാസ് മോചിപ്പിക്കും. എന്നാല്‍, ബന്ദികളെ കെെമാറുന്ന മാർഗം സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. വടക്കൻ, മധ്യ, തെക്കൻ ഗാസാ അതിർത്തികളിലായി മൂന്ന് വ്യത്യസ്ത കേന്ദ്രങ്ങള്‍ കെെമാറ്റത്തിനായി ഇസ്രയേല്‍ സജ്ജീകരിച്ചിട്ടുണ്ട്. ഹമാസില്‍ നിന്ന് റെഡ്ക്രോസിലേക്കായിരിക്കും ബന്ദികളെ കെെമാറുകയെന്നാണ് ലഭ്യമായ വിവരം. ഐഡിഎഫ് വിമാനങ്ങളുടെ വ്യോമനീരീക്ഷണത്തിനു കീഴിലായിരിക്കും കെെമാറ്റം.


Also Read: ഒടുവില്‍ ഗാസയില്‍ തോക്കുകള്‍ നിശബ്ദമാകുന്നു; വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ


വെടിനിർത്തൽ കരാറിന്റെ പ്രധാന ഘടകങ്ങൾ


42 ദിവസമുള്ള ആദ്യ ഘട്ടത്തിൽ എല്ലാവിധ സംഘർഷങ്ങളും താൽക്കാലികമായി നിർത്തണം. ഇസ്രയേൽ സൈന്യം ഗാസയിലെ നഗരങ്ങളിൽ നിന്ന് മുനമ്പിന്റെ അതിർത്തിയിലുള്ള 'ബഫർ സോണിലേക്ക്' പിൻവാങ്ങും. പലായനം ചെയ്ത പലസ്തീനികൾക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യങ്ങൾ ഒരുക്കും. പ്രദേശത്തെ സഹായ വിതരണം ഗണ്യമായി വർദ്ധിപ്പിക്കും.

രണ്ടാം ഘട്ടത്തിൽ, ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കപ്പെടുന്ന പലസ്തീൻ തടവുകാരുടെ അനുപാതം അനുസരിച്ച് മോചിപ്പിക്കും. അതോടൊപ്പം ​ഗാസ മുനമ്പിൽ നിന്ന് ഇസ്രയേൽ സൈന്യം പൂർണമായി പിൻവാങ്ങും. ഈജിപ്തിലേക്കുള്ള റഫ ക്രോസിങ് രോഗികൾക്കും പരിക്കേറ്റവർക്കും പോകാനായി തുറന്നുകൊടുക്കും. ഈ പ്രദേശം പലസ്തീന്റെ നിയന്ത്രണത്തിലേക്ക് തിരികെ നൽകുമോ എന്ന കാര്യം വ്യക്തമല്ല.

വർഷങ്ങൾ നീണ്ടുനിൽക്കുന്ന മൂന്നാം ഘട്ടത്തിൽ, ബന്ദികളുടെയും ഹമാസ് അംഗങ്ങളുടേയും മൃതദേഹങ്ങൾ കൈമാറും. ഗാസയുടെ പുനർനിർമണ പദ്ധതിയും ഈ ഘട്ടത്തിൽ പരിഗണിക്കും. വെസ്റ്റ് ബാങ്ക് ആസ്ഥാനമായുള്ള അർധ സ്വയംഭരണ പലസ്തീൻ അതോറിറ്റിയെ ഗാസയുടെ നിയന്ത്രണം വീണ്ടും എൽപ്പിക്കണമെന്നാണ് അന്താരാഷ്ട്ര സമൂഹത്തിൽ ഭൂരിഭാഗവും വാദിക്കുന്നത്. 2007-ലാണ് ഇവർക്ക് പ്രദേശത്തെ ഭരണം ഹാമസിനോട് നഷ്ടമായത്. എന്നാൽ, ഈ നിർദേശത്തെ ഇസ്രയേൽ ആവർത്തിച്ച് നിരസിക്കുകയായിരുന്നു.


