വിരമിച്ച് ഒരു വര്‍ഷത്തിനുശേഷം നാല്‍പ്പതാം വയസിലാണ് താരത്തിന്റെ മടങ്ങിവരവ്
സുനിൽ ഛേത്രി
ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരുന്നു. ഇന്ത്യന്‍ ടീം മോശം പ്രകടനം തുടരുന്നതിനിടെയാണ് വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ഛേത്രിയുടെ മടങ്ങിവരവ്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായും (എഐഎഫ്എഫ്) ഹെഡ് കോച്ച് മനോലോ മാർക്കസുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പുതിയ തീരുമാനം. കഴിഞ്ഞവര്‍ഷമാണ് ഛേത്രി വിരമിച്ചത്.
അന്താരാഷ്ട്ര മത്സരങ്ങളില്‍ ദേശീയ ടീം തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തിലാണ് ഛേത്രിയെ മടക്കിക്കൊണ്ടുവരാനുള്ള തീരുമാനം. 2027ലെ എഎഫ്‌സി കപ്പിനുള്ള മൂന്നാം റൗണ്ട് യോഗ്യതാ മത്സരങ്ങളില്‍ ഛേത്രി വീണ്ടും ഇന്ത്യന്‍ കുപ്പായമണിയും. മാര്‍ച്ച് 25ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ മത്സരം. അതിന് മുന്നോടിയായി മാലദ്വീപിനെതിരെ സൗഹൃദ മത്സരവും കളിക്കും. ഛേത്രിയുടെ പരിചയസമ്പത്തും നേതൃത്വവും ടീമിന് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. വിരമിച്ച് ഒരു വര്‍ഷത്തിനുശേഷം നാല്‍പ്പതാം വയസിലാണ് താരത്തിന്റെ മടങ്ങിവരവ്.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററാണ് ഛേത്രി. 94 അന്താരാഷ്ട്ര ഗോളുകളാണ് ഛേത്രിയുടെ പേരിലുള്ളത്. 20 വര്‍ഷത്തെ ഫുട്ബോള്‍ കരിയര്‍ അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷമാണ് ഛേത്രി വിരമിക്കല്‍ പ്രഖ്യാപിച്ചത്. നാല് സാഫ് ചാംപ്യന്‍ഷിപ്പ്, മൂന്ന് നെഹ്‌റു കപ്പ്, രണ്ട് ഇന്റർ കോണ്ടിനന്റൽ കപ്പ്, ചാലഞ്ച് കപ്പ് കിരീട നേട്ടങ്ങളിൽ ഛേത്രി പങ്കാളിയായി. അണ്ടർ 20ൽ കളിക്കുമ്പോൾ ഇന്ത്യക്കായി സൗത്ത് ഏഷ്യൻ ഗെയിംസിൽ വെള്ളിയും നേടി. ഏഴ് തവണ ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്‌ബോൾ താരത്തിനുള്ള എഐഎഫ്എഫ് പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരവും ഛേത്രി നേടിയിട്ടുണ്ട്.