ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പിന്തുണയ്ക്കുന്നതാണ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള ഭീഷണിയെന്നും ഹമാസ്
ബന്ദികളെ എത്രയുംവേഗം മോചിപ്പിക്കണമെന്നും ഉടൻ ഗാസ വിട്ടുപോകണമെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം തള്ളി ഹമാസ്. വെടിനിർത്തൽ വ്യവസ്ഥകള്‍ ലംഘിച്ച് ഗാസയിലെ ഉപരോധം ശക്തമാക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പിന്തുണയ്ക്കുന്നതാണ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള ഭീഷണി. സ്ഥിരമായ വെടിനിർത്തൽ കരാറിന്റെ ഭാഗമായല്ലാതെ ബന്ദിമോചനം സാധ്യമാകില്ലെന്ന് ഹമാസ് വക്താവ് അബ്ദുൽ ലത്തീഫ് ഖനൂവിനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഞങ്ങളുടെ ജനങ്ങൾക്കെതിരായ ട്രംപിന്റെ ആവർത്തിച്ചുള്ള ഭീഷണി, കരാറിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള നെതന്യാഹുവിന്റെ ശ്രമങ്ങള്‍ക്കുള്ള പിന്തുണയാണ്. അത് ഉപരോധവും ജനതയുടെ പട്ടിണിയും വര്‍ധിപ്പിക്കുമെന്നും ഖനൂവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലായിരുന്നു ട്രംപിന്‍റെ ഭീഷണി. 'ശാലോം ഹമാസ്' എന്നാൽ ഹലോ ആൻഡ് ഗുഡ്‌ബൈ എന്നാണ് അർത്ഥമാക്കുന്നത് - നിങ്ങൾക്ക് തിരഞ്ഞെടുക്കാം. എല്ലാ ബന്ദികളെയും ഇപ്പോൾ വിട്ടയയ്ക്കുക, പിന്നീട് അല്ല. നിങ്ങൾ കൊലപ്പെടുത്തിയ ആളുകളുടെ എല്ലാ മൃതദേഹങ്ങളും ഉടൻ തിരികെ നൽകുക. അല്ലെങ്കിൽ നിങ്ങൾ അവസാനിച്ചു' എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. ഹമാസ് വഴങ്ങിയില്ലെങ്കിൽ ഇസ്രായേലിന് ആവശ്യമായ ആയുധങ്ങളുൾപ്പെടെ എല്ലാ സഹായങ്ങളും നൽകുമെന്നും ഗാസ വിടാനുള്ള അവസാന അവസരമാണെന്നും ട്രംപ് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ALSO READ: 'ബന്ദികളെ ഉടൻ മോചിപ്പിക്കണം, ഗാസ വിട്ടുപോകണം'; ഹമാസിന് ട്രംപിന്‍റെ അന്ത്യശാസനം
ഗാസയിൽ 59 ബന്ദികളെയാണ് ഹമാസ് തടവിലാക്കിയത്. ഇതിൽ 35 പേർ മരിച്ചതായി ഇസ്രയേൽ പ്രതിരോധ സേന സ്ഥിരീകരിച്ചിരുന്നു. 25 ബന്ദികളെയും എട്ടു മൃതദേഹങ്ങളുമാണ് 42 ദിവസം നീണ്ട വെടിനിർത്തൽ കരാറിന്റെ ഭാഗമായി ജനുവരി മുതൽ ഹമാസ് വിട്ടുനൽകിയത്. രണ്ടായിരത്തോളം പലസ്തീൻ തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു. കരാറിന്റെ ആദ്യ ഘട്ടം ശനിയാഴ്ചയാണ് അവസാനിച്ചത്. കരാർ നീട്ടുന്നതിനുള്ള ഒരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ല. യുദ്ധം പുനരാരംഭിച്ചിട്ടില്ലെങ്കിലും, ക്ഷാമം ബാധിച്ച ഗാസയിലേക്കുള്ള എല്ലാ സഹായങ്ങളും ഇസ്രയേൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.