Also Read: 'കരാറിലൂടെ ഹമാസിന് കീഴടങ്ങി'; ഇസ്രയേലിന്‍റെ ദേശീയ സുരക്ഷാ മന്ത്രി അടക്കം മൂന്ന് പേർ രാജിവെച്ചു


ആദ്യ ഘട്ടം എങ്ങനെ?

അടുത്ത ആറ് ആഴ്ചയ്ക്കുള്ളിൽ ആകെ 33 ബന്ദികളെയാകും ഹമാസ് മോചിപ്പിക്കുക. ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന ഏകദേശം 1,700 പലസ്തീനികളും മോചിപ്പിക്കപ്പെടും. അവരിൽ ഏകദേശം 1,000 പേർ ഗാസയിൽ നിന്നുള്ളവരാണ്. 2023 ഒക്ടോബർ 7 ന് ശേഷം നിലവില്‍ വന്ന അടിയന്തര നിയമനിർമാണത്തിന് കീഴിൽ കുറ്റം ചുമത്താതെയോ വിചാരണ കൂടാതെയോ തടങ്കലിൽ കഴിയുന്നവരാണിവർ.

റോമി ഗോണൻ, ഡോറോൺ സ്റ്റെയിൻബ്രെച്ചർ, എമിലി ഡമാരി എന്നിങ്ങനെ മൂന്ന് സ്ത്രീ തടവുകാരെയാകും ഹമാസ് ആദ്യം മോചിപ്പിക്കുക. തുടർന്ന് ഏകദേശം 95 പലസ്തീനികളെ ഇസ്രയേലും മോചിപ്പിക്കും. അടുത്ത ആറ് ആഴ്ചത്തേക്ക് എല്ലാ ഞായറാഴ്ചകളിലും ആനുപാതികമായിട്ടായിരിക്കും ഇസ്രയേലികളെ വിട്ടയയ്ക്കുക. ഹമാസ് മോചിപ്പിക്കുന്ന ഇസ്രയേൽ ബന്ദികളിൽ സൈനികരുടെയും സിവിലിയൻമാരുടെയും എണ്ണത്തിനെ ആശ്രയിച്ചായിരിക്കും വിട്ടയയ്ക്കുന്ന പലസ്തീൻ തടവുകാരുടെ എണ്ണം തീരുമാനിക്കുക. ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ഇസ്രയേൽ ശിക്ഷിച്ചിരിക്കുന്ന പലസ്തീനികളെ നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കുന്നതിനുപകരം മൂന്നാം ലോക രാജ്യങ്ങളിലേക്കായിരിക്കും അയയ്ക്കുക.



ഗാസയിൽ, വീടുകളിൽ നിന്ന് കുടിയിറക്കപ്പെട്ട ആളുകൾക്ക് ഏഴാം ദിവസം മുതൽ മേഖലയില്‍ സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവാദമുണ്ടാകും. കൂടാതെ മുനമ്പിലെ ഭീകരമായ മാനുഷിക സാഹചര്യങ്ങൾ ലഘൂകരിക്കുന്നതിന് ഓരോ ദിവസവും 600 ട്രക്ക് സഹായങ്ങൾ എത്തിക്കും. ഒരു ദിവസം ശരാശരി 18 ട്രക്ക് ലോഡാണ് നിലവിൽ ഗാസയിൽ വിതരണം ചെയ്യുന്നത്. ഒരു ദിവസം കുറഞ്ഞത് 500 ട്രക്ക് സഹായം ​ഗാസയിൽ ആവശ്യമാണെന്നാണ് സഹായ ഏജൻസികൾ പറയുന്നത്.

KERALA
ക്ഷാമം ഉടൻ പരിഹരിക്കും, കേന്ദ്രം നൽകാനുള്ളത് 800 കോടിയോളം രൂപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന് പ്രതിസന്ധിയിൽ ആരോഗ്യമന്ത്രി
Also Read
user
Share This

Popular

KERALA
Kerala
പോരാട്ടം ബിജെപിക്കും ആർഎസ്എസിനും ഭരണകൂടത്തിനുമെതിരെ എന്ന പരാമർശം; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ്