fbwpx
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം; മരിച്ചവരില്‍ മൂന്ന് കുട്ടികളും
logo

ന്യൂസ് ഡെസ്ക്

Last Updated : 16 Feb, 2025 09:23 AM

മഹാ കുംഭമേളയ്ക്ക് പോകാൻ ആളുകൾ കൂട്ടത്തോടെ എത്തിയതോടെയുണ്ടായ അസാധാരണ തിരക്കാണ് അപക​ടകാരണം

NATIONAL


ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം. മരിച്ചവരിൽ മൂന്ന് കുട്ടികളും 10 സ്ത്രീകളും ഉൾപ്പെടുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. പ്രയാ​ഗ് രാജിൽ‌ നടക്കുന്ന മഹാ കുംഭമേളയ്ക്ക് പോകാൻ ആളുകൾ കൂട്ടത്തോടെ എത്തിയതോടെയുണ്ടായ അസാധാരണ തിരക്കാണ് അപക​ടകാരണമെന്നാണ് അധികൃതർ പറയുന്നത്. സംഭവത്തിൽ റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു.


പ്രയാഗ്‌രാജിലേക്കുള്ള ട്രെയിനുകളിൽ കയറാനായി രാത്രി 8 മണിയോടെ യാത്രക്കാർ സ്റ്റേഷനിലെ 14, 15 പ്ലാറ്റ്‌ഫോമുകളിൽ തടിച്ചു കൂടിയിരുന്നു. അപ്രതീക്ഷിതമായ പ്ലാറ്റ്‌ഫോം മാറ്റവും ട്രെയിൻ വൈകിയതും തിരക്ക് അനിയന്ത്രിതമാക്കി. തിരക്കുണ്ടാകും എന്ന് അറിഞ്ഞിട്ടും ഇവരെ നിയന്ത്രിക്കാന്‍ മതിയായ ഉദ്യോഗസ്ഥരോ ക്രമീകരണങ്ങളോ സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ല. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 18 പേരുടെ ജീവൻ രക്ഷിക്കാനായില്ല. എൽഎൻജെപി ആശുപത്രിയിലെ ചീഫ് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ മരണങ്ങൾ സ്ഥിരീകരിച്ചു. സംഭവത്തിൽ 10 സ്ത്രീകളും മൂന്ന് കുട്ടികളും രണ്ട് പുരുഷന്മാരും മരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ലേഡി ഹാർഡിങ് ആശുപത്രിയിൽ നിന്നാണ് മറ്റ് മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.


Also Read: മഹാ കുംഭമേളയിൽ വീണ്ടും തീപിടിത്തം; ഏഴ് ടെൻ്റുകൾ കത്തിനശിച്ചു


റെയിൽവേ സ്റ്റേഷനിൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും നാല് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്, ഡൽഹി മുന്‍ മുഖ്യമന്ത്രി അതിഷി മർലേന എന്നിങ്ങനെ നിരവധിപേർ അനുശോചനം രേഖപ്പെടുത്തി.

“ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ടുണ്ടായ മരണങ്ങളിൽ ദുഃഖിതനാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവർക്കുമൊപ്പം പങ്കുചേരുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഈ തിക്കിലും തിരക്കിലും പെട്ട എല്ലാവർക്കും അധികൃതരുടെ സഹായുമുണ്ടാകും,” മോദി എക്സിൽ കുറിച്ചു.



ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ അപകടത്തിൽ ഡൽഹി മുൻ മുഖ്യമന്ത്രി അതിഷി കേന്ദ്രസർക്കാരിനെ വിമർശിച്ചു. കേന്ദ്ര സർക്കാരും യുപി സർക്കാരും ജനങ്ങളുടെ സുരക്ഷയെ പറ്റി വ്യാകുലരല്ല എന്നായിരുന്നു അതിഷിയുടെ വിമർശനം. മഹാ കുംഭമേളയിൽ സ്‌നാനം ചെയ്യാൻ ആഗ്രഹിക്കുന്ന ഭക്തരുടെ തിരക്ക് കുറയ്ക്കുന്നതിന് മഹാകുംഭമേളയുടെ ദൈർഘ്യം നീട്ടണമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കേന്ദ്രത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.


12 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന മഹാ കുംഭമേളയിൽ പങ്കെടുക്കാനായി അധികമായി യാത്രക്കാർ എത്തുന്നതിനാൽ അതിനായി ക്രമീകരിച്ചിരിക്കുന്ന പ്രത്യേക ട്രെയിനുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ ആഴ്ച ആദ്യം, ബിഹാറിലെ മധുബനി റെയിൽവേ സ്റ്റേഷനിൽ ചില യാത്രക്കാർക്ക് ട്രെയിനിൽ കയറാൻ കഴിയാതെ വന്നതിനെ തുടർന്ന്, പ്രയാഗ്‌രാജ് വഴി ഡൽഹിയിലേക്ക് പോകുന്ന സ്വതന്ത്ര സേനാനി എക്സ്പ്രസിന്റെ ഗ്ലാസ് തകർത്തു അകത്ത് കടക്കാൻ ശ്രമിച്ചിരുന്നു. ഫെബ്രുവരി 26 നാണ് മഹാ കുംഭമേള അവസാനിക്കുന്നത്.

WORLD
ജയശങ്കറിന്റെ കശ്മീര്‍ പരാമര്‍ശം തള്ളി പാകിസ്ഥാന്‍; കൈവശപ്പെടുത്തിയിരിക്കുന്ന കശ്മീരിന്റെ ഭാഗം ഇന്ത്യ ഒഴിയണമെന്നും ആവശ്യം
Also Read
user
Share This

Popular

KERALA
KERALA
സിപിഐഎമ്മിന്റേത് അവസരവാദ രേഖ; കാരാട്ട് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് സംഘപരിവാറിന്റെ ഗുഡ് ബുക്കില്‍ ഇടം നേടാന്‍: വി.ഡി. സതീശന്‍