മുസ്ലിം വിരുദ്ധതയിലൂന്നി ആർഎസ്എസ് കോപ്പുകൂട്ടിയ സംഘടനയാണ് കാസയെന്നും എം.വി. ഗോവിന്ദന്‍
കേരളത്തിലെ വലിയ പ്രശ്നം വർഗീയതയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വർഗീയതയും വലതുപക്ഷ കക്ഷികളും തമ്മിലുള്ള ബന്ധത്തിന് പുതിയ മാനങ്ങളാണ് ഇപ്പോഴുള്ളത്. യുഡിഎഫിൻ്റെ വോട്ടുകൾ ബിജെപിയിലേക്ക് ചേരുന്നു. അതിന് പ്രധാന ഉദാഹരണമാണ് തൃശൂർ. കോൺഗ്രസിൻ്റെ സംഭാവന എന്ന നിലയിലാണ് സുരേഷ് ഗോപി അവിടെ വിജയിച്ചത്. തിരുവനന്തപുരം കോർപ്പറേഷൻ വാർഡിലും, പഞ്ചായത്തിലും എസ്‌ഡിപിഐ ജയിക്കുന്ന നില രൂപപ്പെടുത്തുന്ന സാഹചര്യം ഉണ്ടായി. ന്യൂനപക്ഷ രാഷ്ട്രീയം പുതിയ തലത്തിലേക്ക് പോകുന്ന സ്ഥിതിയിലാണ് ഇപ്പോഴത്തെ സാമൂഹികാവസ്ഥ മുന്നോട്ടു പോകുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി.
കേരളത്തിൻ്റെ പ്രത്യേകതകളെ കൃത്യമായി അവലോകനം ചെയ്തുകൊണ്ട് മാത്രമേ സംഘടനാപരമായ ബാധ്യതയും ചുമതലയും ഉയർത്തുന്ന വെല്ലുവിളി എങ്ങനെ നേരിടണമെന്ന കാര്യം മനസിലാക്കാൻ സാധിക്കുകയുള്ളൂവെന്ന് ഗോവിന്ദൻ പറഞ്ഞു. ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കിയതു കൊണ്ടാണ് രണ്ടാംവട്ടവും പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ നാടിന് തണലായി നിൽക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞു. കേരളത്തിൻ്റെ മതനിരപേക്ഷ സംസ്കാരത്തെ സംരക്ഷിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് സർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടായത്. കേന്ദ്രസർക്കാർ മുൻ ഉപാധികളെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നത്. സാമ്പത്തിക ഉപരോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം കൂടി കേന്ദ്രത്തിന് ഉണ്ടെന്ന് വയനാട് ദുരന്തത്തിന് പിന്നാലെ നാം കണ്ടതാണെന്നും ഗോവിന്ദൻ പറഞ്ഞു.
മുസ്ലിം ലീഗ് മതരാഷ്ട്ര വാദികളുമായി സഖ്യം ചേരുകയാണ്. അങ്ങനെ ചേർന്നാൽ എന്താണ് കുഴപ്പമെന്ന് ചോദിക്കുന്നു. ലീഗ് ജമാ അത്തെ ഇസ്ലാമിയുമായും എസ്‌ഡിപിഐയുമായും കൂട്ട് ചേരുന്നു. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ വർഗീയ ശക്തികളുടെ കൈകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇത് ലീഗിൻ്റെ അടിത്തറ തകർക്കുമെന്ന് ഗോവിന്ദന്‍ മുന്നറിയിപ്പ് നൽകി. ക്രിസ്ത്യൻ വിഭാഗത്തിൻ്റെ ഭാഗമായി വർഗീയത ശക്തിപ്പെടുത്താൻ കാസ ശ്രമിക്കുന്നു. മുസ്ലിം വിരുദ്ധതയിൽ ഊന്നി ആർഎസ്എസ് കോപ്പ് കൂട്ടിയ സംഘടനയാണ് കാസയെന്നും എം.വി.ഗോവിന്ദൻ വിമർശനമുന്നയിച്ചു. ജാഗ്രതപ്പെട്ട ഒരു സംഘടനാ രീതി രൂപപ്പെടുത്തണമെന്നാണ് സംഘടനാ റിപ്പോർട്ട് കാണുന്നത്. പാർട്ടിക്കകത്ത് വരുന്ന തെറ്റായ സമീപനങ്ങളെ ഇല്ലാതാക്കുന്നതിനുള്ള പദ്ധതികൾ ചർച്ച ചെയ്യുമെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
നവ കേരളത്തെ നയിക്കാൻ പുതുവഴികളുള്ള നവകേരളം നയ രേഖ പിണറായി വിജയൻ അവതരിപ്പിച്ചു. ആറ് ഭാഗങ്ങൾ ഉള്ള രേഖയാണ് അവതരിപ്പിച്ചത്. മറു ഭാഗത്ത് നിൽക്കുന്ന ഏതെങ്കിലും പാർട്ടിയെ ചാക്കിട്ട് പിടിക്കുക LDF നിലപാടല്ല. കേരള വികസനത്തിന് വൻ കുതിപ്പ് നൽകാനുള്ള വികസന പദ്ധതികളാണ് അവതരിപ്പിച്ചത്. ഐടി, ടൂറിസം, തുടങ്ങിയ മേഖലകളിൽ വൻകിട പദ്ധതികൾ ഇതിനായി വൻ തോതിൽ നിക്ഷേപം ആകർഷിക്കും. ആഗോള ഭീമന്മാരെ ഉൾപ്പെടെ കേരളത്തിലെത്തിക്കും. ആഗോള വൻകിട വൻകിട നിക്ഷേപകത്തിന് നിയമ-ചട്ട പരിഷ്കാരങ്ങൾ കൊണ്ടുവരും. റോഡ്-റെയിൽ വികസനം, മറ്റ് അനുബന്ധ വികസനങ്ങൾ വേഗത്തിലാക്കും. തൊഴിൽ സൃഷ്ടിക്കലിന് ഊന്നൽ നൽകും. യുവാക്കൾ വിദേശത്തേക്ക് ചേക്കേറുന്ന പ്രവണത തടയാൻ സമാന സാഹചര്യം സംസ്ഥാനത്ത് ഒരുക്കും. സാമൂഹിക സാഹചര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് മുൻതൂക്കം. സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലെ മാതൃകകൾ കേരളത്തിൽ അവതരിപ്പിക്കും. വയോജന സൗഹൃദ സംസ്ഥാനം, ഭിന്ന ശേഷി കുട്ടികൾക്ക് സ്റ്റേജിൻ്റെ സംരക്ഷണം, തുടങ്ങി ക്ഷേമ പദ്ധതികൾ നടപ്പിലാക്കും പ്രകൃതിയും, മനുഷ്യനും, പരസ്പര പൂരകമായി വർത്തിക്കുന്ന വികസന മാതൃക നടപ്പിലാക്കുമെന്നാണ് നവകേരള രേഖയിൽ പറയുന്നത്.
ഇന്ന് രാവിലെയാണ് സിപിഐഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. കോടിയേരി ബാലകൃഷ്ണൻ നഗറിൽ എകെ ബാലൻ പതാക ഉയർത്തിയത്. പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. 3842 ബ്രാഞ്ച് സമ്മേളനങ്ങളും, 2444 ലോക്കൽ സമ്മേളനങ്ങളും, 210 ഏരിയാ സമ്മേളനങ്ങളും, 14 ജില്ലാ സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് മൂന്ന് പതിറ്റാണ്ടിനുശേഷം കൊല്ലത്ത് സിപിഐഎം കേരള ഘടകത്തിൻ്റെ സംസ്ഥാന സമ്മേളനത്തിന് കൊടിയേറിയത്.
ഏഴ് വർഷം കൊണ്ട് അത് നവ ഫാഷിസ്റ്റ് സവിശേഷതകൾ കാട്ടിത്തുടങ്ങുന്ന രൂപത്തിലേക്ക് മാറിയെന്നാണ് പാർട്ടി വിലയിരുത്തുന്നത്. ബി ജെ പി ക്കെതിരെയുള്ള പോരാട്ടത്തിന് കോൺഗ്രസ്സിന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് കാരാട്ട് പറഞ്ഞു. സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിക്കുന്ന നയരേഖ പാർട്ടിയുടെ ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിനായുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ വ്യക്തമാക്കി. തുടർ ഭരണത്തിന് അനുകൂലമായ സാധ്യതയാണ് കേരളത്തിൽ ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.